മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ രാവണൻകോട്ടയായ സാന്റിയാഗോ ബെർണബ്യൂവിൽ ബാഴ്‌സലോണയുടെ യുവജനോത്സവം. ഒന്നിനുപിറകെ ഒന്നൊന്നായി തൊടുത്ത നാല് ഗോളിൽ ബാഴ്‌സയ്‌ക്ക് തകർപ്പൻ ജയം. സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ ആറ് പോയിന്റ് ലീഡുമായി ബാഴ്‌സ ഒന്നാംസ്ഥാനത്ത് തുടർന്നു.
ആരാധകലോകം കാത്തിരുന്ന എൽ ക്ലാസികോയിൽ ഇരട്ടഗോളുമായി റോബർട്ട് ലെവൻഡോവ്‌സ്‌കി തിളങ്ങി. പതിനേഴുകാരൻ ലമീൻ യമാലും റഫീന്യയും പട്ടിക തികച്ചു. സൂപ്പർ താരങ്ങളുടെ കൂടാരമായ റയലിൽ മൗനംമാത്രമായിരുന്നു. സ്‌പാനിഷ് ലീഗിൽ തോൽവിയറിയാതെ തുടർച്ചയായി 42 മത്സരം പൂർത്തിയാക്കിയാണ് കാർലോസ് ആൻസലോട്ടിയുടെ റയൽസംഘം സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്. ബാഴ്‌സയുടെ റെക്കോഡായ 43 അപരാജിത മത്സരമായിരുന്നു ലക്ഷ്യം. പക്ഷേ, അതിലെത്താനായില്ല.
ഹാൻസി ഫ്ലിക്കിനുകീഴിൽ ലീഗിലെ 11 കളിയിൽ പത്തും ബാഴ്‌സ ജയിച്ചു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ 4–-1ന് തകർത്താണ് ഫ്ലിക്കും കൂട്ടരും റയൽ കോട്ടയിലെത്തിയത്.
ഇടവേളയ്‌ക്കുശേഷമായിരുന്നു ബെർണബ്യൂവിൽ ഗോളിന്റെ പേമാരി. കിട്ടിയ അവസരങ്ങൾ പാഴാക്കുന്ന റയലിനെയാണ് അതുവരെ കണ്ടത്. എതിർ ആക്രമണനിരയുടെ തൊട്ടുമുന്നിൽനിന്നുള്ള ‘ഹൈലൈൻ പ്രതിരോധരീതി’യിൽ കളിക്കുന്ന ബാഴ്‌സ റയലിനെതിരെയും തന്ത്രം മാറ്റിയില്ല. കിലിയൻ എംബാപ്പെയും വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്‌ഹാമും കളിക്കുന്ന റയൽ മുന്നേറ്റത്തെ മികച്ച രീതിയിൽ ബാഴ്‌സ പ്രതിരോധം കൈകാര്യം ചെയ്‌തു. അതിനൊപ്പം ആക്രമണനിരയുടെ സമ്മർദവും.
പന്ത്രണ്ടുതവണയാണ് റയൽ മുന്നേറ്റത്തെ ഓഫ്‌സൈഡ് കെണിയിൽ കുരുക്കിയത്. അതിൽ എട്ടും ആദ്യപകുതിയിൽ. എംബാപ്പെയാണ് കൂടുതൽ കുടുങ്ങിയത്. രണ്ടുതവണ ഫ്രഞ്ചുകാരൻ ലക്ഷ്യംകണ്ടതും ഓഫ്‌സൈഡായി. ആദ്യത്തേത് വാർ പരിശോധനയിലാണ് തീരുമാനമായത്. ഇതിനിടെ നിരവധി അവസരങ്ങൾ എംബാപ്പെ പാഴാക്കുകയും ചെയ്‌തു. വിനീഷ്യസിനും ചലനമുണ്ടാക്കാനായില്ല.
എല്ലാ മറുപടികളും ഇടവേളയ്‌ക്കുശേഷം കണ്ടു. ഫെർമിൻ ലോപെസിനുപകരം പരിചയസമ്പന്നനായ ഫ്രെങ്കി ഡി യോങ് കളത്തിലെത്തിയതോടെ ബാഴ്‌സ കുതിക്കുകയായിരുന്നു. രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ ലെവൻഡോവ്‌സ്‌കിയുടെ ഇരട്ടമിന്നൽ. ആദ്യത്തേത് ഇരുപത്തൊന്നുകാരൻ മാർക് കസാഡോ മധ്യവരയ്‌ക്കിപ്പുറത്തുനിന്ന് തള്ളിക്കൊടുത്ത നീക്കത്തിൽനിന്നായിരുന്നു. ഓഫ്‌സൈഡ് കെണി പൊട്ടിച്ച പോളണ്ടുകാരൻ റയൽ ഗോൾകീപ്പർ ആൻഡ്രി ലുനിന് ഒരവസരവും നൽകിയില്ല. അടുത്തത് ഇടതുഭാഗത്തുനിന്നുള്ള ഒന്നാന്തരം ക്രോസ്. തൊടുത്തത് മറ്റൊരു ഇരുപത്തൊന്നുകാരൻ അലയാൻഡ്രോ ബാൽദെ. മൂന്നു പ്രതിരോധക്കാർക്കിടയിൽനിന്ന് ലെവൻഡോവ്‌സ്‌കി ഉയർന്നുചാടി. തലയിൽ കുത്തി വലയുടെ വലതുമൂലയിലേക്ക് പന്ത് വീണു. രണ്ട് ഗോൾ വീണാലും തിരിച്ചടിക്കാൻ കരുത്തുള്ള റയൽ ഇക്കുറി പതറി. ദിവസങ്ങൾക്കുമുമ്പ് ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ രണ്ട് ഗോൾ വഴങ്ങിയശേഷം 5–-2ന് തകർത്തിരുന്നു. എന്നാൽ, ബാഴ്‌സ വീണ്ടും വീണ്ടും റയൽ പ്രതിരോധത്തെ ചിതറിച്ചു.
അവസാനഘട്ടത്തിൽ യമാൽ തകർച്ച പൂർണമാക്കി. റഫീന്യയുടെ നീക്കം പിടിച്ച് ഓട്ടത്തിനിടയിൽ യമാലിന്റെ ഇടംകാൽ ചലിച്ചു. ലുനിന് പിടിച്ചെടുക്കാനായില്ല ആ വോളി. പ്രതിരോധമേഖലയിൽനിന്ന് ഇനിഗോ മാർട്ടിനെസ് നീട്ടിയടിച്ച് പന്ത് ലുനിന്റെ തലയ്‌ക്കുമുകളിലൂടെ കോരിയിട്ടായിരുന്നു റഫീന്യയുടെ വിജയാഘോഷം.
ബാഴ്‌സയ്‌ക്ക് 11 കളിയിൽ 30 പോയിന്റായി. റയലിന് 24.
തിളയ്‌ക്കുന്ന ചെറുപ്പം
ചെറുപ്പക്കാരുടെ നിരയാണ് ബാഴ്‌സലോണ. 1956നുശേഷം എൽ ക്ലാസിക്കോയിൽ ബാഴ്‌സ അണിനിരത്തിയ ഏറ്റവും ചെറുപ്പമുള്ള ടീം. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും ചെറുപ്പത്തിന്റെ മിടുക്കാണ്. ക്ലാസിക്കോയിൽ കളിച്ച ടീമിലെ ആറുപേർ ബാഴ്‌സയുടെ അക്കാദമി താരങ്ങളാണ്. മുപ്പത്താറുകാരൻ റോബർട്ട് ലെവൻഡോവ്‌സ്‌കി ഈ യുവനിരയെ നയിക്കുന്നു. കഴിഞ്ഞ സീസണിൽ മങ്ങിയ പോളണ്ടുകാരൻ ഇക്കുറി എല്ലാ മത്സരങ്ങളിൽനിന്നുമായി 17 ഗോളടിച്ചു. ലെവൻഡോവ്‌സ്‌കിയുടെ കാലുകളിൽ പന്തെത്തിക്കുന്നതിൽ പെഡ്രിയും മാർക് കസാഡോയും ലമീൻ യമാലും മുമ്പിലാണ്.
ക്ലാസിക്കോയിൽ കളിച്ചതിൽ യമാലാണ് ഏറ്റവും ചെറുപ്പം. 17 വയസ്സ്. ക്ലാസിക്കോയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. പ്രതിരോധത്തിൽ കളിക്കുന്ന പൗ കുബാർസിക്കും 17 വയസ്സാണ്. പെഡ്രി, കസാഡോ, അലെയാൻഡ്രോ ബാൽദെ, ഫെർമിൻ ലോപെസ് എന്നിവർക്ക് 21 വയസ്സും. പകരക്കാരുടെ നിരയിലെ ഗാവി (20 വയസ്സ്), സെർജി ഡോമിങ്ക്യൂസ് (19), അൻസു ഫാറ്റി (21), ഹെക്ടർ ഫോർട്ട് (18), ദ്യേഗോ കോഷെൻ (18), പാബ്ലോ ടോറെ (21), പൗ വിക്ടർ (22), ജെറാർഡ് മാർട്ടിൻ (22) എന്നിവരും ബാഴ്‌സയുടെ ഭാവിനക്ഷത്രങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..