22 December Sunday

സെൻനദി വീണ്ടും മലിനം; നീന്തൽ പരിശീലനം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

പാരിസ്‌> സെൻനദിയിലെ മലിനീകരണത്തെ തുടർന്ന്‌ ട്രയാത്‌ലൺ താരങ്ങൾക്കായുള്ള നീന്തൽ പരിശീലനം റദ്ദാക്കി. വെള്ളത്തിന്റെ ഗുണനിലവാരം സ്വീകാര്യമായ നിലവാരത്തിന്‌ താഴെയാണെന്ന്‌ പരിശോധനയിൽ തെളിഞ്ഞെന്നും അത്‌ലീറ്റുകളുടെ ആരോഗ്യത്തിനാണ്‌ മുൻഗണനയെന്നും അധികൃതർ അറിയിച്ചു. പുരുഷന്മാരുടെ ട്രയാത്‌ലൺ ചൊവ്വാഴ്‌ചയാണ്‌ ആരംഭിക്കേണ്ടത്‌. മത്സരം നടക്കേണ്ട ദിവസവും വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടില്ലെങ്കിൽ റിസർവ്‌ ദിനങ്ങളായ ആഗസ്‌ത്‌ ഒന്ന്‌, രണ്ട്‌ തീയതികളിലേക്ക്‌ മാറ്റും. അന്നും വെള്ളത്തിന്റെ നിലവാരം മെച്ചപ്പെട്ടില്ലെങ്കിൽ നീന്തൽ ഒഴിവാക്കി സൈക്ലിങ്‌, ഓട്ടം എന്നിവയിൽ മത്സരം ഒതുക്കുമെന്നാണ്‌ വിവരം.

ജൂലൈയിൽ നടത്തിയ പരിശോധനയിൽ സെൻനദിയിലെ വെള്ളം നീന്തലിന്‌ അനുയോജ്യമായിരുന്നെങ്കിലും കഴിഞ്ഞ രണ്ടുദിവസം പാരിസിൽ പെയ്‌ത കനത്ത മഴയാണ്‌ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചത്‌. മലിനജലം നേരിട്ട്‌ പുഴയിലേക്ക്‌ ഒഴുകുന്നതാണ്‌ പ്രശ്‌നം. ആഗസ്‌ത്‌ എട്ട്‌, ഒമ്പത്‌ തീയതികളിൽ സെന്നിൽ നടക്കേണ്ട 10 കിലോമീറ്റർ മാരത്തൺ നീന്തൽ മത്സരം ആവശ്യമെങ്കിൽ പാരിസിനുകിഴക്ക് മാർനെ നദിയിലെ വേദിയിലേക്ക്‌ മാറ്റാനും സാധ്യതയുണ്ട്‌.

മലിനീകരണത്തെ തുടർന്ന്‌ ഒരുനൂറ്റാണ്ടായി സെനിൽ നീന്തലിന്‌ വിലക്കുണ്ടായിരുന്നു. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ അളവ്‌ കൂടുതലാണെന്നും കണ്ടെത്തി. ശുദ്ധീകരണത്തിനായി ഏകദേശം 15,000 കോടി രൂപ ചെലവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top