21 November Thursday
സൂപ്പർലീഗ്‌ കേരള വിജയം , സ്‌റ്റേഡിയങ്ങൾ നിറഞ്ഞു , അടുത്തവർഷം പുതിയ 
മാറ്റങ്ങൾ

ഫസ്റ്റ്‌ഹാഫ്‌ ഗംഭീരം - കെഎഫ്‌എ പ്രസിഡന്റ്‌ നവാസ്‌ മീരാൻ സംസാരിക്കുന്നു

അജിൻ ജി രാജ്‌Updated: Saturday Oct 5, 2024


കൊച്ചി
രാജ്യത്ത്‌ ആദ്യമായി ഐഎസ്‌എൽ മാതൃകയിൽ ആരംഭിച്ച സൂപ്പർലീഗ്‌ കേരള ഫുട്‌ബോൾ അഞ്ചു റൗണ്ട്‌ പിന്നിട്ടു. 15 മത്സരങ്ങൾ പൂർത്തിയായി. നാല്‌ വേദികളിലായി ഒന്നരലക്ഷത്തോളംപേർ കളി കണ്ടു. ഒരിടവേളയ്‌ക്കുശേഷം സ്‌റ്റേഡിയങ്ങളിലേക്ക്‌ ആരാധകർ മടങ്ങിയെത്തുകയാണ്‌. ഇതൊരു തുടക്കംമാത്രമാണെന്ന്‌ പ്രൊഫഷണൽ ലീഗിന്‌ ചുക്കാൻ പിടിക്കുന്ന കേരള ഫുട്‌ബോൾ അസോസിയേഷൻ (കെഎഫ്‌എ) പ്രസിഡന്റ്‌ നവാസ്‌ മീരാൻ പറയുന്നു. ലീഗിന്റെ സാധ്യതയും ആദ്യപകുതിയിലെ അനുഭവവും അദ്ദേഹം വിശദീകരിക്കുന്നു.


ആദ്യപകുതി സന്തോഷം
വലിയ സ്വപ്‌നത്തിന്റെ പിറകെയായിരുന്നു ഇത്രയും നാൾ. സൂപ്പർലീഗിനായി വലിയ തയ്യാറെടുപ്പാണ്‌ നടത്തിയത്‌. കേരളം ഈ ഫുട്‌ബോൾ അനുഭവം ഏറ്റെടുത്തതിൽ സന്തോഷമുണ്ട്‌. സ്‌റ്റേഡിയങ്ങൾ വീണ്ടും നിറയുന്നുവെന്നതാണ്‌ ഏറ്റവും പ്രധാനം. നേരിട്ടും ടിവിയിലും കളി കാണുന്നവരുടെ എണ്ണം കൂടിവരുന്നു. അടുത്ത അഞ്ചുറൗണ്ട്‌ നിർണായകമത്സരങ്ങളാണ്‌. അതിനാൽ ആവേശം കൂടും. പുതിയൊരു ഫുട്‌ബോൾ സംസ്‌കാരം കേരളത്തിൽ കൊണ്ടുവരാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ.

എല്ലാം പോസിറ്റീവ്‌

ഇത്തരമൊരു ലീഗ്‌ തുടങ്ങുമ്പോൾ പലർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ, കെഎഫ്‌എ ആദ്യംതൊട്ടേ ആത്മവിശ്വാസത്തിലായിരുന്നു. രാജ്യാന്തര വേദിയിൽ മികവുകാട്ടുന്ന കളിക്കാരുണ്ടാകണമെന്ന ചിന്തയാണ്‌ തുടക്കം. കേരളത്തിലെ കളിക്കാർക്ക്‌ വിദേശ കോച്ചുമാരുടെ കീഴിൽ വിദേശതാരങ്ങൾക്കൊപ്പം കളിക്കാമെന്നതാണ്‌ സുവർണാവസരം. ലീഗിനെ സംബന്ധിച്ച്‌ മികച്ച അഭിപ്രായമാണ്‌ എല്ലാവർക്കും. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അഭിനന്ദനം അറിയിച്ചു. മറ്റ്‌ സംസ്ഥാന അസോസിയേഷനുകളും ഈ മാതൃക പിന്തുടരാൻ പോവുകയാണ്‌.

‘വാർ’ വരും
അടുത്ത സീസണിൽ ‘വീഡിയോ അസിസ്റ്റന്റ്‌ റഫറി’ (വാർ) കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌. ഇന്ത്യയിൽ ഇതുവരെയില്ല. വാർ വന്നാൽ കളി മെച്ചപ്പെടും. റഫറിമാരുടെ പിഴവുകൾ കുറയും. അടുത്തവർഷത്തെ തയ്യാറെടുപ്പുകൾ തുടങ്ങി. വിദേശതാരങ്ങളുടെ കരാർനയത്തിൽ മാറ്റം വരുത്തും. കൂടുതൽ യുവതാരങ്ങളെ എത്തിക്കും. ടീമുകളുടെ എണ്ണം കൂട്ടുന്നത്‌ തൽക്കാലം പരിഗണനയിൽ ഇല്ല.

പുതുതലമുറയെ ഒരുക്കും
സൂപ്പർലീഗ്‌ ലക്ഷ്യമിടുന്നത്‌ അടിത്തട്ടിലുള്ള വളർച്ചയാണ്‌. ഈ സീസൺ കഴിഞ്ഞാലുടൻ ആറു ക്ലബ്ബുകളും അക്കാദമികളുമായി ചേർന്ന്‌ പ്രവർത്തിക്കും. വിവിധ പ്രായവിഭാഗങ്ങളിൽ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകും. സംസ്ഥാനത്തെ മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കും. നല്ല കളി പുറത്തെടുക്കുന്നവർക്ക്‌ 18–-ാംവയസ്സിൽ പ്രൊഫഷണൽ കരാർ നൽകും. വിദേശത്തുള്ള മാതൃകയാണിത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top