21 December Saturday

വീറോടെ ദ്വീപുകാർ കളത്തിൽ ; ലക്ഷദ്വീപ്‌ ഇന്ന്‌ സന്തോഷ്‌ 
ട്രോഫിയിൽ അരങ്ങേറും , എതിരാളി പുതുച്ചേരി

സ്‌പോർട്‌സ്‌ ലേഖകൻUpdated: Wednesday Nov 20, 2024


കോഴിക്കോട്‌
ഉറങ്ങുമ്പോൾ കാണുന്നതല്ല,  ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്‌ സ്വപ്നമെന്ന്‌ പറഞ്ഞത്‌ മുൻ രാഷ്‌ട്രപതി എ പി ജെ അബ്‌ദുൾ കലാമാണ്‌. ഇന്ത്യൻ ഫുട്‌ബോൾ ഭൂപടത്തിൽ ഒരിടം കണ്ടെത്തുന്നതിനായി ലക്ഷദ്വീപ്‌ നടത്തുന്ന പോരാട്ടങ്ങൾക്ക്‌ ഈ നിർവചനം ഉചിതമാണ്‌. സ്വന്തമായി സ്‌റ്റേഡിയമില്ലെന്ന്‌ മാത്രമല്ല, പരിശീലനത്തിന്‌ മൈതാനമോ ടർഫോ ഇല്ല. പക്ഷേ, സ്വപ്നം കാണാനും അതിനുപിന്നാലെ പോകാനുമുള്ള മനസ്സുണ്ട്‌. അതാണ്‌ തുടർച്ചയായ ഏഴാംവർഷവും സന്തോഷ്‌ ട്രോഫി ഫൈനൽ റൗണ്ട്‌ തേടി കടലിന്റെ മക്കൾ കോഴിക്കോട്ടെത്തിയത്‌. കടലുപോലെ പരന്നുകിടക്കുന്ന മണൽപ്പരപ്പിൽ പന്തുതട്ടിയാണ്‌ വരവ്‌.

ഇതേ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ 2017ലാണ്‌  ദ്വീപുകാരുടെ ടൂർണമെന്റിലെ അരങ്ങേറ്റം. അന്നുമുതൽ കഴിഞ്ഞ സീസൺവരെ ആദ്യറൗണ്ട്‌ കടക്കാനായിട്ടില്ല. ഇത്തവണ തലവര മാറ്റാനുറച്ചാണ്‌ യുവനിരയുടെ പുറപ്പാട്‌. ഇന്ന്‌ ആദ്യകളിയിൽ രാവിലെ ഏഴരയ്‌ക്ക്‌ പുതുച്ചേരിയാണ്‌ എതിരാളി.

പ്രതിരോധക്കാരൻ നവാസാണ്‌ 22 അംഗ ടീം ക്യാപ്‌റ്റൻ. മധ്യനിരക്കാരൻ അബ്‌ദുൾ ഹാഷിം ഉൾപ്പെടെ ഒട്ടേറേ ഭാവിവാഗ്‌ദാനങ്ങൾ സംഘത്തിലുണ്ട്‌. എംഎ കോളേജ്‌ കോതമംഗലം, തൃശൂർ കേരള വർമ കോളേജ്‌ ടീമുകളിൽനിന്നുള്ള കളിക്കാരുണ്ട്‌; ഒപ്പം പോണ്ടിച്ചേരി സർവകലാശാലയ്‌ക്കായി കളിച്ചവരും. പരിചയസമ്പന്നരായ മലയാളികളാണ്‌ പരിശീലകസംഘത്തിൽ. മുഖ്യ കോച്ച്‌ ഫിറോസ്‌ ഷെരീഫ്‌ മുൻ ഇന്ത്യൻ ഗോൾകീപ്പറാണ്‌. സഹപരിശീലകൻ ബിനു വി സക്കറിയയാണ്‌; ഇരുവരും എറണാകുളം സ്വദേശികൾ. ഗോൾകീപ്പിങ്‌ കോച്ച്‌ ഹർഷൽ റഹ്‌മാൻ കോഴിക്കോട്ടുകാരനാണ്‌. കേരളത്തിനും എസ്‌ബിടിക്കും വേണ്ടി ഗോൾവല കാത്ത മിടുക്കൻ. ഫിസിയോ കാസർകോടുകാരൻ അഹമ്മദ്‌ നിഹാലാണ്‌. ഇവരെയെല്ലാം ചേർത്തുവയ്‌ക്കുന്നത്‌ ടീം മാനേജറും ദ്വീപുകാരനുമായ കെ നൗഷാദും. ലക്ഷദ്വീപ്‌ ഫുട്‌ബോൾ അസോസിയേഷൻ ടെക്‌നിക്കൽ കോ–-ഓർഡിനേറ്റർകൂടിയാണ്‌ നൗഷാദ്‌.

ഒന്നരമാസമായി പരിശീലനത്തിലായിരുന്നു ടീം. ആദ്യം ദ്വീപിൽ. ഈ മാസമാദ്യം കൊച്ചിയിലേക്ക്‌ മാറി. കഴിഞ്ഞാഴ്‌ചമുതൽ കോഴിക്കോട്ടുണ്ട്‌.
വെള്ളിയാഴ്-ച കേരളവുമായും ഞായറാഴ്ച റെയിൽവേസുമായുമാണ് മറ്റ് മത്സരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top