22 December Sunday
അന്തരിച്ചത് അത്‌ലറ്റിക്‌സിലും ക്രോസ്‌ കൺട്രിയിലുമായി 
21 തവണ കലിക്കറ്റിനെ കിരീടത്തിലേക്ക്‌ നയിച്ച പരിശീലകൻ

‘കൈമൾ സാർ'
 പ്രിയപ്പെട്ട കോച്ച്‌

ജിജോ ജോർജ്‌Updated: Tuesday Aug 13, 2024

കലിക്കറ്റ് സർവകലാശാല അത്ലറ്റിക് ടീം പരിശീലകരായിരുന്ന ഡോ. എസ‍് എസ് കെെമളും (ഇടത്ത്) 
ഡോ. മുഹമ്മദ് അഷ്റഫും



തേഞ്ഞിപ്പലം(മലപ്പുറം)
ശിഷ്യരായിരുന്നു എസ് എസ് കൈമൾ എന്ന പരിശീലകന്റെ സമ്പത്ത്. അതിൽ വലിപ്പച്ചെറുപ്പമില്ല. ഒളിമ്പ്യന്മാരായ പി ടി ഉഷയും അഞ്ജു ബോബി ജോർജും എം ഡി വത്സമ്മയും പി രാമചന്ദ്രനും മേഴ്സി കുട്ടനുമൊക്കെ ആ കണ്ണിയിൽ ഉൾപ്പെടുന്നു. ഹൃദ്യമായ പെരുമാറ്റവും സ്നേഹത്തോടെയുള്ള ഇടപെടലുമായിരുന്നു അദ്ദേഹത്തെ എല്ലാവരുടെയും പ്രിയപ്പെട്ട ‘കൈമൾ സാർ' ആക്കിയത്. കലിക്കറ്റ് സർവകലാശാലയ്‌ക്കായി കൈവരിച്ച നേട്ടങ്ങൾ ഇനിയൊരു പരിശീലകന് സാധ്യമാകുമോയെന്ന് സംശയമാണ്.

അത്‌ലറ്റിക്‌സിലും (പുരുഷ, വനിത) ക്രോസ്‌ കൺട്രിയിലുമായി 21 തവണയാണ് കലിക്കറ്റ്‌ സർവകലാശാലയെ അഖിലേന്ത്യാതലത്തിൽ കിരീടത്തിലേക്ക്‌ നയിച്ചത്. കെ എൻ ശിവശങ്കരൻ കൈമൾ എന്ന എസ് എസ് കൈമൾ 1970 മുതൽ 2003 വരെ സർവകലാശാലയുടെ അത്‌ലറ്റിക്‌ പരിശീലകനായിരുന്നു. വിരമിച്ചശേഷവും പലഘട്ടങ്ങളിളും മുഖ്യപരിശീലകന്റെ കുപ്പായം സർവകലാശാല ഏൽപ്പിച്ചു. 2004, 2006, 2012, 2014 വർഷങ്ങളിൽ പരിശീലകനായിരുന്നു. അത്‌ലറ്റിക്‌സിൽ മാത്രമല്ല, യോഗയിലും പ്രാഗല്‌ഭ്യം ഉണ്ടായിരുന്നു. മുൻ കായികതാരമായ അദ്ദേഹം കലിക്കറ്റ്‌ സർവകലാശാലയിൽ ഹിസ്‌റ്ററിയിൽ ബിരുദാനന്ത ബിരുദം നേടിയശേഷമാണ്‌ കായിക പരിശീലനരംഗത്തേക്ക്‌ തിരിയുന്നത്‌. 1966ൽ പാട്യാല സ്‌പോർട്‌സ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ അത്‌ലറ്റിക്‌സ്‌ പരിശീലനത്തിൽ ഡിപ്ലോമ നേടിയാണ് രംഗത്തുവരുന്നത്‌.

1967ൽ നേവിയുടെ പരിശീലകനായി. തുടർന്ന്‌ ഒരുവർഷം സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിലിന്റെ പരിശീലകനായും പ്രവർത്തിച്ചു. തുടർന്ന്‌ 1970ൽ കലിക്കറ്റിൽ എത്തി. അന്നു തുടങ്ങിയ ശിഷ്യസമ്പത്ത് മരണംവരെയും കൂടുകയല്ലാതെ കുറഞ്ഞില്ല. സാറാമ്മയും ലിജോ ഡേവിഡ്‌ തോട്ടാനും പി ജെ അഗസ്‌റ്റസും  സുഭാഷ്‌ ജോർജും അതിൽ ഉൾപ്പെടുന്നു.

1989ൽ അണ്ണാമലെെ സർവകലാശാലയിൽനിന്ന്‌ എംപിഎഡ്‌ ഒന്നാംറാങ്കോടെ പാസായ അദ്ദേഹം കായിക വിദ്യാഭ്യാസത്തിൽ തമിഴ്‌നാട്‌ സർവകലാശാലയിൽനിന്ന്‌ പിഎച്ച്‌ഡി നേടി. വിവിധ ആനുകാലികങ്ങളിലായി നൂറ്റിപ്പത്തിലധികം കായിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സംസ്ഥാന അത്‌ലറ്റിക്‌സ്‌ കോച്ചസ്‌ അസോസിയേഷൻ രക്ഷാധികാരി, സംസ്ഥാന യോഗ അസോസിയേഷൻ രക്ഷാധികാരി, യോഗ അസോസിയേഷൻ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top