21 December Saturday

മലയാളി എൻജിനുമായി റെയിൽവേസ്‌

അജിൻ ജി രാജ്‌Updated: Tuesday Nov 19, 2024

മലയാളി താരങ്ങളായ പി കെ ഫസീൻ, മുഹമ്മദ് ആഷിഖ്, സിദ്ധാർഥ് ആർ നായർ, ടീം മാനേജർ വി രാജേഷ്, സിജു സ്--റ്റീഫൻ, ജോൺ പോൾ, 
അബ്ദുറഹീം എന്നിവർ / ഫോട്ടോ: ബിനുരാജ്


കൊച്ചി
കേരള ട്രാക്കിലൂടെ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ‘വിജയ സ്‌റ്റേഷനിൽ’ എത്താനുള്ള ഒരുക്കത്തിലാണ്‌ റെയിൽവേസ്‌. 22 അംഗ ടീമിൽ ആറുപേരും മലയാളികളാണ്‌. സഹപരിശീലകനും മാനേജറും ചേരുന്നതോടെ ടീമിലെ കേരള പ്രാതിനിധ്യം എട്ടാകും. നാളെ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ യോഗ്യതാ റൗണ്ടിലെ ആദ്യകളിയിൽ കേരളത്തെ നേരിടുമ്പോൾ മലയാളിക്കരുത്തിലാണ്‌ റെയിൽവേസിന്റെ വിശ്വാസം. കഴിഞ്ഞവർഷം രണ്ട്‌ മലയാളിതാരങ്ങളാണ്‌ ടീമിലുണ്ടായിരുന്നത്‌.  

മൂന്നുവട്ടം സന്തോഷ്‌ ട്രോഫി ഉയർത്തിയ റെയിൽവേസ്‌ കരുത്തുറ്റനിരയുമായാണ്‌ വരവ്‌. പുതിയ സീസണിലേക്ക്‌ മികച്ച യുവതാരങ്ങളെ കൂടാരത്തിലെത്തിച്ചു. കഴിഞ്ഞതവണ കേരള കുപ്പായമിട്ട മൂന്നുപേരുണ്ട്‌ സംഘത്തിൽ. സിദ്ധാർഥ്‌ ആർ നായർ, അബ്‌ദുറഹീം, മുഹമ്മദ്‌ ആഷിഖ്‌ എന്നിവർ. കണ്ണൂരുകാരൻ സിദ്ധാർഥാണ്‌ ഒന്നാംനമ്പർ ഗോൾകീപ്പർ. രണ്ടാം ടൂർണമെന്റാണ്‌. വിങ്ങറായ അബ്‌ദുറഹീം അവസാന രണ്ട്‌ സീസണിലും കേരളത്തിന്റെ കുന്തമുനയായിരുന്നു. മൂന്നാം സന്തോഷ്‌ ട്രോഫിക്കായാണ്‌ എത്തുന്നത്‌. മുന്നേറ്റക്കാരനായ ആഷിഖിന് ഇത്‌ രണ്ടാം ഊഴമാണ്‌. പാലക്കാടാണ്‌ സ്വദേശം.

പ്രതിരോധനിരയിൽ രണ്ട്‌ മലയാളികളുണ്ട്‌. മലപ്പുറത്തുകാരൻ പി കെ ഫസീന്‌ ഇത്‌ അരങ്ങേറ്റമാണ്‌. തിരുവനന്തപുരത്തുകാരനായ സിജു സ്‌റ്റീഫന്‌ മൂന്നാം ട്രോഫിയും. മുമ്പ്‌ കേരളത്തിനായി ബൂട്ടിട്ട ജോൺ പോൾ ജോസ് ആക്രമണത്തിന്റെ ചുക്കാൻപിടിക്കും. വിങ്ങറാണ്‌ തിരുവനന്തപുരത്തുകാരൻ. കളത്തിന്‌ പുറത്തും ബലമായി മലയാളികളുണ്ട്‌. സഹപരിശീലകൻ പി വി വിനോയ്‌ തന്ത്രങ്ങളോതും. തൃശൂരുകാരൻ ആറാംതവണയാണ്‌ റെയിൽവേസിനൊപ്പമെത്തുന്നത്‌. മുമ്പ്‌ ട്രെയിനറായിരുന്നു. കഴിഞ്ഞ മൂന്ന്‌ വർഷമായി സഹപരിശീലകൻ. ടീമിന്റെ മാനേജർ വി രാജേഷ്‌ പാലക്കാട്‌ സ്വദേശിയാണ്‌. കേരളം മാത്രമല്ല രാജ്യത്തെ ഫുട്‌ബോൾ പവർഹൗസുകളായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ബംഗാൾ, പഞ്ചാബ്‌ തുടങ്ങിയ ഇടങ്ങളിലെയും കളിക്കാർ റെയിൽവേ നിരയിലുണ്ട്‌.

മൂന്ന് പ്രാവശ്യം ജേതാക്കളായ റെയിൽവേസ് 1967ലാണ് അവസാനമായി കിരീടമുയർത്തിയത്. 1965ലും 1962ലും ചാമ്പ്യൻമാരായി. പിന്നീട് ആറുതവണ ഫെെനലിൽ കടന്നെങ്കിലും നിരാശയായിരുന്നു ഫലം. 2014ലാണ് അവസാനമായി തോറ്റത്. കഴിഞ്ഞ സീസണിൽ അരുണാചൽ പ്രദേശിൽ നടന്ന ഫെെനൽ റൗണ്ടിൽ ക്വാർട്ടറിൽ ചാമ്പ്യൻമാരായ സർവീസസിനോട് തോറ്റ് പുറത്തായി.

കേരളത്തിന്റെ 
മത്സരങ്ങൾ പകൽ മൂന്നരയ്‌ക്ക്‌
സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ കേരളത്തിന്റെ മത്സരങ്ങളും പകൽ മൂന്നരയ്‌ക്ക്‌. ഒരു ദിവസം രണ്ട്‌ മത്സരമാണ്‌. ആദ്യകളി രാവിലെ ഏഴരയ്‌ക്കാണ്‌. നാളെമുതലാണ്‌ ഗ്രൂപ്പ്‌ എച്ച്‌ പോരാട്ടങ്ങൾ. ആദ്യകളിയിൽ രാവിലെ ഏഴരയ്‌ക്ക്‌ പുതുച്ചേരിയും ലക്ഷദ്വീപും ഏറ്റുമുട്ടും. 3.30ന്‌ കേരളം റെയിൽവേസുമായി കളിക്കും. 22ന്‌ ലക്ഷദ്വീപ്‌, 24ന്‌ പുതുച്ചേരി എന്നിങ്ങനെയാണ്‌ കേരളത്തിന്റെ മറ്റു മത്സരങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top