28 December Saturday
കശ്‌മീരിനെ 1–0ന്‌ മറികടന്നു , സെമിയിൽ മണിപ്പുർ

കുരുക്കഴിച്ച്‌ നസീബ്‌ ; കേരളം സന്തോഷ്‌ ട്രോഫി സെമിയിലേക്ക്‌ മുന്നേറി

ബി എസ് ശരത്Updated: Saturday Dec 28, 2024

ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ വിജയഗോൾ നേടിയ നസീബ് റഹ്--മാൻ ( ഇടത്തുനിന്ന് നാലാമത്) സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ ഫോട്ടോ / മിഥുൻ അനില മിത്രൻ


ഹൈദരാബാദ്‌
പതിവുതാളത്തിൽ മുന്നേറാനാകാതെ ജമ്മു കശ്‌മീരിനുമുന്നിൽ വിയർത്ത്‌ ജയിച്ച്‌ കേരളം. നോക്കൗണ്ടിന്റെ സമ്മർദം ബാധിച്ചമട്ടിൽ പന്ത്‌ തട്ടിയ മുൻ ചാമ്പ്യൻമാരെ കാര്യമായി പരീക്ഷിച്ചശേഷമാണ്‌ കശ്‌മീരുകാർ തോൽവി സമ്മതിച്ചത്‌. എതിർനിരയിൽ മികച്ചൊരു ഗോളടിക്കാരനില്ലാതിരുന്നതും കേരളത്തിന്‌ അനുഗ്രഹമായി. 72–-ാംമിനിറ്റിൽ നസീബ്‌ റഹ്‌മാനാണ്‌ വിജയഗോൾ നേടിയത്‌. സന്തോഷ്‌ ട്രോഫിയിൽ കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിലാണ്‌ കേരളം പുറത്തായത്‌.  പ്രതിരോധം ശക്തിപ്പെടുത്തിയാണ്‌ പരിശീലകൻ ബിബി തോമസ്‌ ഡെക്കാൻ അരീന ടർഫ്‌ ഗ്രൗണ്ടിൽ ടീമിനെ ഇറക്കിയത്‌. ആദ്യ 11ൽ മധ്യനിര താരം മുഹമ്മദ്‌ മുഷറഫിനുപകരം പ്രതിരോധതാരം മുഹമ്മദ്‌ അസ്ലമിനെ ഇറക്കി. രണ്ടു കളിയുടെ ഇടവേളയ്‌ക്കുശേഷം മുഹമ്മദ്‌ അജ്‌സൽ മുന്നേറ്റനിരയിൽ തിരിച്ചെത്തിയിട്ടും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. അജ്‌സലിനെ അനങ്ങാൻ വിടാതെ കശ്‌മീർ പ്രതിരോധതാരം ഏതർ ഇർഷാദ്‌ കെട്ടിയിട്ടു.

അമിതാവേശം കാട്ടാതെ പതിയെ കളിപിടിക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. ആദ്യപകുതിയുടെ തുടക്കത്തിൽ നസീബിന്റെ ഗോൾശ്രമം കശ്‌മീർ ഗോളി മജീദ്‌ അഹ്‌മദിന്റെ കൈയിൽ അവസാനിച്ചു. തൊട്ടുപിന്നാലെ ക്രിസ്റ്റി ഡേവിസിന്റെ പാസ്‌ സ്വീകരിച്ച്‌ അജ്‌സൽ നടത്തിയ മുന്നേറ്റവും ഫലംകണ്ടില്ല. മറുപടിയെന്നോണം കശ്‌മീർ ഗോളിനടുത്തെത്തി. ക്യാപ്‌റ്റൻ ആക്കിഫ്‌ ജാവേദിന്റെ പാസ്‌ സ്വീകരിച്ച്‌ ബോക്‌സിന്‌ തൊട്ടുമുന്നിൽനിന്ന്‌ താലിബ്‌ നാസിർ തൊടുത്ത കനത്ത ഷോട്ട്‌ ഗോൾപോസ്റ്റിൽ ഉരുമ്മി പുറത്തുപോയി. തൊട്ടുപിന്നാലെ നാസിറിനെ ജോസഫ്‌ ജസ്റ്റിൻ വീഴ്‌ത്തിയതിന്‌ ലഭിച്ച ഫ്രീകിക്കും കേരള ഗോൾമുഖത്ത്‌ അപകടം വിതച്ചു.
മുൻ കളികളിലെപ്പോലെ വിങ്ങുകൾ കേന്ദ്രീകരിച്ച്‌ മുന്നേറാൻ കേരളത്തിനായില്ല. ഇടതുവിങ്ങിൽ മുഹമ്മദ്‌ റിയാസ്‌ തീർത്തും നിറംമങ്ങിയതോടെ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു. നിജോ ഗിൽബർട്ടും താളംകണ്ടെത്താൻ വിഷമിച്ചു.

രണ്ടാംപകുതിയിൽ കേരളം ആക്രമണം കടുപ്പിച്ചു. ജോസഫ്‌ ജസ്റ്റിന്റെ ഷോട്ട്‌ ഗോളി തട്ടിത്തെറിപ്പിച്ചതിനുപിന്നാലെ നിജോയുടെ കനത്ത ഷോട്ട്‌ ഗോൾ പോസ്റ്റിന്‌ തൊട്ടുമുകളിലൂടെ പറന്നു. രണ്ടാംപകുതിയിൽ മുഹമ്മദ്‌ മുഷറഫും വി അർജുനും കളത്തിലെത്തിയതോടെ കേരളത്തിന്‌ പുതുജീവൻവച്ചു. 72–-ാംമിനിറ്റിൽ കേരളം കാത്തിരുന്ന നിമിഷമെത്തി. മുഹമ്മദ്‌ അർഷഫിൽനിന്ന്‌ ലഭിച്ച പന്തുമായി കുതിച്ച ജോസഫ്‌ ജസ്റ്റിൻ ബോക്‌സിൽ അർജുനെ ലക്ഷ്യമാക്കി തൊടുത്തു. അർജുൻ പന്ത്‌ നസീബിന്റെ കാലിലേക്ക്‌ കൃത്യമായി ഹെഡ്‌ ചെയ്‌തു. സമയം പാഴാക്കാതെ കനത്ത ഷോട്ടിലൂടെ നസീബ്‌ കേരളത്തെ സെമിയിലേക്ക്‌ നയിച്ചു. ഗ്രൗണ്ടിലിറങ്ങി ആദ്യ മിനിറ്റിൽത്തന്നെയായിരുന്നു അർജുന്റെ അസിസ്റ്റ്‌. 88–-ാംമിനിറ്റിൽ കേരളം വിറച്ചു.

ഷമീർ താരിഖിന്റെ കനത്ത ഷോട്ട്‌ ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക്‌ പോയി. തുടർന്ന്‌ കശ്‌മീർ നിരന്തരം ഇരച്ചുകയറിയെങ്കിലും ക്യാപ്‌റ്റൻ ജി സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര അപകടം ഒഴിവാക്കി.

ഏഴാംഗോളിൽ സെമി
ഗോളടിച്ചും അടിപ്പിച്ചും കേരളത്തെ സെമിയിലേക്ക്‌ നയിച്ച്‌ നസീബ്‌ റഹ്മാൻ. ആദ്യ സന്തോഷ്‌ ട്രോഫിക്കിറങ്ങിയ 22കാരൻ ഫൈനൽ റൗണ്ടിൽ നാല്‌ ഗോളടിച്ചു. ഗ്രൂപ്പ്‌ ഘട്ടത്തിൽ നേടിയ മൂന്നെണ്ണമടക്കം ഈ സീസണിൽ ആകെ ഏഴ്‌ ഗോളായി. ഒമ്പത്‌ ഗോൾ നേടിയ ബംഗാളിന്റെ റോബി ഹാൻസ്‌ദമാത്രമാണ്‌ നസീബിന്‌ മുന്നിലുള്ളത്‌. രണ്ട്‌ ഗോളിന്‌ അവസരവുമൊരുക്കിയ താരം ഫോം തുടർന്നാൽ എട്ടാം കിരീടവുമായി കേരളത്തിന്‌ ഹൈദരാബാദിൽനിന്ന്‌ തിരിക്കാം. പാലക്കാട്‌ മണ്ണാർക്കാട്ടുകാരനായ നസീബ്‌ ഈസ്റ്റ്‌ ബംഗാളിന്റെ മധ്യനിര താരമാണ്‌. അരീക്കോട്‌ എഫ്‌സിക്കായും പന്ത് തട്ടിയിട്ടുണ്ട്‌.യോഗ്യതാ റൗണ്ടിൽ ഉൾപ്പെടെ 29 ഗോളാണ് കേരളം അടിച്ചുകൂട്ടിയത്. വഴങ്ങിയത് നാലും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top