കോഴിക്കോട്> സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വാരിയേഴ്‌സിനെ മലർത്തിയടിച്ച് തിരുവനന്തപുരം കൊമ്പൻസ്. കളി തീരാൻ മിനിറ്റുകൾമാത്രംശേഷിക്കെ പ്രതിരോധത്തിൽവന്ന പിഴവിൽ കണ്ണൂർ വീണു. കോഴിക്കാട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ 2–-1 ജയത്തോടെ കൊമ്പൻസ് സെമിയോട് അടുത്തു. കൊമ്പൻസിനായി ബ്രസീലിയൻ മുന്നേറ്റക്കാരൻ ഓട്ടമർ ബിസ്‌പോ, പകരക്കാരനായി ഇറങ്ങിയ മലപ്പുറംകാരൻ അക്‌മൽ ഷാൻ എന്നിവർ ലക്ഷ്യംകണ്ടു. അലിസ്റ്റർ അന്തോണിയുടേതായിരുന്നു കണ്ണൂരിന്റെ ആശ്വാസഗോൾ.
സെമി ഉറപ്പിക്കാൻ ഇരുടീമുകളും ആക്രമിച്ചുകളിച്ച മത്സരത്തിൽ 24–-ാം മിനിറ്റിൽ അലിസ്‌റ്റർ അന്തോണിയിലൂടെ കണ്ണൂരാണ് ലീഡ് നേടിയത്. കൊമ്പൻസ് പ്രതിരോധത്തിലെ പാസിങ് പിഴവ് അവസരമാക്കി വലതുപാർശ്വത്തിലൂടെ മുന്നേറിയ അലിസ്‌റ്റർ ക്യാപ്‌റ്റൻ അഡ്രിയാൻ സെർഡിനെറോയ്‌ക്ക് കൈമാറി ബോക്‌സിനകത്തേക്ക് കയറി. സെർഡിനെറോ ഒറ്റ ടച്ചിൽ മറിച്ചുനൽകിയ പന്ത് അലിസ്‌റ്റർ വലയിലാക്കി. 62–-ാം മിനിറ്റിൽ മനോഹരമായ സെറ്റ് പീസ് ഗോളിലൂടെ കൊമ്പൻസ് ഒപ്പമെത്തി. മൈതാനമധ്യത്തിന് അടുത്തുനിന്ന് ക്യാപ്‌റ്റൻ പാട്രിക് മോട്ടയെടുത്ത ഫ്രീകിക്കിനായി ബോക്‌സിൽ ഉയർന്നുചാടിയ ഓട്ടമർ ഗോളിയെ നിഷ്‌പ്രഭമാക്കി ഉള്ളിലേക്ക് കുത്തിയിട്ടു.
കളിതീരാൻ അഞ്ച് മിനിറ്റുള്ളപ്പോൾ കണ്ണൂരിന്റെ ഗോളി അജ്‌മലിനും പ്രതിരോധതാരം തിമോത്തിക്കും ആശയവിനിമയത്തിൽവന്ന പിഴവ് മുതലാക്കി പന്ത് ബൂട്ടിലാക്കിയ 22കാരൻ അക്‌മൽ ലീഗിലെ തന്റെ ആദ്യഗോൾ കുറിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിന്റെ ഡേവിഡ് ഗ്രാൻഡെ പന്ത് വലയിലെത്തിച്ചെങ്കിലും തിരുവനന്തപുരം പ്രതിരോധതാരത്തെ ഫൗൾ ചെയ്‌തതിനാൽ ഗോൾ അനുവദിച്ചില്ല. എട്ടുകളിയിൽ 12 പോയിന്റുമായി കൊമ്പൻസ് മൂന്നാമതെത്തി. കലിക്കറ്റും (13) കണ്ണൂരും (13) ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..