ഹൈദരാബാദ്
സന്തോഷ് ട്രോഫി ഫുട്‌ബോൾ സെമിയിൽ മണിപ്പുരിനെ മറികടക്കാൻ സർവസന്നാഹവുമായി കേരളം. ഇന്ന് രാത്രി 7.30ന് ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് കളി. ടർഫ് ഗ്രൗണ്ടിൽനിന്ന് സ്വാഭാവിക പുൽമൈതാനത്തേക്ക് മത്സരം മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്. ജമ്മു കശ്‌മീർ ഒരുക്കിയ പ്രതിരോധക്കോട്ട നസീബ് റഹ്മാന്റെ ഏക ഗോളിൽ മറികടന്നാണ് കേരളം അവസാന നാലിലേക്ക് കുതിച്ചത്. കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിൽ പുറത്തായ കേരളം 78–-ാമത്തെ പതിപ്പിൽ 16–-ാം ഫൈനലാണ് ലക്ഷ്യമിടുന്നത്. ഏഴുതവണ ജേതാക്കളായപ്പോൾ എട്ടുതവണ റണ്ണറപ്പായി. 2022ൽ മലപ്പുറം മഞ്ചേരിയിലാണ് അവസാന കിരീടം.
ഒരേസമയം പ്രതിരോധവും ആക്രമണവും പുറത്തെടുക്കുന്ന മണിപ്പുരിനെ മറികടന്ന് മുന്നേറാൻ ക്യാപ്‌റ്റൻ സഞ്ജുവും കൂട്ടരും ഏറെ വിയർപ്പൊഴുക്കേണ്ടിവരും. പ്രധാന സ്‌ട്രൈക്കർ ഗനി അഹമ്മദ് നിഗം പരിക്കിൽനിന്ന് മുക്തനാകാത്തതും കഴിഞ്ഞ കളിയിൽ മുഹമ്മദ് അജ്‌സൽ നിറംമങ്ങിയതും ആശങ്കയാണ്. ചെറിയ പനി ബാധിച്ച മുതിർന്ന താരം നിജോ ഗിൽബർട്ട് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. എന്നാൽ, സെമിയിൽ നിജോയുണ്ടാകും.
ശാരീരികക്ഷമതയിൽ ഏറെ മുന്നിലുള്ള മണിപ്പുരിനെതിരെ തുടക്കത്തിൽ സ്‌കോർ ചെയ്‌ത് മത്സരം വരുതിയിലാക്കാനാകും ശ്രമിക്കുക. കളി അധികസമയത്തേക്ക് നീണ്ടാൽ തിരിച്ചടിയായേക്കും. പെനൽറ്റി ഷൂട്ടൗട്ടിന് പ്രത്യേക പരിശീലനം നടത്തിയാണ് കേരളം ഇറങ്ങുന്നത്. ചെറിയ പാസുകളിലൂടെ വേഗത്തിലുള്ള കളിയാണ് മണിപ്പുരിന്റെ പ്രത്യേകത. മുഴുവൻസമയവും ഒരേവേഗത്തിൽ കളിക്കാൻ സാധിക്കുന്നതാണ് കരുത്ത്. ക്വാർട്ടറിൽ അധികസമയത്ത് ഡൽഹി വലയിൽ മൂന്നുതവണ പന്തെത്തിച്ചാണ് വടക്കുകിഴക്കൻകാരുടെ വരവ്. വേഗംകൊണ്ട് എതിർ പ്രതിരോധനിരയിൽ വിള്ളലുണ്ടാക്കിയാണ് സെമിയിലേക്ക് മുന്നേറിയത്.
മറ്റു ടീമുകളേക്കാൾ വേഗമുള്ള കളിശൈലിയാണ് മണിപ്പുരിന്റേത്. ഒരേസമയം പ്രതിരോധവും ആക്രമണവും പുറത്തെടുക്കുന്ന എതിരാളികൾക്കെതിരെ മത്സരം കടുക്കും. മണിപ്പുരിനെ മറികടക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്.
ബിബി തോമസ് (കേരള കോച്ച്)
ആക്രമണത്തിൽ ഊന്നിയുള്ള കളി പുറത്തെടുക്കും. ശക്തരായ കേരളത്തിന്റെ കളിശൈലി മനസ്സിലാക്കിയാണ് ഒരുക്കം നടത്തിയത്. കേരളത്തെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
കമേയ് ജോയ് റോങ്‌മേ (മണിപ്പുർ കോച്ച്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..