കൊച്ചി
ഒളിമ്പിക്‌സ് മാതൃകയിൽ ആദ്യമായി സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് പുതിയ സിന്തറ്റിക് ട്രാക്ക് അതിവേഗമൊരുങ്ങുന്നു. നിർമാണം 80 ശതമാനത്തോളം പൂർത്തിയായി. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് സംസ്ഥാനത്തെ ഏറ്റവും മികച്ച സിന്തറ്റിക് ട്രാക്ക് കായികമേളയ്‌ക്കായി കൈമാറാമെന്നാണ് പ്രതീക്ഷ. നവംബർ ഏഴുമുതൽ 11 വരെ നടക്കുന്ന അത്‌ലറ്റിക്‌സ് ഈ വേദിയിലാകും.
400 മീറ്റർ ട്രാക്കിൽ മൂന്നാമത്തെ ഘട്ടമായ ചുവന്ന പാളി വിരിക്കൽ പൂർത്തിയായി. മഴ ഒഴിഞ്ഞുനിന്നാൽ ഇന്നുതന്നെ പരിശോധന കഴിഞ്ഞ് ട്രാക്കുകൾ അടയാളപ്പെടുത്താനാകും. തൊട്ടുപിന്നാലെ ലൈനുകൾ പൂർണമായി വരയ്‌ക്കും. ത്രോ ഇനങ്ങൾ നടക്കുന്ന ഭാഗത്തും പരിശീലനസ്ഥലത്തും നിർമാണം അവസാനഘട്ടത്തിലാണ്. ജമ്പിങ് പിറ്റിന്റെ ഭാഗം രണ്ടുദിവസത്തിനകം പൂർത്തിയാക്കുമെന്ന് കരാർ ഏജൻസിയായ ഗ്രേറ്റ് സ്‌പോർട്‌സ് ടെക് പ്രോജക്ട് എൻജിനിയർ എസ് നൗഫൽ പറഞ്ഞു.
മാർച്ചിലാണ് നവീകരണപ്രവർത്തനം ആരംഭിച്ചത്. മെയ് മുതൽ മഴ തുടങ്ങിയതോടെ പലതവണ തടസ്സപ്പെട്ടു. കായികമേളയുടെ വേദിയായതിനാൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം മൂന്നു ടീമായി തിരിഞ്ഞ് അതിവേഗത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ആവശ്യമെങ്കിൽ രാത്രിയിലും നിർമാണം നടത്താനുള്ള സജ്ജീകരണങ്ങളും സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് നൗഫൽ പറഞ്ഞു.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ഏഴുകോടിയോളം രൂപ ചെലവിട്ടാണ് നിർമാണമെന്ന് അസി. എൻജിനിയർ എ അഭിജിത് പറഞ്ഞു. അഞ്ചുവർഷമാണ് ട്രാക്കിന്റെ കാലാവധി. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്‌പോർട്‌സ് ടെക് കമ്പനിക്കാണ് ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..