കോഴിക്കോട്
കോഴിക്കോടൻമണ്ണിൽ കലിക്കറ്റിന്റെ സൂര്യോദയം. പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കലിക്കറ്റ് എഫ്‌സിക്ക് കിരീടം. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്താണ് കപ്പിൽ മുത്തമിട്ടത്. കലിക്കറ്റിനായി തോയ് സിങ്, കെർവെൻസ് ബെൽഫോർട്ട് എന്നിവർ ഗോൾ നേടി. കളിയവസാനം ബ്രസീലിയൻ താരം ദോറിയൽട്ടൻ ഗോമസാണ് കൊച്ചിക്കായി ആശ്വാസഗോൾ നേടിയത്.
സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെയാണ് കലിക്കറ്റ് ഇറങ്ങിയത്. അത് കൂസാതെ ഫോഴ്‌സയും കളത്തിലിറങ്ങി. എന്നാൽ, ഫോഴ്‌സയുടെ കണക്കൂകൂട്ടലുകൾ തെറ്റി. ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയ കലിക്കറ്റ് 15–-ാം മിനിറ്റിൽത്തന്നെ ലക്ഷ്യംകണ്ടു. മൈതാനമധ്യത്തിന്റെ ഇടതുവിങ്ങിൽനിന്ന് ക്യാപ്‌റ്റൻ ഗനി അഹമ്മദ് നിഗം ഉയർത്തിയടിച്ച പന്ത് ഫോഴ്‌സ പ്രതിരോധത്തെ മറികടന്ന് ജോൺ കെന്നഡി പിടിച്ചെടുത്തു. പിന്നാലെ തോയ്‌സിങ്ങിനെ ലക്ഷ്യമാക്കി ബോക്‌സിലേക്ക് അളന്നുമുറിച്ചു നൽകി. തട്ടിയിടുകയേ വേണ്ടിവന്നുള്ളു ഈ മുന്നേറ്റക്കാരന്. ഇതോടെ പ്രതിരോധത്തിൽനിന്ന് ഫോഴ്‌സയും മുന്നേറ്റത്തിലേക്കിറങ്ങി. ആരാധകർ നിറഞ്ഞ ഫൈനൽപോരാട്ടത്തിൽ ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ് നിദാൽ കൊച്ചിയെയും ഗനി കലിക്കറ്റിനെയും നയിച്ചു. 31–-ാം മിനിറ്റിൽ പരിക്കേറ്റ ഗനിയെ പിൻവലിച്ച് കലിക്കറ്റ് ജിജോ ജോസഫിനെ കൊണ്ടുവന്നു. പിന്നാലെ ഹെയ്‌ത്തിക്കാരൻ ബെൽഫോർട്ട് പായിച്ച ലോങ്റേഞ്ച് ഗോൾകീപ്പർ എസ് ഹജ്മൽ രക്ഷപ്പെടുത്തി.
ഒന്നാംപകുതിയുടെ പരിക്കുസമയത്തും തുടക്കത്തിലും സമനില കണ്ടെത്താനുള്ള അവസരം ഫോഴ്‌സ പാഴാക്കി. 60–-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കാൻ കലിക്കറ്റിന് അവസരം ലഭിച്ചു. പക്ഷെ, തോയ്സിങ്ങിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. 70–-ാം മിനിറ്റിൽ സമനില നേടാനുള്ള കൊച്ചിയുടെ ശ്രമത്തിന് ക്രോസ്ബാർ തടസ്സമായി. സാൽ അനസിന്റെ ചിപ്പ് ഷോട്ടാണ് ഗോളാകാതെ പോയത്. 71–-ാം മിനിറ്റിൽ ഒലൻസിങ് എടുത്ത ഫ്രീകിക്ക് ബോക്‌സിലേക്ക് പറന്നു. സ്വതന്ത്രനായിനിന്ന ഏണസ്‌റ്റോ ഹെഡ്ഡറിലൂടെ നൽകിയ പാസ് ഇടംകാലിലൂടെ ബെൽഫോർട്ട് വലയിൽ എത്തിച്ചു (2–-0). അവസാന നിമിഷങ്ങളിൽ അർജുൻ ജയരാജിന്റെ നേതൃത്വത്തിൽ കൊച്ചി സമനിലയ്‌ക്കായി കോപ്പുകൂട്ടിയെങ്കിലും കലിക്കറ്റ് പ്രതിരോധം ഇളകിയില്ല. പരിക്കുസമയം റാഫേൽ അഗസ്‌റ്റോ ഒരുക്കിയ പന്തിൽനിന്നാണ് ദോറിയൽട്ടൻ ആശ്വാസം കണ്ടത്. പ്രഥമ സൂപ്പർ ലീഗിൽ 33 മത്സരങ്ങളാണ് നടന്നത്. 84 ഗോളുകൾ പിറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..