കോഴിക്കോട്
പുതുനിരയുമായി പുതിയ തുടക്കം. സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട് തേടി സ്വന്തംമണ്ണിൽ ഇറങ്ങുമ്പോൾ കേരളത്തിന്റെ ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല. അവസാന രണ്ട് സീസണികളിലെയും നിരാശ മായ്‌ക്കണം. എട്ടാംകിരീടം നാട്ടിൽ എത്തിക്കണം. ഈ ദൗത്യവുമായി ബിബി തോമസും പടയാളികളും കളത്തിലേക്ക്. എളുപ്പമല്ല കാര്യങ്ങൾ. ആദ്യം യോഗ്യതാ കടമ്പ കടക്കണം. ഇന്ന് ഗ്രൂപ്പിലെ കടുപ്പക്കാരും മുൻചാമ്പ്യൻമാരുമായ റെയിൽവേസാണ് എതിരാളി. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്‌ക്കാണ് നിർണായക പോരാട്ടം. രാവിലെ ഏഴരയ്‌ക്ക് ലക്ഷദ്വീപ്–-പുതുച്ചേരി മത്സരമുണ്ട്.
ഒരിടവേളയ്‌ക്കുശേഷം പുതുമുഖങ്ങളെ വിശ്വസിച്ചാണ് കേരളം ഇത്തവണ അണിനിരക്കുന്നത്. 22 അംഗ ടീമിൽ പതിനഞ്ചും അരങ്ങേറ്റക്കാർ. ക്യാപ്‌റ്റൻ ജി സഞ്‌ജുവും വൈസ് ക്യാപ്‌റ്റൻ എസ് ഹജ്‌മൽ, നിജോ ഗിൽബർട്ട്, കെ സൽമാൻ എന്നിവരാണ് പരിചയസമ്പന്നർ. നാലുപേരും 2022ലെ കിരീടവിജയത്തിൽ പങ്കാളികളായിരുന്നു. ഹജ്‌മലാകട്ടെ 2018ലെ ചാമ്പ്യൻ ടീമിന്റെ ഭാഗവുമായിരുന്നു. ഈ മാസം ആദ്യവാരം അവസാനിച്ച സൂപ്പർ ലീഗ് കേരളയിൽനിന്ന് 10 പേരുണ്ട്. കൊൽക്കത്തൻ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ റിസർവ് നിരയിലുള്ള അഞ്ച് താരങ്ങളും ഉൾപ്പെടുന്നു. വലിയ വേദികളിൽ കളിച്ച് പരിചയമുണ്ട് എല്ലാവർക്കും. ഇത് മുതൽക്കൂട്ടാകുമെന്നാണ് പരിശീലകൻ ബിബിയുടെ പ്രതീക്ഷ. ഐഎസ്‌എല്ലിലും ഐ ലീഗിലും മിന്നിയ ഗനി അഹമ്മദ് നിഗമാകും കേരളത്തിന്റെ തുരുപ്പുചീട്ട്. ആക്രമണങ്ങളുടെ കുന്തമുന ഈ ഇരുപത്താറുകാരനാകും.
ഗോൾവല കാക്കാൻ ഹജ്‌മൽ എത്തും. പ്രതിരോധഹൃദയത്തിൽ ക്യാപ്‌റ്റൻ സഞ്ജു–-എം മനോജ് കൂട്ടുകെട്ടാണ്. വലതുഭാഗത്ത് മുഹമ്മദ് റിയാസും ഉറപ്പാണ്. മധ്യനിരയിൽ സൽമാൻ, നസീബ് റഹ്‌മാൻ, മുഹമ്മദ് അർഷഫ്, നിജോ എന്നിവരും പ്രധാനികളാണ്. നിജോയ്‌ക്കും അർഷഫിനുമാകും വിങ്ങുകളുടെ ചുമതല. മുൻവശം ഗനിയും എത്തും. ഇ സജീഷ്, മുഹമ്മദ് അജ്‌സൽ, പതിനേഴുകാരൻ റിഷാദ് ഗഫൂർ എന്നിവരെല്ലാം അവസരം കാത്തിരിപ്പുണ്ട്. മികച്ച പകരക്കാരുടെ നിരയും കരുത്താകും.
അഗസ്‌റ്റോ ഡി സിൽവ പരിശീലിപ്പിക്കുന്ന റെയിൽവേസ് നിരയിൽ ആറ് മലയാളിതാരങ്ങളുണ്ട്. രാജ്യത്തെ വിവിധഭാഗങ്ങളിലെ മികച്ച കളിക്കാരുണ്ട് സംഘത്തിൽ. ഈ ബലത്തിൽ കേരളത്തെ കീഴടക്കാമെന്ന കണക്കുകൂട്ടലിലാണവർ.
ഗ്രൂപ്പ് എച്ച് ടീമുകൾ
കേരളം, റെയിൽവേസ്, ലക്ഷദ്വീപ്, പുതുച്ചേരി
മത്സരക്രമം
(കോഴിക്കാട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയം)
ഇന്ന് രാവിലെ 7.30– പുതുച്ചേരി x ലക്ഷദ്വീപ്
വെെകിട്ട് 3.30– കേരളം x റെയിൽവേസ്
വെള്ളി രാവിലെ 7.30– റെയിൽവേസ് x പുതുച്ചേരി
വെെകിട്ട് 3.30– കേരളം x ലക്ഷദ്വീപ്
ഞായർ രാവിലെ 7.30– ലക്ഷദ്വീപ് x റെയിൽവേസ്
വെെകിട്ട് 3.30– കേരളം x പുതുച്ചേരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..