ഡർബൻ> നൽകിയ അവസരങ്ങൾക്കും അർപ്പിച്ച വിശ്വാസത്തിനും സഞ്‌ജു സാംസന്റെ നന്ദി. വിമർശകർക്ക് മറുപടിയും ആരാധകർക്ക് മധുരവും. ഡർബനിൽ ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ മനോഹരപ്രകടനമാണ് സഞ്‌ജു പുറത്തെടുത്തത്. 50 പന്തിൽ 107 റൺ. പത്ത് സിക്‌സറും ഏഴ് ഫോറും. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിൽ നേടിയ മിന്നുന്ന സെഞ്ചുറിയുടെ തുടർച്ച. ട്വന്റി20യിൽ തുർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം. മത്സരത്തിൽ 61 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം. സഞ്‌ജു മാൻ ഓഫ് ദ മാച്ചായി.
2013ൽ രോഹിത് ശർമയുടെ കളിജീവിതം മാറിയതിന് സമാനമാണ് സഞ്‌ജുവിന്റെ ഇപ്പോഴത്തെ പ്രകടനം. 2007ൽ ട്വന്റി20യിൽ അരങ്ങേറ്റംകുറിച്ച രോഹിതിന് രാജ്യാന്തര ക്രിക്കറ്റിൽ കാര്യമായ ഇടംകിട്ടുന്നത് 2013 മുതലാണ്. അതുവരെ ബാറ്റിങ് നിരയിലെ പല സ്ഥാനങ്ങളിൽ ഇറങ്ങിയ രോഹിതിന് ആ വർഷമാണ് ഓപ്പണറുടെ കുപ്പായം സ്ഥിരമായി ലഭിക്കുന്നത്. പിന്നെ അതിന് മാറ്റമുണ്ടായില്ല.
കഴിഞ്ഞ 34 ഇന്നിങ്‌സുകളിൽ നാലു കളികളിൽമാത്രമാണ് സഞ്‌ജുവിന് ഓപ്പണറുടെ വേഷം കിട്ടിയത്. അതിനുമുമ്പുള്ള 30 കളികളിൽ പല സ്ഥാനങ്ങളിൽ ഇറങ്ങി. 2015ൽ അരങ്ങേറിയശേഷം ഒരിക്കൽപ്പോലും തുടർച്ചയായ അവസരങ്ങൾ കിട്ടിയിരുന്നില്ല. എന്നാൽ, ക്യാപ്‌റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും നൽകിയ പിന്തുണ സഞ്‌ജുവിനെ മറ്റൊരു താരമാക്കി മാറ്റുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..