അഡ്‌ലെയ്‌ഡ്
ക്യാപ്‌റ്റൻ കുപ്പായത്തിൽ ഏറ്റവും കഠിനകാലത്തിലാണ് ഇന്ത്യൻ ടീം നായകൻ രോഹിത് ശർമ. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ–-ഗാവസ്‌കർ ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിലെ കനത്ത തോൽവിയാണ് കാരണം. 14ന് ബ്രിസ്‌ബെയ്‌നിൽ നടക്കുന്ന മൂന്നാംടെസ്‌റ്റ് ക്യാപ്‌റ്റനെന്നനിലയിലും കളിക്കാരനെന്നനിലയിലും രോഹിതിന് വലിയ പരീക്ഷണമായിരിക്കും.
പെർത്തിൽ നേടിയ ആധികാരിക വിജയത്തിന്റെ എല്ലാ മുൻതൂക്കവും തകർക്കുന്നതായിരുന്നു അഡ്‌ലെയ്‌ഡിലെ തോൽവി. പെർത്തിൽ രോഹിതിന് പകരം ജസ്‌പ്രീത് ബുമ്രയായിരുന്നു നായകൻ. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത ആ ജയം പരമ്പരയിൽത്തന്നെ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നതായിരുന്നു. എന്നാൽ, അഡ്‌ലെയ്‌ഡിലെ പിങ്ക് പന്തിൽ ടെസ്‌റ്റിൽ കാര്യങ്ങൾ നേരെ തിരിഞ്ഞു. നാല് വർഷംമുമ്പ് ഇതേ സ്‌റ്റേഡിയത്തിൽ 36 റണ്ണിന് കൂടാരം കയറിയ തോൽവിയേക്കാൾ വേഗത്തിലായിരുന്നു ഇക്കുറി കാര്യങ്ങൾ അവസാനിച്ചത്. മൂന്നാംദിവസം ആദ്യഘട്ടത്തിൽത്തന്നെ കളി തീർന്നു.
സ്വാഭാവികമായും പഴി കൂടുതൽ കേൾക്കുക ക്യാപ്റ്റനാണ്. ക്യാപ്‌റ്റൻ കുപ്പായത്തിൽ ഒതുങ്ങുന്നതല്ല രോഹിതിന്റെ പരാജയം. ടെസ്‌റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് മുപ്പത്തേഴുകാരന്റേത്. അവസാന 12 ഇന്നിങ്‌സിൽ നേടിയത് വെറും 142 റൺ. ഒരു അർധസെഞ്ചുറി മാത്രം. അഡ്‌ലെയ്‌ഡിൽ 3, 6 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഓപ്പണിങ് സ്ഥാനംവിട്ട് ആറാംനമ്പറിലാണ് രണ്ടാംടെസ്‌റ്റിൽ ഇറങ്ങിയത്.
ക്യാപ്‌റ്റൻ എന്ന രീതിയിൽ എടുത്ത പല തീരുമാനങ്ങളും പാളി. ആക്രമണോത്സുകതയില്ല എന്നതാണ് പ്രധാന ആരോപണം. കാൻബെറയിലെ പരിശീലന മത്സരത്തിലും അഡ്‌ലെയ്‌ഡിലെ പരിശീലനത്തിലും പിങ്ക് പന്തിൽ തിളങ്ങിയ ആകാശ് ദീപിനെ രണ്ടാംടെസ്‌റ്റിൽ പരിഗണിക്കാത്ത തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു. പെർത്തിൽ അരങ്ങേറിയ ഹർഷിത് റാണയെ നിലനിർത്തണമെന്നായിരുന്നു ക്യാപ്‌റ്റന്റെ ആവശ്യം. ബൗളിങ് മാറ്റങ്ങളും ഫീൽഡിങ് നിയന്ത്രണവുമെല്ലാം പലപ്പോഴും ഉദ്ദേശിച്ച ഫലം കൊണ്ടുവന്നില്ല. അഡ്‌ലെയ്‌ഡിൽ ഓസീസ് പേസർമാർ മിന്നിയപ്പോൾ ഇന്ത്യ പൂർണമായും ജസ്‌പ്രീത് ബുമ്രയെ ആശ്രയിച്ചു. ഹർഷിത് തീർത്തും മങ്ങി. മുഹമ്മദ് സിറാജിനും പിന്തുണ നൽകാനായില്ല. വരുംമത്സരങ്ങളിൽ രോഹിതിന് ഈ പ്രശ്‌നങ്ങൾ വെല്ലുവിളി ഉയർത്തും.
ന്യൂസിലൻഡുമായുള്ള ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിൽ സ്വന്തം തട്ടകത്തിൽ സമ്പൂർണ തോൽവി വഴങ്ങിയത് ഇന്ത്യൻ ടീമിനെ ഏറെ ബാധിച്ചിരുന്നു. പ്രത്യേകിച്ചും രോഹിതിനെ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ അനായാസം ഉറപ്പിക്കാവുന്ന ഘട്ടത്തിലായിരുന്നു ഈ തോൽവി. നിലവിൽ അഞ്ച് കളിയിൽ നാല് തോൽവിയാണ് ടീമിന്. ഫൈനലിൽ കടക്കാനായില്ലെങ്കിൽ രോഹിത് ക്യാപ്‌റ്റൻ കുപ്പായത്തിൽ തുടരുമെന്ന് ഉറപ്പില്ല.
ക്യാപ്‌റ്റൻ കുപ്പായത്തിൽ ആകെ 22 മത്സരമാണ്. 12 ജയം. എട്ട് തോൽവി, രണ്ട് സമനില. ഇന്ത്യയിൽ 16 കളിയിൽ 10 ജയം, അഞ്ച് തോൽവി. ഒരു സമനില. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് ആറ് കളിയിൽ രണ്ടു ജയം മാത്രം. മൂന്ന് തോൽവി. ഒരു സമനില. കളിക്കാരനെന്നനിലയിൽ ടെസ്‌റ്റിൽ രോഹിതിന് പിടിച്ചുനിൽക്കാനാകുന്നില്ല. പ്രത്യേകിച്ചും വിദേശ പിച്ചുകളിൽ. ഓസ്‌ട്രേലിയയിൽ ആകെ 16 ഇന്നിങ്‌സിൽ 417 റൺ മാത്രമാണ് നേടാനായത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ടെസ്‌റ്റിൽ തിരിച്ചടിയാണ്. 22 ടെസ്‌റ്റിൽ 39 ഇന്നിങ്‌സുകളിലായി 1232 റൺ. ബാറ്റിങ് ശരാശരി 32.42. അവസാന ആറ് ടെസ്‌റ്റിൽ 11.83. ഉയർന്ന സ്‌കോർ 52. ക്യാപ്‌റ്റനായതിനുശേഷമാണ് ഈ പ്രകടനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..