മാറ്റൂറിൻ/ അസുൻസിയോൺ > ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ജയിക്കാതെ വമ്പൻമാർ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന പരാഗ്വേയോട് തോൽവി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മെസിയുടെയും സംഘത്തിന്റെയും തോൽവി. യോഗ്യതാ റൗണ്ടിൽ ചാമ്പ്യൻമാരുടെ മൂന്നാം തോൽവിയാണിത്. മെസിയടക്കമുള്ള മുൻനിര താരങ്ങൾ കളത്തിലിറങ്ങിയിട്ടും ടീമിന് ജയം കണ്ടെത്താനായില്ല.
പരാഗ്വേയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അന്റോണിയോ സനാബ്രിയ (19), ഒമർ ആൾഡെറെറ്റ് (47) എന്നിവരാണ് പരാഗ്വേയ്ക്കായി ഗോൾ നേടിയത്. പതിനൊന്നാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിലൂടെ ലീഡെടുത്ത ശേഷമായിരുന്നു മെസിപ്പടയുടെ തോൽവി. രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി കളിച്ചിട്ടും അർജന്റീനയ്ക്ക് സമനില ഗോൾ നേടാനായില്ല. സെപ്തംബറിൽ നടന്ന മത്സരത്തിൽ കൊളംബിയയോടും അർജന്റീന തോറ്റിരുന്നു. ലോകകപ്പ് യോഗ്യതയിൽ ആദ്യമായാണ് പരാഗ്വേ അർജന്റീനയെ തോൽപ്പിക്കുന്നത്. മുമ്പ് ബ്രസീലിനെയും ടീം തോൽപ്പിച്ചിരുന്നു.
അസുൻസിയോണിൽ നടന്ന മറ്റൊരു യോഗ്യത മത്സരത്തിൽ ബ്രസീലിനെ വെനസ്വേല സമനിലയിൽ തളച്ചു. ഇരു ടീമുകളും ഒരു ഗോൾ നേടി. 43ാം മിനിറ്റിൽ റഫീഞ്ഞ്യയുടെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് ബ്രസീൽ സമനില വഴങ്ങിയത്. 46–ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയാണ് വെനസ്വേലയുടെ സമനില ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ പെനാൽറ്റി ലഭിച്ചെങ്കിലും ഗോളാക്കാൻ ബ്രസീലിന് സാധിച്ചില്ല.
ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ 11 മത്സരങ്ങൾ പിന്നിട്ടപ്പോൾ 22 പോയിന്റുമായി അർജന്റീനയാണ് ഒന്നാമത്യ 19 പോയിന്റുമായി കൊളംബിയ രണ്ടാമതും 17 പോയിന്റുമായി ബ്രസീൽ മൂന്നാമതുമുണ്ട്. 16 പോയിന്റുമായി ഉറുഗ്വേയും ഇക്വഡോറുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. പരാഗ്വേ ആറാം സ്ഥാനത്താണ്. വെനസ്വേല 12 പോയിന്റുമായി ഏഴാമതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..