24 November Sunday

കോടികൾ ഒഴുകുന്നു; ഋഷഭ്‌ പന്തിന്‌ 27 കോടി, ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ്‌ തുക

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ജിദ്ദ (സൗദി അറേബ്യ) > ഐപിഎൽ മെഗാ താരലേലത്തിൽ കോടികൾ ഒഴുകുന്നു. ലേലത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ ബാറ്റർ ഋഷഭ്‌ പന്തിന്‌ ലക്‌നൗ സൂപ്പർ ജയന്റ്‌സ്‌ ടീമിലെത്തിച്ചത്‌ 27 കോടി രുപയ്‌ക്ക്‌. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ്‌ തുകയാണിത്. മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ്‌ അയ്യറെ പൊന്നും വില നൽകി പഞ്ചാബ്‌ കിങ്‌സ്‌ ടീമിലെത്തിച്ചു. 26.5 കോടി രൂപയാണ്‌ ശ്രേയസിനായി പഞ്ചാബ്‌ മുടക്കിയത്‌. രാജസ്ഥാൻ വിട്ട ജോസ്‌ ബട്‌ലറെ 15.5 കോടി രൂപയ്‌ക്കും കഗീസോ റബാദയെ 10.75 കൊടിക്കും ഗുജറാത്ത്‌ ടീമിലെത്തിച്ചപ്പോൾ 11.75 കോടി മുടക്കി മിച്ചൽ സ്റ്റാർക്കിനെ ഡൽഹി സൈൻ ചെയ്തു.

ഇന്ത്യൻ പേസർ അർഷ്‌ദീപ്‌ സിങ്ങാണ്‌ താരലേലത്തിനായി എത്തിയ ആദ്യ താരം. ഈ ഇടംകയൻ പേസറെ 18 കോടി രൂപ മുടക്കി പഞ്ചാബ്‌ കിങ്‌സ്‌ തന്നെ നിലനിർത്തി. രണ്ട്‌ കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസും രംഗത്തെത്തിയെങ്കിലും 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെടുത്തു. എന്നാൽ ആർടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ്‌ താരത്തെ നിലനിർത്തുകയായിരുന്നു.

ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന താരലേലത്തിൽ 577 താരങ്ങളാണുള്ളത്‌.  രണ്ടാംതവണയാണ്‌ വിദേശത്ത്‌ ലേലം നടക്കുന്നത്‌. 18–-ാംസീസൺ ഐപിഎൽ മാർച്ച്‌ 14നാണ്‌ തുടങ്ങുക. മെയ്‌ 25നാണ്‌ ഫൈനൽ.

ഒരു ടീമിൽ 25 കളിക്കാരാണ്‌ വേണ്ടത്‌. അതിൽ എട്ട്‌ വിദേശികളെ ഉൾപ്പെടുത്താം. പത്തു ടീമുകളിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സുമാണ്‌ അനുവദനീയമായ ആറു കളിക്കാരെ നിലനിർത്തിയത്‌. ചെന്നൈ സൂപ്പർകിങ്സ്‌, മുംബൈ ഇന്ത്യൻസ്‌, ഗുജറാത്ത്‌ ടൈറ്റൻസ്‌, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ ടീമുകൾ അഞ്ചു കളിക്കാരെ നിലനിർത്തിയിട്ടുണ്ട്‌. രണ്ടുപേരെമാത്രം നിലനിർത്തിയ പഞ്ചാബ്‌ കിങ്‌സിന്‌ കളിക്കാരെ വാങ്ങാൻ 110.5 കോടി രൂപ ബാക്കിയുണ്ട്‌. ഋഷഭ്‌ പന്തിനെ നിലനിർത്താതിരുന്ന ഡൽഹി ക്യാപിറ്റൽസിൽ നാലുപേരാണുള്ളത്‌. റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു വിരാട്‌ കോഹ്‌ലി അടക്കം മൂന്നു കളിക്കാരെയാണ്‌ നിലനിർത്തിയത്‌. 83 കോടി രൂപ അവരുടെ പക്കലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top