മഞ്ചേരി
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാംജയത്തോടെ ഫോഴ്‌സ കൊച്ചിയുടെ കുതിപ്പ്. തൃശൂർ മാജിക് എഫ്സിയെ ഒരു ഗോളിനാണ് തോൽപ്പിച്ചത്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സൈദ് മുഹമ്മദ് നിദാൽ നേടിയ ഗോളിനായിരുന്നു കൊച്ചിയുടെ ജയം. ഇതോടെ അഞ്ച് കളിയിൽ രണ്ടുവീതം ജയവും സമനിലയും ഒരു തോൽവിയുമായി എട്ട് പോയിന്റോടെ കൊച്ചി പട്ടികയിൽ രണ്ടാമതായി. രണ്ട് സമനിലയും മൂന്ന് തോൽവിയുമാണ് തൃശൂരിന്. രണ്ട് പോയിന്റുള്ള തൃശൂരിന്റെ സാധ്യത മങ്ങി.
കനത്ത മഴയായിരുന്നു കളത്തിൽ. മത്സരത്തിനും തുടക്കത്തിൽ വീറുണ്ടായില്ല. കിട്ടിയ അവസരങ്ങൾ പാഴായി. തൃശൂരിനാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ഗോളി എസ് ഹജ്‌മലിന്റെ തകർപ്പൻ സേവുകൾ കൊച്ചിയെ കാത്തു. പ്രതിരോധത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആദ്യ മിനിറ്റുകളിൽ തൃശൂരിന്റെ മുന്നേറ്റങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാൽ, പതുക്കെ കൊച്ചിയും കളിയിൽ താളം കണ്ടെത്തിയതോടെ മത്സരം മുറുകി. ഇതിനിടെ, സി കെ വിനീതിന് ബോക്‌സിനുള്ളിൽവച്ച് പന്ത് കിട്ടിയെങ്കിലും വലയിലേക്ക് തൊടുക്കാനായില്ല. ആദിലിന് പന്ത് മറിച്ചുനൽകി. ആദിലിന്റെ കിക്ക് ഷോട്ട് പ്രതിരോധത്തിൽ തട്ടി പുറത്തേക്ക് തെറിച്ചു.
കനത്ത മഴ കളിക്കാരുടെ നീക്കങ്ങളെയും കാര്യമായി ബാധിച്ചു. ആദ്യപകുതിക്ക് തൊട്ടുമുമ്പ് തൃശൂരിന് മറ്റൊരു അവസരം കിട്ടി. വിനീതിന്റെ ഷോട്ട് ഹജ്‌മൽ കുത്തിയകറ്റി. പിന്നാലെ എം എം അർജുൻ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റവും ലക്ഷ്യം കണ്ടിട്ടില്ല. തൃശൂരിന്റെ ബ്രസീൽ താരം ഉൽബർ സിൽവ ഗോമസും ഗോളിന് അരികെയെത്തി. ബോക്‌സിനുള്ളിൽ തൊടുത്ത കിക്ക് പുറത്തേക്ക് പോയി. ഇടവേള കഴിഞ്ഞുള്ള തുടക്കത്തിലും തൃശൂരിനായിരുന്നു അവസരങ്ങൾ. ഇടതുവശത്തുനിന്ന് ഇമ്മാനുവൽ ഹോക്കു നൽകിയ ക്രോസിൽ വിനീത് തലവച്ചെങ്കിലും പന്ത് ബാറിന് മുകളിലൂടെ പറന്നു.
പതുക്കെ കൊച്ചി കളം പിടിക്കാൻ തുടങ്ങി. അവസരങ്ങൾ ലഭിച്ചു. കെ പി രാഹുലിന്റെ ഷോട്ട് പക്ഷേ, പുറത്തേക്ക് പോയി. കളിതീരാൻ 17 മിനിറ്റ് ശേഷിക്കെ സിൽവ ഗോമസ് കൊച്ചി വലയിൽ പന്തെത്തിച്ചു. തൃശൂർ ആഘോഷം നീണ്ടില്ല. റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ കൊച്ചി ലക്ഷ്യംകണ്ടു. ഇടതുവശത്തിലൂടെ ദോറിയൽട്ടൺ ഗോമസിന്റെ മുന്നേറ്റം. ദോറിയൽട്ടണിന്റെ പാസ് നിയന്ത്രണത്തിലാക്കി ടുണീഷ്യക്കാരൻ നിദാൽ പന്ത് വലയിലേക്ക് തൊടുത്തു. തൃശൂർ ഗോളി ജെയ്മി ജോയിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ തറച്ചു. ആ ഗോളിൽ കൊച്ചി ജയം ഉറപ്പാക്കി.
കൊമ്പൻസിന് ഇന്ന് മലപ്പുറം
സൂപ്പർ ലീഗ് കേരളയിൽ ഇന്ന് തിരുവനന്തപുരം കൊമ്പൻസ് സ്വന്തം തട്ടകത്തിൽ മലപ്പുറം എഫ്‌സിയുമായി ഏറ്റുമുട്ടും. രാത്രി 7.30ന് തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് പോയിന്റുമായി പട്ടികയിൽ മൂന്നാംസ്ഥാനത്താണ് കൊമ്പൻസ്. നാല് പോയിന്റോടെ അഞ്ചാംസ്ഥാനത്താണ് മലപ്പുറം. കൊമ്പൻസിന് കരുത്ത് കൂട്ടാൻ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽനിന്നുള്ള ഇരുപത്തിരണ്ടുകാരൻ അബുൾ ഹസ്സൻ ടീമിനൊപ്പം ചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..