കൊച്ചി
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്റെ ആദ്യമത്സരം കരുത്തരായ ഗോവയ്‌ക്കെതിരെ. ഡിസംബർ 15ന് ഹൈദരാബാദിലെ ഡെക്കാൻ അരീനയിലാണ് ഫൈനൽ റൗണ്ടിലെ അരങ്ങേറ്റം. 17ന് മേഘാലയെയും 19ന് ഒഡിഷയെയും 22ന് ഡൽഹിയെയും 24ന് തമിഴ്‌നാടിനെയും നേരിടും. ഗ്രൂപ്പ് ബിയിലാണ് കേരളം. ഗ്രൂപ്പ് എയിൽ നിലവിലെ ചാമ്പ്യൻമാരായ സർവീസസ്, ആതിഥേയരായ തെലങ്കാന, ബംഗാൾ, മണിപ്പുർ, ജമ്മു കശ്‌മീർ, രാജസ്ഥാൻ ടീമുകളാണ്. ഡിസംബർ 14ന് മണിപ്പുരും സർവീസസും തമ്മിലാണ് ഉദ്‌ഘാടനമത്സരം. ഫൈനൽ 31ന്.
പതിനെട്ടുദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആകെ 37 മത്സരങ്ങളാണ്. സെമിയും ഫൈനലും ഗച്ചിബൗളി സ്‌റ്റേഡിയത്തിലാണ്. ബാക്കിയെല്ലാം ഡെക്കാൻ അരീനയിൽ. ടർഫ് സ്--റ്റേഡിയമാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം മൂന്ന് കളിയാണ്. മത്സരസമയം പുറത്തുവന്നിട്ടില്ല. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടറിലെത്തും. 26, 27 ദിവസങ്ങളിലാണ് ക്വാർട്ടർ. സെമി മത്സരങ്ങൾ 29ന് അരങ്ങേറും. പുതുവത്സരത്തലേന്ന് കിരീടപ്പോരാട്ടവും.
ഏഴുവട്ടം ചാമ്പ്യൻമാരായ കേരളം അവസാന രണ്ട് സീസണിലും നിരാശരാണ്. 2022ൽ മലപ്പുറത്ത് കിരീടമുയർത്തിയശേഷം സന്തോഷമില്ല. അവസാന രണ്ടുതവണയും ക്വാർട്ടറിൽ കാലിടറി. കഴിഞ്ഞപ്രാവശ്യം അരുണാചൽപ്രദേശിൽ മിസോറമിനോട് ഷൂട്ടൗട്ടിൽ തോറ്റ് മടങ്ങുകയായിരുന്നു. ഇത്തവണ ബിബി തോമസിന്റെ നേതൃത്വത്തിൽ മികച്ച യുവനിരയുമായാണ് പുറപ്പാട്. ജി സഞ്‌ജു നയിക്കുന്ന സംഘത്തിൽ 15 പുതുമുഖങ്ങളാണ്.
കാസർകോട്ട് പരിശീലനം നടത്തുന്ന ടീം ഡിസംബർ രണ്ടുമുതൽ മംഗളൂരു യെന്നപ്പോയ സർവകലാശാലയിലേക്ക് ക്യാമ്പ് മാറ്റും. ഇതാദ്യമായാണ് സന്തോഷ് ട്രോഫിയുടെ കേരള ടീം സംസ്ഥാനത്തിന് പുറത്ത് പരിശീലനം നടത്തുന്നത്. ഏഴിന് കൊച്ചിയിൽ തിരിച്ചെത്തും. പിന്നീട് കേരള ബ്ലാസ്‌റ്റേഴ്‌സ് റിസർവ് ടീമായും എംജി സർവകലാശാല ടീമായും പരിശീലനമത്സരവും കളിക്കും. ഇതിനിടെ 22 അംഗ അന്തിമ ടീമിനെയും തെരഞ്ഞെടുക്കും. 11ന് ട്രെയിൻവഴി ഹൈദരാബാദിലേക്ക് പുറപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..