തിരുവനന്തപുരം
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഒക്ടോബർ 11ന് പഞ്ചാബിനെ നേരിടും. സീസണിലെ ആദ്യമത്സരം തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് സ്‌റ്റേഡിയത്തിലാണ്. പരിശീലനക്യാമ്പ് തിങ്കളാഴ്‌ച തുമ്പയിൽ തുടങ്ങും. മുൻ ഇന്ത്യൻ താരം അമയ് ഖുറാസിയയാകും പുതിയ കോച്ച്.
ഖുറാസിയ ഇന്ത്യക്കായി 12 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. മധ്യപ്രദേശിനായി 119 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കിറങ്ങി. ഇടംകൈയൻ ബാറ്ററും സ്‌പിൻ ബൗളറുമായിരുന്നു അമ്പത്തിരണ്ടുകാരൻ. മുൻ ഇന്ത്യൻ താരവും മുംബൈയുടെ പരിശീലകനുമായ സമീർ ദിഗേയുടെ പേരും സജീവമായി ഉണ്ടായിരുന്നു. നിലവിലെ പരിശീലകൻ എം വെങ്കിട്ടരമണയുടെ കരാർ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ആളെ തേടിയത്.
മുൻ ഓസ്ട്രേലിയൻ പേസർ ഷോൺ ടെയ്‌റ്റ് ഉൾപ്പെടെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, വിദേശപരിശീലകരെ ഇത്തവണ പരിഗണിക്കേണ്ടെന്ന നിലപാടാണ് ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ചത്. ശ്രീലങ്കയെ ലോകകപ്പ് ചാമ്പ്യൻമാരാക്കിയ ഡേവ് വാട്ട്‌മോർ രണ്ട് സീസണിൽ കേരളത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. 2018–-19 സീസണിൽ സെമിയിലെത്തിക്കാനും സാധിച്ചു. മധ്യപ്രദേശ്, ബംഗാൾ, കർണാടകം, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നിവർ ഉൾപ്പെട്ട എലീറ്റ് ഗ്രൂപ്പ് ‘സി’യിലാണ് കേരളം. കഴിഞ്ഞ സീസണിൽ ഒരു ജയത്തോടെ ഗ്രൂപ്പിൽ നാലാംസ്ഥാനക്കാരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..