ഹൈദരാബാദ്
സന്തോഷ് ട്രോഫിയിൽ എട്ടാംകിരീടം തേടിയുള്ള കേരളത്തിന്റെ യാത്ര നാളെ തുടങ്ങും. കരുത്തരായ ഗോവയുമായി രാവിലെ ഒമ്പതിന് ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിലാണ് പോരാട്ടം. കഴിഞ്ഞസീസണിൽ അരുണാചൽ പ്രദേശിൽ ഗോവയോടേറ്റ പരാജയത്തിന് മറുപടി പറഞ്ഞ് ടൂർണമെന്റിൽ മികച്ച തുടക്കമിടാനാണ് ബിബി തോമസും സംഘവും ശ്രമിക്കുക.
യോഗ്യതാ റൗണ്ടിൽ മൂന്ന് കളിയിലായി 18 ഗോൾ അടിച്ചുകൂട്ടിയതിന്റെ ആവേശം ടീമിനുണ്ട്. ഒരു ഗോളും വഴങ്ങാതിരുന്ന ക്യാപ്‌റ്റൻ ജി സഞ്ജു നയിക്കുന്ന പ്രതിരോധനിരയും ഫോമിലാണ്. ഗ്രൂപ്പ് മത്സരങ്ങൾക്കുശേഷം കാസർകോട്ടും മംഗലാപുരത്തുമായി മികച്ച മുന്നൊരുക്കം നടത്തിയാണ് ടീം ഹൈദരാബാദിലെത്തിയത്. വെള്ളിയാഴ്‌ച പെട്ര അക്കാദമിയുടെ സ്‌റ്റേഡിയം ഓഫ് ഹോപിൽ പരിശീലനം നടത്തിയ സംഘം ഇന്ന് രാവിലെയും പരിശീലനത്തിനിറങ്ങും.
ഗനി അഹമ്മദ് നിഗം, മുഹമ്മദ് അജ്‌സൽ, ഇ സജീഷ്, ടി ഷിജിൻ എന്നിവരടങ്ങുന്ന മുന്നേറ്റനിരയുടെ മികവ് കേരളത്തിന്റെ കിരീട സ്വപ്‌നങ്ങൾക്ക് നിറംപകരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ അഞ്ച് ഗോളടിച്ച കേരള പൊലീസ് താരം സജീഷ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരിചയസമ്പന്നരായ നിജോ ഗിൽബർട്ട്, വി അർജുൻ എന്നിവരുടെ സാന്നിധ്യം മധ്യനിരയ്‌ക്ക് കരുത്തേകും. ഗോൾവലയ്‌ക്കുമുന്നിൽ വൈസ് ക്യാപ്‌റ്റൻ എസ് ഹജ്‌മൽ എത്തും. കേരളത്തിന്റെ ബെഞ്ചും മികവുറ്റതാണ്. നിലവിൽ കളിക്കാരെല്ലാവരും പൂർണക്ഷമതയിലാണ്. പരിക്കിന്റെ പ്രശ്‌നങ്ങളില്ല.
കേരളത്തിന്റെ യുവനിരയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും കിരീടം നേടാനുള്ള കരുത്ത് ടീമിനുണ്ടെന്നും പരിശീലകൻ ബിബി തോമസ് പറഞ്ഞു. ആദ്യലക്ഷ്യം ക്വാർട്ടർ ബർത്താണ്–- ബിബി പറഞ്ഞു. ഗോവയുമായുള്ള ആദ്യമത്സരത്തിനുശേഷം മേഘാലയ, ഒഡിഷ, ഡൽഹി, തമിഴ്‌നാട് ടീമുകളെ കേരളം നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..