ഹൈദരാബാദ്
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ക്വാർട്ടർ ബർത്ത് ഉറപ്പിക്കാൻ കേരളം ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങുന്നു. രാവിലെ ഒമ്പതിന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ ഒഡിഷയെ നേരിടും. ആദ്യകളിയിൽ ഗോവയെയും രണ്ടാംമത്സരത്തിൽ മേഘാലയയെയും മറികടന്ന കേരളത്തിന് ഇന്ന് ജയിക്കാനായാൽ അവസാന എട്ടിൽ ഇടംപിടിക്കാം.
മേഘാലയയ്‌ക്കെതിരെ വിങ്ങുകൾ കേന്ദ്രീകരിച്ചാണ് കേരളം കളിമെനഞ്ഞത്. ഒഡിഷയ്‌ക്കെതിരെ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മുന്നേറ്റനിരയിൽ ഗനി അഹമ്മദ് നിഗം മികവിലേക്ക് ഉയരേണ്ടതുണ്ട്. ഗനി ആദ്യ പതിനൊന്നിൽ തുടർന്നേക്കും. മികച്ച ഫോമിലുള്ള മുഹമ്മദ് അജ്‌സലിലാണ് പ്രതീക്ഷ. ആദ്യകളിയിൽ ഒരുഗോൾ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്‌ത അജ്‌സൽ രണ്ടാംമത്സരത്തിലെ വിജയഗോളും നേടി. വിങ്ങുകളിൽ മുഹമ്മദ് റിയാസും നിജോ ഗിൽബർട്ടും തുടരും. മധ്യനിരയിൽ ക്രിസ്റ്റി ഡേവിസിന്റെ സ്ഥാനം ഉറപ്പാണ്. ആദ്യകളിയിൽ സമ്മർദത്തിന് അടിപ്പെട്ട് പിഴവുകൾ വരുത്തിയ പ്രതിരോധനിര മേഘാലയയ്‌ക്കെതിരെ ഒത്തിണക്കത്തോടെ പന്ത് തട്ടിയതും ആശ്വാസമാണ്. ടീമിൽ നിലവിൽ പരിക്കിന്റെ പ്രശ്‌നങ്ങളില്ല.
ബംഗാൾ ക്വാർട്ടറിൽ
ഗ്രൂപ്പ് എയിൽ തുടർച്ചയായ മൂന്നാംജയത്തോടെ ബംഗാൾ ക്വാർട്ടറിൽ കടന്നു. രാജസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. രബിലാൽ മാണ്ഡിയും നരോഹരി ശ്രേഷ്‌ഠയുമാണ് മുൻ ചാമ്പ്യൻമാർക്കായി ലക്ഷ്യംകണ്ടത്. നരോഹരിയുടെ നാലാം ഗോളാണ്. മറ്റൊരു മത്സരത്തിൽ മണിപ്പുരും ജമ്മു കശ്‌മീരും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. സർവീസസ് 3–1ന് തെലങ്കാനയെ തോൽപ്പിച്ചു.
ഇന്നത്തെ കളി
കേരളം x ഒഡിഷ (രാവിലെ 9)
ഡൽഹി x മേഘാലയ (ഉച്ചയ്‌ക്ക് 2.30)
ഗോവ x തമിഴ്‌നാട് (രാത്രി 7.30)
എസ്‌എസ്‌ഇഎൻ (SSEN) ആപ്പിൽ തത്സമയം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..