മാഡ്രിഡ്
സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ കിരീടപ്പോരാട്ടം മുറുകുന്നു. ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിലുള്ള അന്തരം രണ്ട് പോയിന്റായി കുറഞ്ഞു. റയൽ ബെറ്റിസിനോട് 2–-2ന് സമനില വഴങ്ങിയതാണ് ബാഴ്‌സയ്‌ക്ക് തിരിച്ചടിയായത്. ഒന്നാംസ്ഥാനത്ത് 17 കളിയിൽ 38 പോയിന്റാണ്. രണ്ടാമതുള്ള റയലാകട്ടെ ജിറോണയെ മൂന്ന് ഗോളിന് വീഴ്‌ത്തി. 16 മത്സരത്തിൽ 36 പോയിന്റായി. ബാഴ്‌സയേക്കാൾ ഒരുകളി കുറവാണ് എന്നതും റയലിന് ആത്മവിശ്വാസം പകരുന്നു.
എതിർത്തട്ടകത്തിൽ രണ്ടുവട്ടം ലീഡെടുത്തശേഷമാണ് ബാഴ്‌സ കുരുങ്ങിയത്. പരിക്കുസമയം അസാനെ ദിയാവോ ബെറ്റിസിനായി സമനില ഗോൾ നേടി. മറ്റൊന്ന് പെനൽറ്റിയിലൂടെ ജിയോവാനി ലോ സെൽസോ നേടി. ബാഴ്‌സയ്‌ക്കായി റോബർട്ട് ലെവൻഡോവ്‌സ്‌കിയും ഫെറാൻ ടോറസും ലക്ഷ്യംകണ്ടു. കഴിഞ്ഞ കളി തോറ്റെത്തിയ റയൽ ശക്തമായ തിരിച്ചുവരവ് നടത്തി. ജിറോണയ്‌ക്കതിരെ ജൂഡ് ബെല്ലിങ്‌ഹാം, ആർദ ഗുലെർ, കിലിയൻ എംബാപ്പെ എന്നിവർ ഗോളടിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..