ബെർലിൻ
ശുഭം എന്ന് അടിവരയിട്ട് അവസാനിപ്പിച്ചിടത്തുനിന്ന് മറ്റൊരു സ്‌പെയ്‌ൻ ജനിക്കുന്നു. 2014 ലോകകപ്പ് ആദ്യറൗണ്ടിൽ തോറ്റതാണ്. ആന്ദ്രേ ഇനിയേസ്റ്റയും സാവിയും ഇകർ കസിയസും കരഞ്ഞുമടങ്ങി. 2008 മുതൽ 2012 വരെ വിസ്‌മയക്കുതിപ്പ് നടത്തിയ സ്‌പാനിഷ് നിര രണ്ടുവർഷത്തിനുശേഷം ചിതറിപ്പോയി. 2018ലും 2022ലും പിടിച്ചുനിന്നില്ല.
ഇതിഹാസങ്ങൾ പടിയിറങ്ങി. ടികി–-ടാകയെന്ന അവരുടെ സുന്ദരശൈലി കാലഹരണപ്പെട്ടു. പത്തുവർഷത്തോളം അവരുടെ സ്വപ്‌നങ്ങൾക്ക് നിറമുണ്ടായില്ല. പിന്നെ പുതിയൊരു സ്‌പാനിഷ് ശൈലി പിറവിയെടുക്കുകയായിരുന്നു. പത്തൊമ്പതുകാരെയും ഇരുപത്തൊന്നുകാരെയും പരിശീലിപ്പിക്കുന്ന ലൂയിസ് ദെ ലാ ഫുയന്റെയെന്ന അറുപത്തിമൂന്നുകാരനിൽ അവർ കടിഞ്ഞാൺ ഏൽപ്പിച്ചു. ബാല്യ, കൗമാര ഘട്ടങ്ങളിൽ കണ്ട ശിഷ്യരുടെ നിരയെ ഫുയന്റെ വാർത്തെടുത്തു. റയൽ മാഡ്രിഡ്, -ബാഴ്‌സലോണ എന്നീ വമ്പൻ ക്ലബ്ബുകളിൽമാത്രമല്ല കണ്ണയച്ചത്. ഒത്തിണക്കത്തോടെ പന്തുതട്ടാൻ കഴിയുന്ന ഒരുപറ്റം കളിക്കാർ. സൗദി ലീഗിൽനിന്നാണ് അയ്‌മെറിക് ലപോർട്ടെന്ന പ്രതിരോധക്കാരനെത്തിയത്. ആർബി ലെയ്‌പ്‌സിഗ് താരമാണ് ഡാനി ഒൽമോ. മുപ്പത്തെട്ടുകാരൻ ജീസസ് നവാസും പതിനാറുകാരൻ ലമീൻ യമാലും ആ ടീമിലുണ്ടായി. കളിക്കാൻ വരുമ്പോൾ ടീമിൽ സൂപ്പർ താരങ്ങളില്ലായിരുന്നു. ബെർലിനിൽ ഇംഗ്ലണ്ടിനെ 2–-1ന് വീഴ്‌ത്തി യൂറോയിൽ സ്‌പെയ്‌ൻ നാലാമതും മുത്തമിട്ട് മടങ്ങുമ്പോൾ അവരെല്ലാം സൂപ്പർ താരങ്ങളായി മാറിയിരുന്നു.
നാല് ഗോളിന് അവസരമൊരുക്കുകയും ഒരു ഗോളടിക്കുകയും ചെയ്‌ത യമാലാണ് യൂറോയുടെ മികച്ച യുവതാരം. എതിരാളികൾപോലുമറിയാതെ അവരുടെ നീക്കങ്ങളെ നാമാവശേഷമാക്കുന്ന റോഡ്രിയാണ് യൂറോയുടെ മികച്ച താരം. പകരക്കാരനായെത്തിയ ഡാനി ഒൽമോ മൂന്ന് ഗോളുമായി ടോപ് സ്‌കോറർ പട്ടം പങ്കിടുകയും ചെയ്‌തു.
15 ഗോളാണ് സ്‌പാനിഷ് സംഘം അടിച്ചത്. നാല് ഗോൾ വഴങ്ങി. മൂന്നു കളിയിൽ എതിരാളികൾക്ക് സ്‌പാനിഷ് വലയിൽ പന്തെത്തിക്കാനായില്ല.
തുടർച്ചയായ രണ്ടാംഫൈനലിലെത്തിയ ഇംഗ്ലണ്ടിന് സ്‌പെയ്‌നിന്റെ കളിയൊഴുക്ക് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. ടീമിന്റെ നട്ടെല്ലായ റോഡ്രി പരിക്കേറ്റു മടങ്ങിയിട്ടും സ്‌പെയ്‌നിന്റെ വീര്യം ചോർന്നില്ല. രണ്ടാംപകുതിയിൽ മാർട്ടിൻ സുബിമെൻഡിയാണ് പകരക്കാരനായെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ യുവതാരങ്ങളായ യമാലും നിക്കോ വില്യംസും ചേർന്ന് ഇംഗ്ലീഷ് പ്രതിരോധത്തിന്റെ മതിൽ തകർത്തു. അവസാനഘട്ടത്തിൽ തിരിച്ചടിക്കാൻ മിടുക്കുള്ള ഇംഗ്ലണ്ട് പകരക്കാരനായെത്തിയ കോൾ പാൽമറിന്റെ ഗോളിൽ ഒപ്പമെത്തി. 86–-ാംമിനിറ്റിൽ മിക്കേൽ ഒയെർസബാൽ മാർക് കുകുറെല്ലയുടെ നീക്കത്തിൽ ഇംഗ്ലീഷ് വലകുലുക്കി. ജയമുറപ്പിച്ച ഘട്ടത്തിൽ ഇംഗ്ലണ്ട് അപകടം വിതയ്ക്കാനെത്തി. മാർക് ഗുയേഹിയുടെ കരുത്തുറ്റ ഹെഡർ വരയ്‌ക്കുമുന്നിൽ തലകൊണ്ട് കുത്തിയകറ്റി ഒൽമോ ബെർലിനിൽ കുറിച്ചു ‘ശുഭാരംഭം’.
4
ഇത് നാലാം തവണയാണ് സ്‌പെയ്‌ൻ യൂറോ ചാമ്പ്യൻമാരാകുന്നത്. 1964ൽ ആദ്യമായി ജേതാക്കളായി. 2008ലും 2012ലും തുടർച്ചയായി കിരീടം ചൂടി. ഇത്തവണ നേട്ടമുയർത്തി. ജർമനിയാണ് (3) കിരീടനേട്ടത്തിൽ രണ്ടാമതുള്ളത്.
6
ആറുപേർ ഇത്തവണ ഗോൾവേട്ടക്കാരിൽ മുന്നിലെത്തി. മൂന്ന് ഗോൾ വീതമാണ്. ഹാരി കെയ്‌ൻ (ഇംഗ്ലണ്ട്), ജമാൽ മുസിയാല (ജർമനി), ജോർജസ് മികൗറ്റഡ്‌സെ (ജോർജിയ), കോഡി ഗാക്‌പോ (നെതർലൻഡ്‌സ്), ഇവാൻ ഷ്രാൻസ് (സ്ലൊവാക്യ), ഡാനി ഒൽമോ (സ്‌പെയ്‌ൻ) എന്നിവർ.
15
ചാമ്പ്യൻമാരായ സ്--പെയ്നാണ് കൂടുതൽ ഗോളടിച്ച സംഘം. പതിനഞ്ചെണ്ണം. ജർമനി പതിനൊന്നടിച്ചു. ആകെ 51 കളിയിൽ 117 ഗോൾ പിറന്നു.
മികച്ച യുവതാരം യമാൽ
ആകെ കളിച്ചത്: 507 മിനിറ്റുകൾ
ഗോൾ: 1
ഗോൾ അവസരം: 4
ഡ്രിബിൾസ്: 32
ഈ യൂറോയുടെ വിസ്‌മയം. സ്‌പെയ്‌നിന്റെ കിരീടനേട്ടത്തിന് ചുക്കാൻപിടിച്ചത് ലമീൻ യമാലെന്ന പതിനേഴുകാരൻ. ഏഴുകളിയിലും ഇറങ്ങി. ടൂർണമെന്റ് കളിക്കുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡുമായാണ് ശ്രദ്ധിക്കപ്പെടുന്നത്. ബാഴ്‌സലോണക്കാരൻ വലതുവിങ്ങിൽ തകർപ്പൻ പ്രകടനമായിരുന്നു. സെമിയിൽ ഫ്രാൻസിനെതിരെ ഉജ്വല ഗോളോടെ അമ്പരപ്പിച്ചു. യൂറോയിൽ ലക്ഷ്യം കാണുന്ന പ്രായംകുറഞ്ഞ താരവുമായി.
യൂറോയുടെ താരം റോഡ്രി
ആകെ കളിച്ചത്: 521 മിനിറ്റ്
ഗോൾ: 1
പാസുകൾ: 411
പാസിലെ കൃത്യത: 92.84%
സ്‌പെയ്‌നിന്റെ നട്ടെല്ല്. മധ്യനിരയിൽ റോഡ്രിയാണ് കളിയുടെ താളം നിർണയിക്കുന്നത്. ആക്രമണവും പ്രതിരോധവും തുടങ്ങുന്നത് ഇരുപത്തെട്ടുകാരന്റെ ബൂട്ടിലൂടെയാണ്. ഫാബിയാൻ റൂയിസുമൊത്ത് മധ്യനിരയിൽ സ്‌പെയ്‌നിന്റെ നിയന്ത്രണം ഏറ്റെടുത്ത റോഡ്രി എല്ലാ മത്സരത്തിലും കളിച്ചു. ഫൈനലിൽ പരിക്കുകാരണം ആദ്യപകുതി കളംവിടേണ്ടി വന്നു. ടൂർണമെന്റിലാകെ 439 പാസുകൾക്കാണ് ശ്രമിച്ചത്. ഇതിൽ 411 പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..