പുണെ
‘തുടർച്ചയായി അയാളത് ചെയ്യുന്നു. പന്ത് നന്നായി തിരിച്ച്, വിക്കറ്റിനുനേർക്ക് എറിയുക. ലളിതമാണത്. എന്നാൽ, സ്ഥിരതയോടെ അങ്ങനെ പന്തെറിയുക എന്നത് കഠിനമാണ്. രവീന്ദ്ര ജഡേജ മനോഹരമായി അത് ചെയ്യുന്നു’–- ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയുടെ വാക്കുകൾ. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അജയ്യരായി മുന്നേറുന്ന ഇന്ത്യയുടെ വിജയഘടകങ്ങളിൽ പ്രധാനം ഈ ഇടംകൈയൻ ഓൾറൗണ്ടറാണ്. കഴിഞ്ഞ നാലു മത്സരങ്ങളിലും എതിരാളിയുടെ കോട്ട തകർക്കാൻ ക്യാപ്‌റ്റൻ രോഹിത് ശർമ നിയോഗിച്ചത് ജഡേജയെയാണ്. ബാറ്റർമാർ ക്രീസിൽ നിലയുറച്ച് വലിയ കൂട്ടുകെട്ടിന് ശ്രമിക്കുമ്പോഴെല്ലാം നിർണായകസമയത്ത് കൃത്യമായി അവതരിച്ചു. വിക്കറ്റെടുത്തും റൺ വിട്ടുകൊടുക്കാതെ സമ്മർദത്തിലാക്കിയും ഇന്ത്യയെ കളിയിൽ തിരികെയെത്തിച്ചു. ഓസ്‌ട്രേലിയക്കെതിരെ സ്റ്റീവൻ സ്‌മിത്തിനെയും മാർണസ് ലബുഷെയ്‌നെയും പുറത്താക്കി.
പാകിസ്ഥാനെതിരെ മധ്യഓവറുകളിൽ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും മെരുക്കി. ബംഗ്ലാദേശിനെതിരെ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഓപ്പണർ ലിറ്റൺ ദാസിനെ (66) മടക്കി. ഒപ്പം ക്യാപ്‌റ്റൻ നജ്‌മുൾ ഹുസൈൻ ഷാന്റോയെയും. ഇരുവരും ക്രീസിൽ പിടിച്ചുനിന്നിരുന്നെങ്കിൽ കളി മാറിയേനെ. ‘വിക്കറ്റെടുക്കുന്നതിൽമാത്രമല്ല ഒരു ബൗളറുടെ മിടുക്ക്. എതിർബാറ്ററെ എങ്ങനെ സമ്മർദത്തിലാക്കാമെന്നതിലും കാര്യമുണ്ട്. റൺ വിട്ടുകൊടുക്കാതെ വരിഞ്ഞുമുറുക്കിയാൽ അടുത്ത ഓവറിൽ അവർ വലിയ ഷോട്ടിന് ശ്രമിക്കും. ഇത് വിക്കറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഈ ലോകകപ്പിലെ നാലു കളിയിലും ഇന്ത്യയുടെ വിജയതന്ത്രം ജഡേജയുടെ ബൗളിങ്ങാണ്’– -മുൻ പരിശീലകനും താരവുമായ രവി ശാസ്‌ത്രിയുടെ നിരീക്ഷണം.
2022 ജൂലൈയ്‌ക്കുശേഷം നൂറ് ഓവറിൽ കൂടുതൽ പന്തെറിഞ്ഞ്, കുറഞ്ഞ റൺ വഴങ്ങിയ മൂന്നാമത്തെ ബൗളറാണ്. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസ്സനും മാത്രമാണ് മുന്നിൽ. ഒരു ഓവറിൽ 4.52 റൺമാത്രമാണ് ജഡേജ വിട്ടുകൊടുത്തത്. ഈ കാലയളവിൽ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും കഴിഞ്ഞാൽ ഏകദിനത്തിൽ ഇന്ത്യക്കായി കൂടുതൽ പന്തെറിഞ്ഞതും മറ്റാരുമല്ല. ഇടംകൈയൻ ബാറ്റർമാർക്കെതിരെയാണ് കൂടുതൽ മിടുക്ക്.
ഫീൽഡിങ്ങിലെ സജീവതയും കരുത്താണ്. ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ഫീൽഡറാണ് മുപ്പത്തിനാലുകാരൻ. ബംഗ്ലാദേശിനെതിരെ മുഷ്‌ഫിഖുർ റഹിമിനെ മിന്നുംക്യാച്ചിലൂടെയാണ് പുറത്താക്കിയത്. ഇത്തവണ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയിട്ടില്ല. ജഡേജ എന്ന ബാറ്ററിലും ഇന്ത്യക്ക് തികഞ്ഞ പ്രതീക്ഷയാണ്. 2019 ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ 59 പന്തിൽ 77 റണ്ണടിച്ച ജഡേജയെ ആരും മറന്നിട്ടില്ല.
ജഡേജ ലോകകപ്പിൽ
മത്സരം 4, ഓവർ 37.5, റൺ 142,
മെയ്‌ഡൻ 2, വിക്കറ്റ് 7, ശരാശരി 20.28
ഇക്കണോമി 3.75
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..