കൊച്ചി
സന്തോഷ് ട്രോഫി ഫുട്‌ബോൾ യോഗ്യതാമത്സരങ്ങൾ നവംബർ 20 മുതൽ 24 വരെ കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ച് പോരാട്ടങ്ങളാണ് നടക്കുക. റെയിൽവേസ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവയാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ചാമ്പ്യൻമാർ ഡിസംബറിൽ ഹൈദരാബാദിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. 12 ടീമുകളാണ് അന്തിമറൗണ്ടിൽ. കേരളത്തിന്റെ പരിശീലന ക്യാമ്പിന് നാളെ തുടക്കമാകും. 30 താരങ്ങളാണ് ആദ്യഘട്ടക്യാമ്പിൽ. കോർപറേഷൻ സ്‌റ്റേഡിയത്തിലാണ് പരിശീലനം.
2023ലാണ് കോഴിക്കോട്ട് അവസാനമായി സന്തോഷ് ട്രോഫി നടന്നത്. അന്നും യോഗ്യതാറൗണ്ടായിരുന്നു. ഏഴുതവണ ചാമ്പ്യൻമാരായ കേരളത്തിന് അവസാന രണ്ട് സീസണിലും സെമി കാണാനായിട്ടില്ല. ഇത്തവണ എട്ടാംകിരീടം ലക്ഷ്യമിട്ടാണ് തയ്യാറെടുപ്പ്. ബിബി തോമസാണ് പരിശീലകൻ. ഹാരി ബെന്നി സഹപരിശീലകനും. എം വി നെൽസൺ ഗോൾകീപ്പർ കോച്ചുമാണ്. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുത്തവരും കേരള പൊലീസിൽനിന്നുള്ള താരങ്ങളുമാണ് ആദ്യഘട്ട ക്യാമ്പിൽ. വൈകാതെ ഇത് വിപുലീകരിക്കും.
സൂപ്പർലീഗ് കേരള നവംബർ പത്തിന് കഴിഞ്ഞാലുടൻ ലീഗിൽനിന്നുള്ള പ്രധാന താരങ്ങളും ചേരും. ഈ ഘട്ടത്തിൽ ആദ്യസംഘത്തിലുള്ള ചിലരെ ഒഴിവാക്കുകയും ചെയ്യും. സൂപ്പർലീഗിൽ മിന്നുന്ന പ്രധാന കളിക്കാരെല്ലാം ഇത്തവണ കേരള നിരയിലുണ്ടാകുമെന്നാണ് സൂചന. ഗനി അഹമ്മദ് നിഗം, അബ്‌ദുൾ ഹക്കു, അർജുൻ ജയരാജ് തുടങ്ങി ഐഎസ്‌എല്ലിലും ഐ ലീഗിലും കളിച്ച് പരിചയമുള്ള താരങ്ങൾ ഇത്തവണ ലഭ്യമാണ്. അതിനാൽ പരിചയസമ്പന്നരായ കരുത്തുറ്റനിരയെ പ്രതീക്ഷിക്കാം. മുഖ്യപരിശീലകനായ ബിബി തോമസ് കലിക്കറ്റ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചുകൂടിയാണ്. നവംബർ 18നുള്ളിൽ അന്തിമടീമിനെ പ്രഖ്യാപിക്കും.
പരിശീലന ക്യാമ്പിലുള്ള
താരങ്ങൾ:
ഗോൾ കീപ്പർമാർ–-മുഹമ്മദ് അനസ്, അൻഹിനവ്, പി കെ ശുഹൈബ്, മുഹമ്മദ് ഇഖ്‌ബാൽ, മുഹമ്മദ് ആസിഫ്.
പ്രതിരോധം–-വിബുൽ വേലായുധൻ, യാഷിൻ മാലിക്, എം സഫ്‌വാൻ, ബിബിൻ തോമസ്, എസ് ഷിനു, ജിതു കെ റോബി, ടി എൻ അഫ്‌നാസ്, സച്ചിൻ സുനിൽ, എസ് ജെ ഷെയ്‌ൻ.
മധ്യനിര–-അസ്ലം അമനുള്ള, ഫർസാദ് അബ്‌ദു, വി പി വിഷ്‌ണുപ്രകാശ്, നിതിൻ വിൽസിൻ, അർജുൻ കലാധരൻ, നെറ്റോ ബെന്നി, എ ദിപിൻ, മുഹമ്മദ് ഷിഹാസ്, യു ജ്യോതിഷ്.
മുന്നേറ്റം–-സി ജേക്കബ്, പി നസീഫ്, എസ് സെബാസ്റ്റ്യൻ, കെ മഹേഷ്, കെ അതുൽ, ആന്റണി പൗലോസ്, ബേബ്‌ൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..