സൂറിച്ച് > 2034ലെ ഫുട്‌ബോൾ ലോകകപ്പ് സൗദിയിൽ തന്നെ നടക്കും. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് സൗദിയിൽ പന്തുരുളുന്ന കാര്യം ഉറപ്പായത്. 2030ലെ ലോകകപ്പ് പോർച്ചുഗൽ, മൊറോക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നടത്താനും തീരുമാനമായി.
എതിരില്ലാതെയാണ് 2034ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്. വേറെ ഏത് രാജ്യങ്ങളും 2034 ലോകകപ്പ് നടത്തുന്നതിനായി രംഗത്തുവന്നില്ല. ഏഷ്യ, ഒഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങൾക്ക് മാത്രമായിരുന്നു ആതിഥേയരാവാൻ ബിഡുകൾ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നത്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ആദ്യം ലോകകപ്പ് വേദിക്കായി താൽപ്പര്യം അറിയിച്ചെങ്കിലും പിന്നീട് പിൻമാറി. രണ്ടാം തവണയാണ് അറബ് നാട്ടിലേക്ക് ലോകകപ്പെത്തുന്നത്. 2022ലെ ഖത്തർ ലോകകപ്പ് ആയിരുന്നു ആദ്യത്തേത്.
2030ലെ ലോകകപ്പ് പോർച്ചുഗൽ, സ്പെയ്ൻ, മൊറോക്കോ രാജ്യങ്ങൾക്ക് പുറമേ അർജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളിലും നടക്കും. ടൂർണമെന്റ് 100 വർഷം തികയുന്ന വേളയിലാണ് ഇവിടങ്ങളിലും മത്സരം സംഘടിപ്പിക്കുന്നത്. 1930ലെ ആദ്യ ലോകകപ്പിന് വേദിയായതും ജേതാക്കളായതും ഉറുഗ്വേയായിരുന്നു. അർജന്റീനയായിരുന്നു റണ്ണർ അപ്പ്. ആദ്യ ലോകകപ്പ് സമയത്ത് നിലവിലുണ്ടായിരുന്ന ഏക ഫുട്ബോൾ കോൺഫെഡറേഷൻ ലാറ്റിൻ അമേരിക്കയിലേതായിരുന്നു. പരാഗ്വേ ആയിരുന്നു സംഘടനയുടെ ആസ്ഥാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..