22 November Friday

ഗൾഫ്‌ ടീം കേരള ട്രാക്കിൽ

ജിജോ ജോർജ്Updated: Monday Nov 4, 2024

സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന ഗൾഫ് സംഘം

കൊച്ചി
സ്വപ്‌നം സഫലമായ സന്തോഷത്തിൽ അവർ കേരളത്തിന്റെ ട്രാക്കിൽ. സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ സ്വന്തം ഗൾഫ്‌ ടീം എത്തി. 50 അംഗസംഘത്തിലെ 26 താരങ്ങളാണ്‌ ഇന്ന്‌ പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്‌. 19 താരങ്ങൾ ഉച്ചയോടെയെത്തും. ഇവർക്കൊപ്പം നാല്‌ അധ്യാപകരുമുണ്ട്‌. ഏഴിന്‌ അഞ്ചു താരങ്ങൾകൂടി പറന്നിറങ്ങും.

‘ഇതാദ്യമാണ്‌ സംസ്ഥാന കായികമേളയുടെ ഭാഗമാകുന്നത്‌. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീർഘനാളത്തെ ആഗ്രഹമായിരുന്നു. അതിപ്പോൾ യാഥാർഥ്യമായി. വളരെ സന്തോഷവും അഭിമാനവുമുണ്ട്‌. സർക്കാരിന്‌ പ്രത്യേകം നന്ദി’. ടീം മാനേജർമാരിൽ ഒരാളും ഗൾഫ്‌ മോഡൽ സ്‌കൂൾ കായികവിഭാഗം തലവനുമായ സുമേഷ്‌ കുമാറിന്റെയും താരങ്ങളുടെയും വാക്കുകളിൽ മെഡൽതിളക്കമുള്ള ആഹ്ലാദം.

ദുബായ്‌, ഷാർജ, റാസൽഖൈമ, ഫുജൈറ, അബുദാബി എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ ഒമ്പതുമുതൽ പ്ലസ്‌ടുവരെയുള്ള ക്ലാസിൽ പഠിക്കുന്നവരാണ്‌ കായികതാരങ്ങൾ. വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ ബോൾ, അത്‌ലറ്റിക്‌സ്‌ ഇനങ്ങളിലാണ്‌ മത്സരിക്കുന്നത്‌. ക്ലസ്‌റ്റർതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച്‌ മികച്ച പ്രകടനം കാഴ്‌ചവച്ചവരെയാണ്‌ സംസ്ഥാന കായികമേളയിലേക്ക്‌ തെരഞ്ഞെടുത്തത്‌. ചുരുങ്ങിയ ദിവസങ്ങൾമാത്രമാണ്‌ പരിശീലനത്തിന്‌ ലഭിച്ചതെങ്കിലും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്‌ താരങ്ങൾ. ജേതാക്കളായാൽ ദേശീയ സ്‌കൂൾ കായികമേളയിൽ മത്സരിക്കാം.

ഗ്രേസ്‌ മാർക്കിനും വഴിതുറക്കും. ഇത്തവണ മത്സരാർഥികളിൽ പെൺകുട്ടികളില്ല. അടുത്തതവണ കൂടുതൽ സ്‌കൂളുകളെയും പെൺകുട്ടികളടക്കം കൂടുതൽ താരങ്ങളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top