24 December Tuesday

ക്വാർട്ടറിൽ കശ്‌മീർ ; സന്തോഷ്‌ ട്രോഫിയിൽ കേരളം x കശ്മീർ പോരാട്ടം വെള്ളിയാഴ്ച

ബി എസ് ശരത്Updated: Tuesday Dec 24, 2024

കേരള ടീം ഹൈദരാബാദ് കൊക്കപ്പേട്ടിലെ താമസസ്ഥലത്ത് ഒരുക്കിയ ക്രിസ്മസ് ആഘോഷത്തിനിടെ കോച്ച് ബിബി തോമസ് ക്യാപ്റ്റൻ ജി സഞ്ജുവിന് കേക്ക് നൽകി ആഹ്ലാദം പങ്കിടുന്നു ഫോട്ടോ: മിഥുൻ അനില മിത്രൻ



ഹൈദരാബാദ്‌
സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ എട്ടാംകിരീടം ലക്ഷ്യമിടുന്ന കേരളം ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്‌മീരിനെ നേരിടും. നാലു തുടർജയവുമായി ഗ്രൂപ്പ്‌ ബിയിൽ ഒന്നാമതാണ്‌ കേരളം. ആദ്യ രണ്ടു മത്സരം തോറ്റ്‌ തുടങ്ങിയെങ്കിലും ഒരു സമനിലയും രണ്ടു തുടർജയവുമായാണ്‌ കശ്‌മീർ അവസാന എട്ടിൽ ഇടംപിടിച്ചത്‌. എ ഗ്രൂപ്പിൽ നാലാമതായാണ്‌ മുന്നേറ്റം. വെള്ളി പകൽ 2.30ന്‌ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിലാണ്‌ കളി.

വിങ്ങുകൾ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലൂടെയാണ്‌ കേരളത്തിന്റെ മുന്നേറ്റം. മുന്നേറ്റനിരയിൽ മുഹമ്മദ്‌ അജ്‌സൽ മികവ്‌ തുടർന്നാൽ കുതിപ്പ്‌ വേഗത്തിലാകും. മേഘാലയയുടെയും ഒഡിഷയുടെയും പ്രതിരോധനിരയെ നിഷ്‌പ്രഭമാക്കിയാണ്‌ അജ്‌സൽ ഗോളടിച്ചത്‌. മുഹമ്മദ്‌ റിയാസും നസീബ്‌ റഹ്മാനും മുഹമ്മദ്‌ മുഷറഫുമെല്ലാം ആദ്യകളികളിൽ തിളങ്ങി. മധ്യനിരയിൽ നിറഞ്ഞുകളിക്കുന്ന ക്രിസ്റ്റി ഡേവിസ്‌ എതിർമുന്നേറ്റങ്ങളുടെ മുനയൊടിക്കാനും മിടുക്കനാണ്‌. ഇതിനൊപ്പം പരിചയസമ്പന്നനായ നിജോ ഗിൽബർട്ട്‌ ഫോമിലേക്കുയർന്നത്‌ പ്രതീക്ഷ വാനോളം ഉയർത്തുന്നു. ക്യപ്‌റ്റൻ ജി സഞ്ജുവും എം മനോജും നയിക്കുന്ന പ്രതിരോധനിര കഴിഞ്ഞ മൂന്നു കളിയിലും ഗോൾ വഴങ്ങിയിട്ടില്ല. ഗോൾ വലയ്‌ക്കുമുന്നിൽ വൈസ്‌ ക്യാപ്‌റ്റൻ എസ്‌ ഹജ്‌മൽ തിളങ്ങുന്നു.

ബംഗാളിനോടും തുടർന്ന്‌ സർവീസസിനോടും തോറ്റാണ്‌ കശ്‌മീർ തുടങ്ങിയത്‌. പിന്നാലെ മണിപ്പുരിനെ സമനിലയിൽ തളച്ച ടീം തെലങ്കാനയെയും രാജസ്ഥാനെയും തകർത്താണ്‌ അവസാന എട്ടിലേക്ക്‌ മാർച്ച്‌ ചെയ്‌തത്‌. ക്യാപ്‌റ്റൻ ആക്കിഫ്‌ ജാവേദും അദ്‌നാൻ അയൂബും നയിക്കുന്ന മുന്നേറ്റനിര ഫോമിലേക്കുയർന്നത്‌ കേരളത്തിനുള്ള മുന്നറിയിപ്പാണ്‌.

ഗ്രൂപ്പ് എയിൽ ബംഗാൾ 1–0ന് സർവീസസിനെയും മണിപ്പുർ തെലങ്കാനയെയും  3–1നും തോൽപ്പിച്ചു. ബംഗാൾ (13 പോയിന്റ്), മണിപ്പുർ (11), സർവീസസ് (9), കശ്-മീർ (7) ടീമുകൾ ഗ്രൂപ്പിൽനിന്ന് അവസാന എട്ടിലെത്തി. രാജസ്ഥാനും തെലങ്കാനയും പുറത്തായി.

ഇന്ന്‌ തമിഴ്‌നാടിനോട്‌
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം ഇന്ന്‌ അയൽക്കാരായ തമിഴ്‌നാടിനെ നേരിടും. നാലു തുടർജയങ്ങളോടെ ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഇതിനോടകം ഉറപ്പിച്ചതിനാൽ മുൻ ചാമ്പ്യൻമാർക്ക്‌ സമ്മർദമില്ലാതെ പന്ത്‌ തട്ടാം. നാലു കളിയിൽ രണ്ട്‌ പോയിന്റുമാത്രമുള്ള തമിഴ്‌നാട്‌ ഏറ്റവും ഒടുവിലാണ്‌. ക്വാർട്ടറിലെത്താൻ കരുത്തരായ കേരളത്തെ മറികടന്നാൽമാത്രം പോരാ അവർക്ക്‌. മേഘാലയയുടെയും ഗോവയുടെയും മത്സരഫലത്തെക്കൂടി ആശ്രയിക്കണം. സൽമാൻ കള്ളിയത്ത്‌, ഗോൾ കീപ്പർമാരായ മുഹമ്മദ്‌ അസ്‌ഹർ, മുഹമ്മദ്‌ നിയാസ്‌ എന്നിവരൊഴികെ എല്ലാവരെയും പരിശീലകൻ ബിബി തോമസ്  കളത്തിലിറക്കി. തമിഴ്‌നാടിനെതിരെ പ്രധാന താരങ്ങളിൽ ചിലർക്ക്‌ വിശ്രമം അനുവദിച്ചേക്കുമെങ്കിലും വലിയ മാറ്റങ്ങൾക്ക്‌ സാധ്യതയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top