റോത്തക്ക്
ഹരിയാനയ്‌ക്കെതിരായ രഞ്‌ജിട്രോഫി ക്രിക്കറ്റിൽ കേരളം മികച്ചനിലയിൽ. ഒന്നാംദിവസം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റണ്ണെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹൻ കുന്നുമ്മലും (55) അക്ഷയ് ചന്ദ്രനും (51) അർധസെഞ്ചുറി നേടി.
മോശം കാലാവസ്ഥയെ തുടർന്ന് വൈകി ആരംഭിച്ച കളിയിൽ കേരളത്തിന് അക്കൗണ്ട് തുറക്കുംമുമ്പെ ഓപ്പണർ ബാബ അപരാജിതിനെ നഷ്‌ടമായി. അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്നാണ് സ്‌കോർ 100 കടത്തിയത്. ഈ സഖ്യം 91 റണ്ണടിച്ചു. 102 പന്തിൽ ആറ് ഫോർ ഉൾപ്പെടെയാണ് രോഹൻ 55 റണ്ണെടുത്തത്. കാലാവസ്ഥ മോശമായതിനാൽ കളി നേരത്തേ അവസാനിപ്പിക്കുമ്പോൾ 51 റണ്ണുമായി അക്ഷയ് ചന്ദ്രനും 24 റണ്ണുമായി സച്ചിൻ ബേബിയും ക്രീസിലുണ്ട്.
രഞ്ജിയിൽ കേരളത്തിനായി കൂടുതൽ റൺ നേടുന്ന താരമെന്ന നേട്ടം സച്ചിൻ സ്വന്തമാക്കി. രോഹൻ പ്രേമിന്റെ 5396 റണ്ണാണ് മറികടന്നത്. വത്സൽ ഗോവിന്ദ്, ആദിത്യ സർവാതെ, കെ എം ആസിഫ് എന്നിവർക്ക് പകരം ഷോൺ റോജർ, എൻ പി ബേസിൽ, എം ഡി നിതീഷ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയാണ് കേരളം ഇറങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..