24 November Sunday

കഴിഞ്ഞു
 കാത്തിരിപ്പിന്റെ വരണ്ടകാലം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

image credit bcci facebook


ഹൈദരാബാദ്‌
ഒറ്റ സിക്‌സറിന്റെ അഴകല്ല കളിജീവിതം. സഞ്‌ജു സാംസൺ എന്ന ഇരുപത്തൊമ്പതുകാരന്‌ അത്‌ മറ്റാരെക്കാളും നന്നായി അറിയാം. ഏതാനും നിമിഷങ്ങളുടെ ആനന്ദക്കാഴ്‌ചയായിരുന്നു ക്രീസിൽ ഇതുവരെയും സഞ്‌ജു. പ്രത്യേകിച്ചും രാജ്യാന്തര കളത്തിൽ. എങ്കിലും ഒരുനാൾ ഉദിച്ചുയരുമെന്ന്‌ സഞ്‌ജുവിനായി ആർപ്പുവിളിച്ചവർ ഉറച്ചുവിശ്വസിച്ചു. പലകുറി നിരാശപ്പെണ്ടേിവന്നു. ഒടുവിൽ ഹൈദരാബാദിലെ രാജീവ്‌ ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തിൽ കാത്തിരിപ്പിന്റെ വരണ്ടകാലം അവസാനിച്ചു. ഇടർച്ച മാറി. അതുവരെ ഒതുക്കിവച്ചതെല്ലാം പൊട്ടിയൊഴുകി.

ഒരേസമയം മനോഹരവും മാരകവുമായ ഇന്നിങ്‌സ്‌. 47 പന്തിൽ 111 റൺ. 40 പന്തിൽ സെഞ്ചുറി. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ചുറി. ആദ്യത്തേത്‌ രോഹിത്‌ ശർമയുടെ പേരിലാണ്‌. 35 പന്തിലായിരുന്നു നേട്ടം. ഒരു ഇന്ത്യൻ വിക്കറ്റ‍് കീപ്പറുടെ ആദ്യ സെഞ്ചുറിയുമാണ്. എട്ട്‌ സിക്‌സറുകളായിരുന്നു സഞ്‌ജുവിന്റെ ഇന്നിങ്‌സിൽ. കരുത്തായിരുന്നില്ല അടിസ്ഥാനം. എല്ലാ ഷോട്ടുകൾക്കും വശ്യതയുണ്ടായിരുന്നു. മൈതാനത്തിന്റെ എല്ലാ മൂലയിലേക്കും തൊടുത്തു. കൈക്കുഴ സ്‌പിന്നർ റിഷാദ്‌ ഹുസൈനെ അഞ്ചെണ്ണത്തിനാണ്‌ ശിക്ഷിച്ചത്‌. പേസർ മുസ്‌താഫിസുർ റഹ്‌മാനെ ബാക്ക്‌ ഫൂട്ടിലേക്ക്‌ മാറി എക്‌സ്‌ട്രാ കവറിലേക്ക്‌ പറത്തിയ സിക്‌സറിൽ കമന്റേറ്റർമാർപോലും അമ്പരന്നു. താളം കണ്ടെത്തിയാൽ സഞ്‌ജുവിനെ തടയാൻ ഒരു പന്തേറുകാരനും കഴിയില്ലെന്ന്‌ ആ കളം വ്യക്തമാക്കി. അത്രയും ആയാസരഹിതമായിരുന്നു ഷോട്ടുകൾ.

എട്ട്‌ സിക്‌സറിനൊപ്പം 11 ഫോറുകളും ആ ഇന്നിങ്‌സിന്‌ സൗന്ദര്യം നൽകി. രണ്ടാം ഓവറിൽ ടസ്‌കിൻ അഹമ്മദിനെ തുടർച്ചയായി നാല് ഫോറുകൾ പായിച്ചാണ്‌ സഞ്‌ജു സൂചന നൽകിയത്‌. മഹെദിയെ ഫോർ പറത്തിയായിരുന്നു സെഞ്ചുറി. അടക്കിപ്പിടിച്ച അസ്വസ്ഥതകളെ ഉള്ളുതുറന്ന ചിരിയിൽ അവസാനിപ്പിച്ചുകളയുകയായിരുന്നു സഞ്‌ജു. ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്റെ ആലിംഗനത്തിൽ എല്ലാമുണ്ടായിരുന്നു. ‘എനിക്ക്‌ വേണ്ടത്‌ പേടിയില്ലാത്ത കളിക്കാരെയാണ്‌. നിങ്ങൾ 49ലോ 99ലോ നിൽക്കട്ടെ, അപ്പോഴും ടീമിനായാണ്‌ കളിക്കുന്നത്‌ എന്ന മനോഭാവം ഉള്ളവർ’–- സൂര്യകുമാറിന്റെ വാക്കുകൾക്കുള്ള ഉത്തരമാണ്‌ സഞ്‌ജുവിന്റെ കളിജീവിതവും ഈ ഇന്നിങ്‌സും.

പ്രതിഭയോട്‌ നീതിപുലർത്താത്ത കളിക്കാരനെന്ന പേരുണ്ട്‌ സഞ്‌ജുവിന്‌. 2015ൽ ഒരു പുത്തൻ വാഗ്‌ദാനമെന്ന പേരിലായിരുന്നു ട്വന്റി20യിലെ തുടക്കം. അതിനുശേഷം 32 മത്സരങ്ങളിൽ മാത്രം കളിച്ചു. ഹൈദരാബാദിൽ ഇറങ്ങുംമുമ്പ്‌ 19.32 ശരാശരിയിൽ 483 റണ്ണായിരുന്നു ആകെ സമ്പാദ്യം. പ്രഹരശേഷി 132.69ഉം. പ്രതിഭകളുടെ വിളനിലമായ ഇന്ത്യയിൽ ഈ കണക്കുകൾ ഒരിക്കലും ഗുണകരമായിരുന്നില്ല.

രണ്ട്‌ കാരണങ്ങളായിരുന്നു സഞ്‌ജുവിന്റെ ഈ കണക്കുകൾക്ക്‌ കാരണം. ആദ്യത്തേത്‌, ഒരിക്കൽപ്പോലും തുടർച്ചയായ അവസരങ്ങൾ മലയാളിതാരത്തിന്‌ കിട്ടിയിരുന്നില്ല. രണ്ടാമത്തേത്‌ കിട്ടിയ അവസരങ്ങളിൽ തെളിയാനുമായില്ല. ഐപിഎല്ലിൽപ്പോലും പ്രതിഭയോട്‌ പൂർണമായും നീതിപുലർത്താനായിട്ടില്ല.
എന്നിരുന്നാലും കഴിഞ്ഞ ഐപിഎല്ലിൽ 531 റൺ നേടാനായതാണ്‌ കളിജീവിതത്തിൽ മാറ്റമുണ്ടാക്കിയത്‌. ട്വന്റി20 ലോകകപ്പിലേക്കുള്ള വഴിയൊരുക്കി ആ പ്രകടനം. ഋഷഭ്‌ പന്തായിരുന്നു പ്രധാന വിക്കറ്റ്‌ കീപ്പർ. സഞ്‌ജുവിന്‌ കളിക്കാൻ അവസരം കിട്ടിയില്ല. സിംബാബ്‌വെയുമായുള്ള അവസാന ട്വന്റി20യിൽ 45 പന്തിൽ 58 റണ്ണടിച്ചു. എന്നാൽ, ശ്രീലങ്കയുമായുള്ള പരമ്പരയിൽ തുടർച്ചയായ രണ്ട്‌ കളികളിൽ പൂജ്യത്തിന്‌ പുറത്തായി.

ഇനിയൊരു തിരിച്ചുവരവിന്‌ അവസരമില്ലെന്ന്‌ സഞ്‌ജു തിരിച്ചറിഞ്ഞു. പക്ഷേ, പുതിയ പരിശീലകൻ ഗൗതം ഗംഭീറിനും സഹപരിശീലകൻ അഭിഷേക്‌ നായർക്കും ക്യാപ്‌റ്റൻ സൂര്യകുമാറിനും ആ ഉദ്ദേശ്യമില്ലായിരുന്നു. ബംഗ്ലാദേശുമായുള്ള പരമ്പരയ്‌ക്ക്‌ മൂന്നാഴ്‌ച മുമ്പ്‌ അവർ സഞ്‌ജുവിന്‌ ഉറപ്പുനൽകി. ഓപ്പണറായി കളിക്കാൻ ഒരുങ്ങിക്കോളൂ എന്ന്‌.

അത്‌ ചരിത്രമായി. രാജസ്ഥാൻ റോയൽസ്‌ അക്കാദമിയിൽ കടുത്ത പരിശീലനത്തിനുശേഷം ടീമിലേക്ക്‌. ആദ്യ രണ്ട്‌ കളികളിൽ കിട്ടിയ തുടക്കം പാഴാക്കിയപ്പോൾ കഥ മാറില്ലെന്ന്‌ തോന്നിച്ചതാണ്‌. പക്ഷേ, കൊടുങ്കാറ്റ്‌ ഹൈദരാബാദിൽ രൂപംകൊള്ളുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top