19 September Thursday
ആദ്യകളിയും ഫൈനലും കൊച്ചിയിൽ ; സ്റ്റാർ സ്‌പോർട്‌സിലും 
ഹോട്‌സ്റ്റാറിലും തത്സമയം

സൂപ്പർ ഫുട്ബോൾ ; സൂപ്പർ ലീഗ് കേരള മത്സരപട്ടിക പുറത്തിറക്കി

അജിൻ ജി രാജ്‌Updated: Thursday Aug 22, 2024

മലപ്പുറം എഫ്സി ടീം സ്പാനിഷ് താരം അയ്തർ അൽദാലുറിന്റെ നേതൃത്വത്തിൽ പരിശീലനത്തിൽ



കൊച്ചി
ആറ്‌ ടീമുകൾ, 65 ദിവസം, 33 മത്സരങ്ങൾ. കേരളത്തിന്റെ ഫുട്‌ബോൾ സ്വപ്‌നങ്ങളെ  മാറ്റിമറിക്കുമെന്ന്‌ കരുതുന്ന സൂപ്പർ ലീഗ്‌ കേരള കിക്കോഫിന്‌ ഒരുങ്ങുന്നു. സെപ്‌തംബർ ഏഴിന്‌ തുടങ്ങി നവംബർ 10ന്‌ അവസാനിക്കുന്ന പ്രഥമ സീസണിന്റെ മത്സരക്രമം പുറത്തിറക്കി. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫും ഫൈനലും. ആദ്യകളിയിൽ രാത്രി എട്ടിന്‌ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്‌സിയും ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയം,  മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയം എന്നിവിടങ്ങളിലും മത്സരമുണ്ട്‌. സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലും തത്സമയം കാണാം. ആദ്യകളി ഒഴികെ ബാക്കിയെല്ലാം രാത്രി ഏഴരയ്‌ക്കാണ്‌.

ഉദ്‌ഘാടനദിനം ആറിന്‌ ആഘോഷപരിപാടികളോടെയാണ്‌ തുടക്കം. ഗായകൻ ഡബ്‌സീ ഉൾപ്പെടെയുള്ള പ്രമുഖർ കലാവിരുന്നൊരുക്കും. ഉദ്‌ഘാടനച്ചടങ്ങിൽ കല–-കായിക–-രാഷ്‌ട്രീയ–-സാമൂഹ്യ രംഗത്തെ ഉന്നതർ പങ്കെടുക്കും. 

പത്ത്‌ റൗണ്ടുകളിലാണ്‌ മത്സരം. ഓരോ ടീമും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. ഒരു ടീമിന്‌ 10 മത്സരം.  പ്രാഥമികഘട്ടത്തിൽ കൂടുതൽ പോയിന്റ്‌ നേടുന്ന ആദ്യ നാല്‌ സ്ഥാനക്കാർ സെമിയിലേക്ക്‌ മുന്നേറും. നവംബർ അഞ്ചിന്‌ കോഴിക്കോടും ആറിന്‌ മലപ്പുറത്തുമാണ്‌ സെമി മത്സരങ്ങൾ. കൊച്ചി, മലപ്പുറം, കോഴിക്കോട് വേദികളിലായാണ് ആദ്യറൗണ്ട് മത്സരങ്ങൾ. സ്വന്തംതട്ടകത്തും എതിർതട്ടകത്തും കളിയുണ്ടാകും.

തിരുവനന്തപുരം കൊമ്പൻസിന്‌ ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയമാണ്‌ തട്ടകം. രണ്ടാംറൗണ്ട്‌ മുതലാണ്‌ ഇവിടെ കളി. മലപ്പുറത്തിന്റെയും തൃശൂർ മാജിക്‌ എഫ്‌സിയുടെയും ഹോംഗ്രൗണ്ട്‌ പയ്യനാടാണ്‌. കണ്ണൂർ വാരിയേഴ്‌സ്‌ എഫ്‌സിയും കലിക്കറ്റ് എഫ്‌സിയും കോഴിക്കോട്‌ കോർപറേഷൻ സ്റ്റേഡിയം പങ്കിടും. കൊച്ചിക്ക്‌ നെഹ്‌റു സ്‌റ്റേഡിയമാണ്‌ തട്ടകം. ആറ്‌ ക്ലബ്ബുകൾക്കും വിദേശ പരിശീലകരാണ്‌. ഓരോ ടീമിലും ആറ്‌ വിദേശ താരങ്ങൾ ആകാം. അന്തിമ പതിനൊന്നിൽ നാലുപേർക്ക്‌ കളിക്കാം. പരമാവധി രണ്ട്‌ ജൂനിയർ മലയാളി കളിക്കാരെയും ആദ്യ ടീമിൽ ഉൾപ്പെടുത്തണം.

പ്രദർശന മത്സരം 
30ന്‌ പയ്യനാട്‌
സൂപ്പർ ലീഗ്‌ കേരളയ്‌ക്ക്‌ മുന്നോടിയായുള്ള പ്രദർശന മത്സരത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിൽ. വയനാട്‌ ദുരിതബാധിതരെ സഹായിക്കാനാണ്‌ കളി. സൂപ്പർ ലീഗ്‌ കേരള ഓൾസ്റ്റാർസും കൊൽക്കത്ത മുഹമ്മദൻസും ഏറ്റുമുട്ടും. മലപ്പുറം പയ്യനാട്‌ 30ന്‌ രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം. ഇതുവഴി കിട്ടുന്ന തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവന ചെയ്യും. കേരള ഓൾസ്റ്റാർസിന്റെ പരശീലകനായി ബിനോ ജോർജ്‌ എത്തും. കേരളത്തെ സന്തോഷ്‌ ട്രോഫി ചാമ്പ്യൻമാരാക്കിയ ബിനോ നിലവിൽ ഈസ്റ്റ്‌ബംഗാളിന്റെ സഹപരിശീലകനാണ്‌. ആറ്‌ ക്ലബ്ബുകളിൽനിന്നുള്ള സൂപ്പർതാരങ്ങളാകും ഓൾസ്റ്റാർ ടീമിൽ.

രണ്ട്‌ 
വർഷത്തിനുശേഷം വിനീത്‌ കളത്തിൽ
മലയാളികളുടെ പ്രിയതാരം സി കെ വിനീത്‌ രണ്ടുവർഷത്തിനുശേഷം കളത്തിൽ. സൂപ്പർ ലീഗ്‌ കേരളയിൽ തൃശൂർ മാജിക്‌ എഫ്‌സിക്കായാണ്‌ മുപ്പത്താറുകാരൻ ബൂട്ടുകെട്ടുക. ടീമിന്റെ ഐക്കൺ താരംകൂടിയാണ്‌. ഐഎസ്‌എല്ലിലൂടെ ആരാധകരെ ത്രസിപ്പിച്ച കണ്ണൂരുകാരൻ 2022ലാണ്‌ അവസാനമായി കളിച്ചത്‌. ഐ ലീഗിൽ പഞ്ചാബ്‌ എഫ്‌സിക്കായി ഇറങ്ങി. പിന്നീട്‌ അക്കാദമി പ്രവർത്തനങ്ങളുമായി ഫുട്‌ബോളിൽ സജീവമാണെങ്കിലും കളത്തിൽ സാന്നിധ്യമുണ്ടായിരുന്നില്ല. ചിരാഗ്‌ യുണൈറ്റഡ്‌, പ്രയാഗ്‌ യുണൈറ്റഡ്‌, ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ്‌, ചെന്നൈയിൻ എഫ്‌സി, ജംഷഡ്‌പുർ എഫ്‌സി, ഈസ്റ്റ്‌ബംഗാൾ തുടങ്ങിയ ക്ലബ്ബുകൾക്കായും കളിച്ചു. ഇന്ത്യക്കായി ഏഴുതവണ കുപ്പായമിടുകയും ചെയ്‌തു. പ്രൊഫഷണൽ കളിജീവിതത്തിൽ 188 കളിയിൽ 46 ഗോളടിച്ചു.

റാഫേൽ അഗസ്‌റ്റോ കൊച്ചിയിൽ
ഐഎസ്‌എൽ ഫുട്‌ബോളിലൂടെ പരിചിതനായ ബ്രസീൽ മധ്യനിരക്കാരൻ റാഫേൽ അഗസ്‌റ്റോ ഫോഴ്‌സ കൊച്ചിയിൽ. ചെന്നൈയിൽ എഫ്‌സിക്കൊപ്പം 2015ലും 2018ലും ഐഎസ്‌എൽ ചാമ്പ്യനായ റാഫേൽ ബംഗളൂരു എഫ്സിക്കായും പന്തുതട്ടിയിട്ടുണ്ട്‌. ബ്രസീലിലെ വിഖ്യാത ക്ലബ് ഫുമിനെൻസെയിലൂടെയാണ്‌ മുപ്പത്തിമൂന്നുകാരന്റെ തുടക്കം. അമേരിക്ക, പോളണ്ട്‌, ബംഗ്ലാദേശ്‌ തുടങ്ങിയ ലീഗുകളിലും കളിച്ചു. കൊച്ചിയുടെ പോർച്ചുഗൽ പരിശീലകൻ മരിയോ ലെമോസിനുകീഴിൽ ബംഗ്ലാദേശ്‌ ടീം ധാക്ക അബദാനിക്കായി പന്തുതട്ടിയിട്ടുണ്ട്‌. ഇന്ത്യൻ മുൻ ഗോൾകീപ്പർ സുഭാശിഷ്‌ റോയ്‌ ചൗധരി, സന്തോഷ്‌ ട്രോഫി കേരള ടീം ക്യാപ്‌റ്റൻ നിജോ ഗിൽബർട്ട്‌, അർജുൻ ജയരാജ്‌ തുടങ്ങിയവരും ഫോഴ്‌സ കൊച്ചിയിലുണ്ട്‌.

മത്സരക്രമം 
(ബ്രാക്കറ്റിൽ വേദി)

സെപ്‌തംബർ 7–- 
ഫോഴ്‌സ കൊച്ചി x മലപ്പുറം എഫ്‌സി –രാത്രി 8 (കൊച്ചി)
സെപ്‌തംബർ 9–- തൃശൂർ മാജിക്‌ എഫ്‌സി  x കണ്ണൂർ വാരിയേഴ്‌സ്‌ –
രാത്രി 7.30 (മലപ്പുറം)
സെപ്‌തംബർ 10–- കലിക്കറ്റ്‌ എഫ്‌സി  x തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (കോഴിക്കോട്‌)
സെപ്‌തംബർ 13–- കണ്ണൂർ വാരിയേഴ്‌സ്‌ x ഫോഴ്‌സ കൊച്ചി –രാത്രി 7.30 (കോഴിക്കോട്‌)
സെപ്‌തംബർ 14–- മലപ്പുറം എഫ്‌സി x കലിക്കറ്റ്‌ എഫ്‌സി–രാത്രി 7.30 
(മലപ്പുറം)
സെപ്‌തംബർ 16–- തിരുവനന്തപുരം കൊമ്പൻസ്‌ x തൃശൂർ മാജിക്‌ എഫ്‌സി –രാത്രി 7.30 (തിരുവനന്തപുരം)
സെപ്‌തംബർ 18–- കലിക്കറ്റ്‌ എഫ്‌സി x ഫോഴ്‌സ കൊച്ചി –രാത്രി 7.30 
(കോഴിക്കോട്‌)
സെപ്‌തംബർ 20–- മലപ്പുറം എഫ്‌സി x തൃശൂർ മാജിക്‌ എഫ്‌സി –രാത്രി 7.30 (മലപ്പുറം)
സെപ്‌തംബർ 21–- തിരുവനന്തപുരം കൊമ്പൻസ്‌  x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (തിരുവനന്തപുരം)
സെപ്‌തംബർ 24–- കലിക്കറ്റ്‌ എഫ്‌സി  x തൃശൂർ മാജിക്‌ എഫ്‌സി –
രാത്രി 7.30 (കോഴിക്കോട്‌)
സെപ്‌തംബർ 25–- മലപ്പുറം എഫ്‌സി  x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (മലപ്പുറം)
സെപ്‌തംബർ 27–- ഫോഴ്‌സ കൊച്ചി  x തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (കൊച്ചി)
സെപ്‌തംബർ 28–- കലിക്കറ്റ്‌ എഫ്‌സി x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (കോഴിക്കോട്‌)
ഒക്‌ടോബർ 1–- തൃശൂർ മാജിക്‌ എഫ്‌സി x ഫോഴ്‌സ കൊച്ചി –രാത്രി 7.30 (മലപ്പുറം)
ഒക്‌ടോബർ 2–-തിരുവനന്തപുരം കൊമ്പൻസ്‌ x മലപ്പുറം എഫ്‌സി –
രാത്രി 7.30 (തിരുവനന്തപുരം)
ഒക്‌ടോബർ 5–-കണ്ണൂർ വാരിയേഴ്‌സ്‌ x തൃശൂർ മാജിക്‌ എഫ്‌സി –രാത്രി 7.30 (കോഴിക്കോട്‌)
ഒക്‌ടോബർ 6–-തിരുവനന്തപുരം കൊമ്പൻസ്‌ x കലിക്കറ്റ്‌ എഫ്‌സി –
രാത്രി 7.30 (തിരുവനന്തപുരം)
ഒക്‌ടോബർ 9–-മലപ്പുറം എഫ്‌സി x ഫോഴ്‌സ കൊച്ചി –രാത്രി 7.30
 (മലപ്പുറം)
ഒക്‌ടോബർ 11–-തൃശൂർ മാജിക്‌ എഫ്‌സി x തിരുവനന്തപുരം കൊമ്പൻസ്‌ –രാത്രി 7.30 (മലപ്പുറം)
ഒക്‌ടോബർ 12–-കലിക്കറ്റ്‌ എഫ്‌സി x മലപ്പുറം എഫ്‌സി –രാത്രി 7.30 
(കോഴിക്കോട്‌)
ഒക്‌ടോബർ 13–-ഫോഴ്‌സ കൊച്ചി x കണ്ണൂർ വാരിയേഴ്‌സ്‌ –രാത്രി 7.30 (കൊച്ചി)
ഒക്‌ടോബർ 18–--തൃശൂർ മാജിക്‌ എഫ്‌സി x മലപ്പുറം എഫ്‌സി –രാത്രി 7.30 (മലപ്പുറം)
ഒക്‌ടോബർ 19–--കണ്ണൂർ വാരിയേഴ്‌സ്‌ x തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (കോഴിക്കോട്‌)
ഒക്‌ടോബർ 20–--ഫോഴ്‌സ കൊച്ചി x കലിക്കറ്റ്‌ എഫ്‌സി –രാത്രി 7.30 
(കൊച്ചി)
ഒക്‌ടോബർ 25–--തിരുവനന്തപുരം കൊമ്പൻസ്‌ x -ഫോഴ്‌സ കൊച്ചി–
രാത്രി 7.30 (തിരുവനന്തപുരം)
ഒക്‌ടോബർ 26–--തൃശൂർ മാജിക്‌ എഫ്‌സി x -കലിക്കറ്റ്‌ എഫ്‌സി–രാത്രി 7.30 (മലപ്പുറം)
ഒക്‌ടോബർ 27–--കണ്ണൂർ വാരിയേഴ്‌സ്‌ x -മലപ്പുറം എഫ്‌സി–രാത്രി 7.30 
(കോഴിക്കോട്‌)
ഒക്‌ടോബർ 29–--ഫോഴ്‌സ കൊച്ചി x -തൃശൂർ മാജിക്‌ എഫ്‌സി–രാത്രി 7.30 (കൊച്ചി)
ഒക്‌ടോബർ 31–--കണ്ണൂർ വാരിയേഴ്‌സ്‌ x -കലിക്കറ്റ്‌ എഫ്‌സി–രാത്രി 7.30 
(കോഴിക്കോട്‌)
നവംബർ 1–--മലപ്പുറം എഫ്‌സി x -
തിരുവനന്തപുരം കൊമ്പൻസ്‌ –
രാത്രി 7.30 (മലപ്പുറം)
നവംബർ 5–- സെമി ഫൈനൽ 1 
(കോഴിക്കോട്‌)
നവംബർ 6–- സെമി ഫൈനൽ 2 
(മലപ്പുറം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top