17 December Tuesday

ഗോൾമേളം തുടരാൻ ; സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് മേഘാലയയോട്

ബി എസ്‌ ശരത്‌Updated: Tuesday Dec 17, 2024

കേരള ടീം ഹൈദരാബാദിലെ ഖാനാപുർ സ്റ്റേഡിയം ഓഫ് ഹോപ്പിൽ പരിശീലനം നടത്തുന്നു /ഫോട്ടോ: മിഥുൻ അനില മിത്രൻ


ഹൈദരാബാദ്‌
ആദ്യമത്സരത്തിൽ ഗോവൻപരീക്ഷണം അതിജീവിച്ച കേരളത്തിനുമുന്നിൽ ഇന്ന്‌ മേഘാലയ. സന്തോഷ്‌ ട്രോഫി ഫുട്‌ബോളിലെ രണ്ടാംമത്സരത്തിൽ വടക്കുകിഴക്കൻ കരുത്തരായ മേഘാലയയെ മറികടന്നാൽ ഗ്രൂപ്പ്‌ ബിയിൽനിന്ന്‌ ക്വാർട്ടറിലേക്കുള്ള വഴി എളുപ്പമാകും. ഹൈദരാബാദിലെ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ രാത്രി 7.30നാണ്‌ മത്സരം. രാത്രി സമയങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത തണുപ്പ്‌ കേരളത്തിന്‌ വെല്ലുവിളിയാകും.

നിലവിലെ റണ്ണറപ്പായ ഗോവയെ 4–-3ന്‌ മറികടന്നത്‌ കേരളത്തിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്‌. 4–-1ന്‌ മുന്നിട്ടുനിന്നശേഷം കളിയവസാനം രണ്ടുഗോൾ വഴങ്ങിയത്‌ ആശങ്കയുണർത്തുന്നതാണ്‌. മികച്ച ഒത്തിണക്കത്തോടെ കുറിയ പാസുകളിലൂടെയും വിങ്ങുകൾ കേന്ദ്രീകരിച്ചുമായിരുന്നു ഗോവയ്‌ക്കെതിരെ കേരളം മുന്നേറിയത്‌. ടീമിൽ മാറ്റങ്ങളുണ്ടാകില്ല. വിങ്ങിൽ പരിചയസമ്പന്നനായ നിജോ ഗിൽബർട്ട്‌ തെളിയേണ്ടതുണ്ട്‌. മധ്യനിരയിൽ ക്രിസ്റ്റി ഡേവിസും നസീബ്‌ റഹ്മാനും ഒത്തിണക്കത്തോടെ പന്ത്‌ തട്ടിയതും മുന്നോട്ടുള്ള കളിയിൽ ഊർജമാകും. പ്രതിരോധനിരയിൽ ക്യാപ്‌റ്റൻ ജി സഞ്ജു മിന്നി. കാവൽക്കാരനായി എസ്‌ ഹജ്‌മൽ തുടരും.
ഗോവയ്‌ക്കെതിരെ മികച്ച കളിയാണ്‌ ടീം പുറത്തെടുത്തതെന്ന്‌ പരിശീലകൻ ബിബി തോമസ്‌ പറഞ്ഞു. ഗ്രൗണ്ടുമായി പരിചയപ്പെട്ടുവരുന്നതിനാൽ ആദ്യമത്സരം എപ്പോഴും കടുപ്പമായിരിക്കും. മൂന്നുഗോൾ വഴങ്ങിയത്‌ പരിശോധിക്കും. എതിർടീമിന്റെ മിടുക്കുകൊണ്ടല്ല, കേരള താരങ്ങളുടെ പിഴവ്‌ മുതലെടുത്താണ്‌ അവർ ലക്ഷ്യം കണ്ടത്‌. ഇത്‌ പരിഹരിക്കും. ടീമിൽ വലിയ മാറ്റത്തിന്‌ സാധ്യതയില്ല–- ബിബി പറഞ്ഞു.

തമിഴ്‌നാടുമായുള്ള ആദ്യമത്സരത്തിൽ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം രണ്ടാംപകുതി സമനില പിടിച്ചാണ്‌ മേഘാലയ എത്തുന്നത്‌. മധ്യനിരയിലെ  കരുത്തനും നായകനുമായ ഫുൾമൂൺ മുഖിം പെനൽറ്റി പാഴാക്കിയിരുന്നു. പ്രതിരോധത്തിലെ പിഴവും തിരിച്ചടിയായി. മുന്നേറ്റതാരം ഡൊണാൾഡ്‌ ഡീൻഡോയാണ്‌ ശ്രദ്ധേയ താരം.
ആദ്യകളിയിൽ രണ്ട്‌ ഗോൾ നേടിയ ധമാൻബലാങ്‌ ചിനേയും ഫോമിലാണ്‌. അച്ചടക്കമുള്ള വേഗമേറിയ കളിശൈലി കേരളത്തെ വെള്ളം കുടിപ്പിക്കും.

 

ചാമ്പ്യൻമാർ 
വിജയവഴിയിൽ
ആദ്യകളിയിലെ ഞെട്ടിക്കുന്ന തോൽവി മറന്ന്‌ മലയാളിക്കരുത്തിൽ നിലവിലെ ചാമ്പ്യൻമാരായ സർവീസസിന്റെ തിരിച്ചുവരവ്‌. ജമ്മു കശ്‌മീരിനെ നാല്‌ ഗോളിനാണ്‌ പട്ടാളടീം തകർത്തത്‌. പാലക്കാട്‌ മാപ്പിളക്കാട്‌ സ്വദേശിയായ രാഹുൽ രാമകൃഷ്‌ണനും പാലക്കാട്‌ സ്വദേശിയായ വി ജി ശ്രേയസും ലക്ഷ്യംകണ്ടു. രാഹുലാണ്‌ കളിയിലെ താരം.

11–-ാം മിനിറ്റിൽ ലേതെലാൻ ഖോങ്‌സയിയാണ്‌ ആദ്യഗോൾ നേടിയത്‌. 26–-ാം മിനിറ്റിൽ ശ്രേയസും 53–-ാം മിനിറ്റിൽ രാഹുലും കശ്‌മീർവലയിൽ പന്തെത്തിച്ചു. ബിദ്യാസാഗർ സിങ്‌ പട്ടിക തികച്ചു. നാളെ രാത്രി 7.30ന്‌ ആതിഥേയരായ തെലങ്കാനയുമായാണ്‌ സർവീസസിന്റെ അടുത്ത മത്സരം. ആദ്യ രണ്ട്‌ മത്സരവും തോറ്റ കശ്‌മീർ നാളെ രാവിലെ ഒമ്പതിന്‌ കരുത്തരായ മണിപ്പുരിനെ നേരിടും. തോറ്റാൽ കശ്--മീരുകാരുടെ ക്വാർട്ടർ സാധ്യതകൾ അപകടത്തിലാകും. രണ്ടാം മത്സരത്തിൽ ബംഗാൾ എതിരില്ലാത്ത മൂന്ന്‌ ഗോളിന്‌ തെലങ്കാനയെ പരാജയപ്പെടുത്തി. ആദ്യ രണ്ട്‌ കളിയും ജയിച്ച ബംഗാൾ ഗ്രൂപ്പ്‌ എയിൽ ഒന്നാമതാണ്‌. മണിപ്പുർ 2–1ന് രാജസ്ഥാനെ വീഴ്--ത്തി തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top