കണ്ണൂർ
സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് മത്സരങ്ങളുടെ രണ്ടാംദിനം അമ്പെയ്‌ത്തിൽ വയനാട് മുന്നിൽ. നാലുവീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 34 പോയിന്റാണ്. രണ്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 21 പോയിന്റുള്ള പാലക്കാടാണ് രണ്ടാമത്. രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമുള്ള തിരുവനന്തപുരം 18 പോയിന്റോടെ മൂന്നാമതും.
യോഗാ മത്സരങ്ങളിൽ ആകെയുള്ള ആറിനങ്ങളിൽ അഞ്ചെണ്ണം പൂർത്തിയായപ്പോൾ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി 18 പോയിന്റോടെ പാലക്കാടാണ് ഒന്നാമത്. ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 11 പോയിന്റുമായി കണ്ണൂരും തൃശൂരും രണ്ടാംസ്ഥാനം പങ്കിട്ടു. അഞ്ച് പോയിന്റുമായി ഇടുക്കി മൂന്നാംസ്ഥാനത്താണ്. തായ്‌ക്വോണ്ടോയിൽ ആറ് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 41 പോയിന്റുമായി കാസർകോടാണ് ഒന്നാമത്. നാല് സ്വർണം, നാല് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 38 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനത്തും മൂന്ന് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവും നേടി 31 പോയിന്റുള്ള എറണാകുളം മൂന്നാംസ്ഥാനത്തുമുണ്ട്.
ഗുസ്‌തിയിൽ 60 ഇനങ്ങളിൽ 30 പൂർത്തിയായപ്പോൾ 13 സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 73 പോയിന്റുള്ള കണ്ണൂർ ഒന്നാംസ്ഥാനത്ത് തുടർന്നു. എട്ട് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 59 പോയിന്റുള്ള തിരുവനന്തപുരം രണ്ടാംസ്ഥാനത്താണ്. മൂന്ന് സ്വർണം, നാല് വെള്ളി, 11 വെങ്കലം നേടി 38 പോയിന്റുള്ള മലപ്പുറം മൂന്നാമതുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഗെയിംസ് ഉദ്ഘാടനം ചെയ്തു. ബുധനാഴ്‌ച ഗുസ്‌തി, തായ്‌ക്വോണ്ടോ, ബാസ്‌കറ്റ്ബോൾ, യോഗാ, ജിംനാസ്റ്റിക്‌സ്, അമ്പെയ്‌ത്ത് മത്സരങ്ങൾ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..