24 November Sunday

ആ സിക്‌സറിന്‌ നന്ദി ; ഇന്ത്യൻ ടീമിലേക്ക്‌ വഴികാട്ടി

സ്വന്തം ലേഖകൻUpdated: Wednesday Aug 28, 2024

അമ്മ ശാരദയ്-ക്കും അച്ഛൻ സജീവനുമൊപ്പം സജന


കൽപ്പറ്റ
ഒരു സിക്‌സർ ഇന്ത്യൻ ടീമിലേക്ക്‌ വഴികാട്ടിയായെന്ന്‌ പറഞ്ഞാൽ സജനയുടെ കാര്യത്തിൽ അതിശയോക്തിയല്ല. ആ സിക്‌സർ പിറന്ന്‌ ആറ്‌ മാസം കഴിഞ്ഞിട്ടും അതിന്റെ ഫലം കിട്ടുന്നു. കഴിഞ്ഞ വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റ മത്സരത്തിലാണ്‌ അവസാന പന്തിൽ സിക്‌സറടിച്ച്‌ സജന സജീവൻ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചത്‌. നേരിട്ട ഒറ്റപ്പന്ത്‌ സിക്‌സറിലേക്ക്‌ പറത്താനുള്ള ധൈര്യവും ആത്മവിശ്വാസവും ആർജവവും വഴിത്തിരിവായി. ലോകകപ്പ്‌ ടീം തെരഞ്ഞെടുപ്പിലും കുറഞ്ഞ പന്തിൽ ഫോറും സിക്‌സറും പറത്തുന്ന കരുത്തിനെ ഒഴിവാക്കാനായില്ല.  

ഐപിഎല്ലിനുശേഷം ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക, ഏഷ്യാകപ്പ്‌ ടീമിൽ ഉൾപ്പെട്ടെങ്കിലും കളിക്കാനുള്ള അവസരം കുറവായിരുന്നു. ഒമ്പത്‌ കളിയിൽ നാല്‌ ഇന്നിങ്സിലാണ്‌ ബാറ്റെടുത്തത്‌. ഒടുവിൽ ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയൻ പര്യടനത്തിലും തിളങ്ങാനായില്ല. ചതുർദിന മത്സരത്തിൽ രണ്ട്‌ ഇന്നിങ്സിലും പൂജ്യത്തിന്‌ പുറത്തായി. എന്നാൽ, കിട്ടുന്ന മൂന്നോനാലോ പന്തിൽ പരമാവധി റണ്ണടിക്കാനുള്ള സജനയുടെ കഴിവിലാണ്‌ സെലക്‌ഷൻ കമ്മിറ്റി വിശ്വാസമർപ്പിച്ചത്‌.
വയനാട്‌ ജില്ലയിലെ മാനന്തവാടിയിലെ ചൂട്ടക്കടവ്‌  ഗ്രാമത്തിൽനിന്നാണ്‌ വരവ്‌. അച്ഛൻ സജീവൻ ഓട്ടോ ഡ്രൈവറാണ്‌. അമ്മ ശാരദ മാനന്തവാടി നഗരസഭയിലെ സിപിഐ എം കൗൺസിലറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top