തിരുവനന്തപുരം > തിരുവനന്തപുരം കടമെടുത്ത ബ്രസീലിന്റെ സാമ്പ താളം വിജയിക്കുമോ അതോ കണ്ണൂർ വാരിയേഴ്സ് കടമെടുത്ത സ്പെയിനിന്റെ പാസിംഗ് ഗെയിം വിജയിക്കുമോ..? ഈ ചോദ്യമായിരുന്നു തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകർ ആരാഞ്ഞത്. മത്സരം മുഴുവൻ സമയം പൂർത്തിയാക്കി വിസിൽ മുഴങ്ങിയപ്പോൾ ഗോൾ നില 1-1 എന്നായതിനാൽ അതിന് ഉത്തരമുണ്ടായില്ല എന്നതായിരുന്നു സത്യം. പക്ഷേ കളിയുടെ അവസാനം ചിരി പടർന്നത് കൊമ്പൻസിൻ്റെ മുഖത്തായിരുന്നു. കാരണം തിരുവനന്തപുരം സമനില പിടിച്ചത് പത്ത് പേരെ വച്ചാണ്.
നാല് ബ്രസീൽ താരങ്ങളെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയാണ് കൊമ്പൻസ് കളിക്കാനിറങ്ങിയത്. കണ്ണൂർ ഇറങ്ങിയത് മൂന്ന് സ്പാനിഷ് താരങ്ങളുമായും. സ്പെയ്ൻകാരെ പോലെ തന്നെ പന്ത് കയ്യിൽ വച്ച് കളി തുടങ്ങിയെങ്കിലും എതിർമുഖത്തേക്ക് കാര്യമായ ആക്രമണം സംഘടിപ്പിക്കാൻ വാരിയേഴ്സിനായില്ല. അപ്പുറത്താവട്ടെ കൃത്യമായ ഇടവേളകളിൽ തിരുവനന്തപുരം എതിർഗോൾ മുഖത്തെ പരീക്ഷിക്കുകയും ചെയ്തു. എന്നാൽ ഇരു ടീമുകളുടേയും പ്രതിരോധം ഉറച്ച് നിന്നതോടെ ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നതുമില്ല. പക്ഷേ ആതിഥേയരുടെ നായകൻ പാട്രിക് മോത്ത ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിറ്റ് മുൻപ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് കൊമ്പൻസിന് വലിയ തിരിച്ചടിയായി.
എതിരാളികളുടെ അംഗബലത്തിൽ ഒരാളുടെ കുറവ് വന്നത് കണ്ണൂർ കൃത്യമായി ഉപയോഗിച്ചെങ്കിലും ഗോൾ അകന്ന് നിന്നു. കൊമ്പൻസിൻ്റെ അഞ്ചു താരങ്ങൾ പ്രതിരോധത്തിൽ അണിനിരന്നതായിരുന്നു കാരണം. എന്നാൽ 57-ാം മിനുട്ടിൽ കണ്ണൂർ ആ കോട്ട ഭേദിച്ചു. ഡിഫൻസീവ് മിഡ്ഫീൽഡർ ബോക്സിന് പുറത്തു നിന്നെടുത്ത ഷോട്ട് കൊമ്പൻസിന്റെ വലയിൽ വിശ്രമിച്ചു. അതോടെ തടിച്ചു കൂടിയ ആരാധകർ നിശബ്ദതയിലാഴുകയും ചെയ്തു. എന്നാൽ വിട്ടുകൊടുക്കാൻ കൊമ്പൻമാർ തയ്യാറായിരുന്നില്ല.
കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ആതിഥേയർക്ക് അനുകൂലമായ ഫ്രീ കിക്ക് ലഭിച്ചു. കണ്ണൂരിന്റെ ബോക്സിനു പുറത്തുനിന്ന് തിരുവനന്തപുരത്തിനായി ബ്രസീലുകാരൻ മാർകോസ് വിൽഡർ ഡാ സിൽവ സാൻ്റോസ് കിക്കെടുത്തു. ഈ കിക്ക് കണ്ണൂർ താരങ്ങൾ ഉയർത്തിയ വാളിൽ കൊണ്ട് ബോക്സിനുള്ളിൽ ഉണ്ടായിരുന്ന തിരുവനന്തപുരത്തിൻ്റെ മുന്നേറ്റക്കാരൻ ഗണേശന്റെ കാലിലേക്കെത്തി. ഈ അവസരം കൃത്യമായി മുതലാക്കിയ ഗണേശൻ കൊമ്പൻസിന് വേണ്ടി മത്സരം സമനിലയിൽ പിടിക്കുകയായിരുന്നു. ഗോൾ കീപ്പറെ നെട്മഗിലൂടെ കബളിപ്പിച്ചാണ് ഗണേശൻ്റെ ഗോൾ. ഗോൾ എത്തിയതോടെ നിശബ്ദതയിലായ ആരാധകർ പൊട്ടിത്തെറിക്കുകയും ചെയ്തു. തൂത്തുക്കുടിക്കാരനായ ഗണേശൻ തന്നെയാണ് കളിയിലെ താരവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..