15 November Friday

കേരള സച്ചിൻ ; കേരള ക്രിക്കറ്റ് ലീഗിലും താരമായി മുപ്പത്തഞ്ചുകാരൻ

എസ്‌ കിരൺബാബുUpdated: Friday Sep 20, 2024

കെസിഎൽ ഫെെനലിനുശേഷം 
സച്ചിൻ ബേബിയെ മോഹൻലാൽ അഭിനന്ദിക്കുന്നു / ഫോട്ടോ: എ ആർ അരുൺരാജ്


തിരുവനന്തപുരം
നമുക്കും ഒരു സച്ചിനുണ്ടെന്ന്‌ അഭിമാനത്തോടെ പറയാം. കേരള ക്രിക്കറ്റിൽ ഒന്നരപ്പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുകയാണ്‌ സച്ചിൻ ബേബി. പ്രായം വെറുമൊരു അക്കമാണെന്ന്‌ ഓർമിപ്പിച്ച്‌ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലും (കെസിഎൽ) താരമായി മുപ്പത്തഞ്ചുകാരൻ. 12 കളിയിൽ 528 റണ്ണടിച്ച്‌ മികച്ച ബാറ്ററായി. രണ്ട്‌ സെഞ്ചുറിയും മൂന്ന്‌ അർധസെഞ്ചുറിയും. 41 ഫോറും 29 സിക്‌സറും നിറഞ്ഞ കളി.

കഴിഞ്ഞ രണ്ടു വർഷവും ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ രണ്ടാംസ്ഥാനത്തായിരുന്നു ഇടുക്കി അടിമാലി സ്വദേശി. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളിൽ തുടർച്ചയായി മികവുതെളിയിച്ച ഇടംകൈയൻ ബാറ്ററുടെ ദുലീപ് ട്രോഫി അരങ്ങേറ്റത്തിനും കഴിഞ്ഞ സീസൺ സാക്ഷിയായി. ലീഗ്‌ ജേതാക്കളായ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സിന്റെ ക്യാപ്‌റ്റനായ ‘കേരള സച്ചിൻ’ മനസ്സുതുറക്കുന്നു.

കെസിഎല്ലിനെക്കുറിച്ച് ?
നിരവധി പ്രതിഭകൾക്കാണ് കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചത്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിൽ തത്സമയം സംപ്രേഷണം ചെയ്തത്‌ നിർണായകമായി. ഐപിഎല്ലിൽ ഉൾപ്പെടെ കേരളത്തിലെ താരങ്ങൾക്ക് വലിയ അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലീഗ് സംഘടിപ്പിച്ച  കെഎസിഎയ്‌ക്കും പിന്തുണ നൽകിയ സംസ്ഥാന സർക്കാരിനും നന്ദി. ഐപിഎൽ മത്സരങ്ങൾക്ക് സമാനമായ ആവേശമാണ് ഗ്യാലറിയിൽ കണ്ടത്. കെസിഎൽ ബ്രാൻഡ് അംബാസഡർകൂടിയായ മോഹൻലാൽ ചേർത്തുപിടിച്ചതും അഭിനന്ദിച്ചതുമൊക്കെ മറക്കാനാകാത്ത നിമിഷമാണ്. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന അഭിനന്ദിച്ച് മെസേജ് അയച്ചു.

പ്രായം ഒന്നിനും തടസ്സമല്ല?
കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ചതോടെ, ദുലീപ് ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായംകൂടിയ താരങ്ങളിൽ ഒരാളെന്ന് നേട്ടം ലഭിച്ചു. കഠിനമായി പരിശ്രമിച്ചാൽ പ്രായം ഒരു വെല്ലുവിളിയല്ല.കഴിഞ്ഞവർഷത്തെ രഞ്ജി ട്രോഫി  മത്സരങ്ങളിൽ 83 ശരാശരിയിൽ നാലുവീതം സെഞ്ചുറിയും അർധസെഞ്ചുറിയുമടക്കം 830 റൺ നേടാനായി.വരുന്ന ഐപിഎല്ലിൽ ഉൾപ്പെടെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇപ്പോൾ രഞ്ജി ട്രോഫി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.
 
അവസരം ലഭിക്കുന്നുണ്ടോ?

ഇപ്പോൾ ‌നിരവധി അവസരങ്ങളുണ്ടെങ്കിലും  മുമ്പ് പലർക്കും ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞിരുന്നില്ല. നിരവധി താരങ്ങൾ കളി നിർത്തി വിദേശത്ത് ജോലിക്ക് പോയിട്ടുണ്ട്. ഞാൻ കേരള ടീമിൽ വർഷങ്ങളായി കളിക്കുന്നു. എന്നാൽ, കളി തത്സമയം സംപ്രേഷണം ചെയ്യാത്തതിനാൽ പലപ്പോഴും പ്രകടനം വിലയിരുത്തപ്പെടാറില്ല. ഇനി ആർക്കും അത്തരമൊരു അവസ്ഥ വരില്ലെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top