മുംബൈ> ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലമെഡിൽ സമ്മാനിച്ച് വിരമിക്കുന്ന മലയാളി ഗോൾകൂപ്പർ പി ആർ ശ്രീജേഷിനെ വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ‘അടിപൊളി പി ആർ ശ്രീജേഷ് 'എന്ന് മലയാളിത്തിലെഴുതിയ കുറിപ്പോടെയാണ് സച്ചിൻ ശ്രീജേഷിനെ അഭിനന്ദിച്ചത്.
'അടിപൊളി പി ആർ ശ്രീജേഷ്... വർഷങ്ങളായി നിങ്ങൾ ഗോൾപോസ്റ്റിന് മുന്നിൽ പൂർണ ഹൃദയത്തോടെ നിലകൊണ്ടു. ഹോക്കിയോടുള്ള സമർപ്പണവും പ്രതിബദ്ധതയും ആവേശവും സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്സിൽ ബ്രിട്ടനെതിരായ മത്സരം എങ്ങനെ മറക്കാനാകും. 10 പേരുമായി നമ്മൾ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം കയ്യടിക്കേണ്ടത് തന്നെയാണ്. നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഹോക്കിക്ക് വലിയ നേട്ടങ്ങളുണ്ടാക്കി കൊടുത്തു. ത്യാഗങ്ങൾക്ക് നന്ദി. ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് എല്ലാവിധ ആശംസകളും.''- സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
എറണാകുളം കിഴക്കമ്പലത്തുനിന്നെത്തി ഇന്ത്യൻ ഹോക്കിയുടെ തലപ്പത്തെത്തിയ ശ്രീജേഷിന്റെ ജീവിതം ഓരോ കായികതാരത്തിനും പ്രചോദനമാണ്. കേരളംപോലെ ഹോക്കിക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത നാട്ടിൽനിന്നെത്തി രണ്ടുപതിറ്റാണ്ടുകാലം ദേശീയ ടീമിനായി കളിക്കാൻ കഴിഞ്ഞ മറ്റൊരു കളിക്കാരനുമില്ല. കേരളത്തിന്റെ കായികചരിത്രത്തിൽ സമാനതകളില്ല.
ശ്രീജേഷിന്റെ ആദ്യ ഒളിമ്പിക്‌സ് 2012ൽ ലണ്ടനിലാണ്. 2016 റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ക്യാപ്‌റ്റനായി. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. ഇന്ത്യക്കായി 2006ൽ അരങ്ങേറി. 336 തവണ ഇന്ത്യൻ കുപ്പായമണിഞ്ഞു. തിരുവനന്തപുരം ജിവി രാജാ സ്‌പോർട്‌സ് സ്‌കൂളിൽനിന്ന് ആരംഭിച്ച ഹോക്കി ജീവിതം ഇന്ന് പാരിസിൽ എത്തിയതിനുപിന്നിൽ കഠിനാധ്വാനവും ആത്മസമർപ്പണവുമുണ്ട്. കൃഷിക്കാരനായിരുന്ന അച്ഛൻ പി വി രവീന്ദ്രൻ വീട്ടിലെ പശുവിനെ വിറ്റ് മകന് ഗോൾകീപ്പിങ് കിറ്റ് വാങ്ങിക്കൊടുത്തതിൽ തുടങ്ങുന്നു ആ ചരിത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..