28 September Saturday

കൊമ്പനെ
 വീഴ്ത്തി ; സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ആദ്യജയം കുറിച്ച് ഫോഴ്‌സ കൊച്ചി

അജിൻ ജി രാജ്Updated: Saturday Sep 28, 2024

കേരള സൂപ്പർ ലീഗിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ഫോഴ്സ കൊച്ചിയുടെ ദൊറിയെൽട്ടൺ ഗോമസിന്റെ (9) ഗോൾശ്രമം ഫോട്ടോ: പി ദിലീപ്കുമാർ


കൊച്ചി
കുതിച്ചെത്തിയ കൊമ്പൻമാരെ തളച്ച്‌ ഫോഴ്‌സ കൊച്ചി സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ആദ്യജയം കുറിച്ചു. പിന്നിട്ടുനിന്നശേഷം 2–-1ന്‌ കരുത്തരായ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്‌ത്തി. പകരക്കാരനായെത്തിയ മലയാളിതാരം കെ പി രാഹുലും ദോറിയെൽടൺ ഗോമസ്‌ നാസിമെന്റോയുമാണ്‌ വിജയികൾക്കായി ഗോളടിച്ചത്‌. കൊമ്പൻസിനായി മാർകോസ്‌ വിൽഡർ ലക്ഷ്യം കണ്ടു. കന്നിജയത്തോടെ കൊച്ചി പോയിന്റ്‌ പട്ടികയിൽ മൂന്നാംസ്ഥാനത്തേക്കുയർന്നു. ആദ്യ തോൽവിയോടെ കൊമ്പൻസ്‌ നാലാമതായി.

സ്വന്തംതട്ടകത്തിൽ കരുത്തോടെയാണ്‌ കൊച്ചി തുടങ്ങിയത്‌. ഭാവനസമ്പന്നമായ നീക്കങ്ങളിലൂടെ മുന്നേറി. പലപ്പോഴും എതിരാളിയുടെ ഗോൾമുഖത്ത്‌ മിന്നലാക്രമണം നടത്തി. നാലാംമിനിറ്റിൽ മുന്നേറ്റക്കാരൻ ദോറിയെൽടണിന്റെ ഹെഡ്ഡർ പുറത്തുപോയി.  ക്യാപ്‌റ്റൻ അർജുൻ ജയരാജും വിങ്ങർ നിജോ ഗിൽബർട്ടുമായിരുന്നു നീക്കങ്ങൾക്ക്‌ ജീവൻ നൽകിയത്‌. എന്നാൽ, തുടക്കത്തിലെ മേൽക്കൈ തുടരാൻ ആതിഥേയർക്ക് കഴിഞ്ഞില്ല. ക്ഷമയോടെ കാത്തുനിന്ന കൊമ്പൻസ്‌ തനിനിറം കാട്ടാൻ തുടങ്ങി. എതിർ പോസ്റ്റിലേക്ക്‌ വിശ്രമമില്ലാതെ മാർച്ച്‌ ചെയ്‌തു. ഇതോടെ കൊച്ചി പ്രതിരോധം ചിതറി. ഇരുവശങ്ങളിൽനിന്ന്‌ ക്രോസുകൾ പറന്നു.  വലതുവിങ്ങിൽ മുഹമ്മദ്‌ അഷർ ഒറ്റയാൻ കുതിപ്പിലൂടെ ബോക്‌സിലേക്ക്‌ കടന്ന്‌ അടി തൊടുത്തെങ്കിലും പുറത്തായിരുന്നു.  ഇടതുപാർശ്വത്തിലൂടെ ഗണേശൻ നീട്ടിയ സുന്ദരൻ പന്ത്‌ ഗോൾമുഖത്ത്‌ മാർകോസ്‌ വിൽഡറിലെത്തി. എന്നാൽ, മുന്നേറ്റക്കാരന്റെ അടി കൊച്ചി ഗോളി എസ്‌ ഹജ്‌മൽ കൈയിലൊതുക്കി. തൊട്ടുപിന്നാലെ കാത്തിരുന്ന ഗോൾ കൊമ്പൻസ്‌ നേടി. ഡേവി കുൻഹിന്റെ കോർണറിൽനിന്ന്‌ ഉജ്വല ഹെഡ്ഡറിലൂടെ വിൽഡർ വലകുലുക്കി.

ഇടവേളയ്‌ക്കുശേഷം ഊർജം വീണ്ടെടുത്ത കൊച്ചിയായിരുന്നു കളത്തിൽ. 63–-ാംമിനിറ്റിൽ ദോഹിയൽട്ടണിന്റെ പാസിൽനിന്ന്‌ പകരക്കാരനായെത്തിയ രാഹുൽ സമനില ഗോളടിച്ചു. ദുർബലമായ വലംകാൽ ഷോട്ട്‌ ഗോൾകീപ്പർ മൈക്കിൾ അമെരികോ സാന്റോസിന്‌ പിടിയിലാക്കാനായില്ല. ഇതിനിടെ വീണ്ടും മുന്നിലെത്താനുള്ള സുവർണാവസരം കൊമ്പൻസ്‌ തുലച്ചു. പകരക്കാരൻ ഓട്ടെമെർ ബിസ്‌പോ ഗോളിമാത്രം മുന്നിൽനിൽക്കെ പുറത്തേക്കടിച്ചു. ഇരുവിങ്ങുകളിൽ മാറിമാറി കളിച്ച നിജോയുടെ മിന്നൽനീക്കം കൊച്ചിക്ക്‌ ജയം സമ്മാനിച്ചു. വലതുപാർശ്വത്തിൽനിന്ന്‌ നിജോയുടെ ക്രോസ്‌ തക്കംപാർത്തിരുന്ന ദോറിയെൽടണിന്റെ കാലുകളിലേക്ക്‌. ബ്രസീലുകാരന്‌ ഉന്നംതെറ്റിയില്ല. കൊച്ചി 2 കൊമ്പൻസ്‌ 1.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top