ഗാലെ> ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് പരമ്പര ശ്രീലങ്ക സ്വന്തമാക്കി. തുടർച്ചയായി രണ്ടാംടെസ്റ്റും ജയിച്ചു. ഇന്നിങ്സിനും 154 റണ്ണിനുമാണ് വിജയം. ഒമ്പത് വിക്കറ്റുവീതം നേടിയ സ്‌പിന്നർമാരായ പ്രഭാത് ജയസൂര്യയും നിഷാൻ പെരിസുമാണ് വിജയമൊരുക്കിയത്. സ്‌കോർ: ലങ്ക 602/5ഡിക്ല. ന്യൂസിലൻഡ് 88, 360.
ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന (182) കമീന്ദു മെൻഡിസാണ് കളിയിലെ താരം. രണ്ട് ടെസ്റ്റിലുമായി 18 വിക്കറ്റെടുത്ത ഇടംകൈയൻ സ്‌പിന്നർ ജയസൂര്യ പരമ്പരയിലെ താരമായി. ടെസ്റ്റിന്റെ നാലാംദിവസം 315 റൺ പിറകിലായാണ് ന്യൂസിലൻഡ് കളി തുടങ്ങിയത്. 161 റൺകൂടി ചേർക്കുന്നതിനിടെ ശേഷിച്ച അഞ്ച് വിക്കറ്റും നഷ്‌ടമായി. ടോം ബ്രൻഡൽ (60), ഗ്ലെൻ ഫിലിപ്‌സ് (78), മിച്ചൽ സാന്റ്‌നർ (67) എന്നിവർ പൊരുതിനോക്കി. എന്നാൽ, ആദ്യ ടെസ്റ്റ് കളിച്ച നിഷാൻ പെരിസ് ആറ് വിക്കറ്റുമായി കിവീസിന്റെ കഥ കഴിച്ചു. ജയസൂര്യക്ക് മൂന്ന് വിക്കറ്റ് കിട്ടി.
2009നുശേഷം ന്യൂസിലൻഡിനെതിരെ പരമ്പര നേടുന്നത് ആദ്യമാണ്.
ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ലങ്ക മൂന്നാംസ്ഥാനത്തേക്ക് കയറി. ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. കിവീസ് ഏഴാംസ്ഥാനത്തേക്ക് വീണു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..