തിരുവനന്തപുരം
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് സ്വന്തംതട്ടകത്തിൽ ആധികാരിക ജയം. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ആരവങ്ങൾ സാക്ഷിയാക്കി തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് കീഴടക്കി.
15–--ാംമിനിറ്റിൽ ടി എം വിഷ്ണുവും 69–--ാംമിനിറ്റിൽ ലാൽമംഗെയി സാംഗെയുമാണ് വലകുലുക്കിയത്. കളിയുടെ തുടക്കംമുതൽ കൊമ്പൻസിന്റെ മുന്നേറ്റമായിരുന്നു. തൃശൂർ കോർണർ വഴങ്ങിയാണ് പ്രതിരോധിച്ചത്. എന്നാൽ, അതിലൊരു കിക്ക് ഗോളിൽ അവസാനിച്ചു. ക്യാപ്റ്റൻ പാട്രിക് മോട്ട എടുത്ത കിക്ക് വിഷ്ണു ഹെഡ് ചെയ്ത് വലയിലാക്കി. തിരിച്ചടിക്കാനുള്ള മാജിക്കുമായി തൃശൂർ സജീവമായി. ഫ്രീകിക്കിൽനിന്ന് ഗോളടിക്കാനുള്ള അവസരം പാഴായി. ഫ്രീകിക്ക് കൊമ്പൻസിന്റെ പ്രതിരോധത്തിൽ തട്ടി തൃശൂർ ക്യാപ്റ്റൻ വിനീതിന്റെ മുന്നിലേക്ക്. വിനീത് എടുത്ത സിസർകട്ട് ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. അതിനിടെ റഫറിയോട് തർക്കിച്ച തൃശൂർ ഗോളി സഞ്ജീവൻ ഘോഷിന് മഞ്ഞ കാർഡ് കിട്ടി. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ സമനിലയ്‌ക്കായി കിണഞ്ഞുശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാംപകുതിയിൽ കൊമ്പൻസ് ലീഡ് ഉയർത്തി. മധ്യവരയ്ക്ക് സമീപത്തുനിന്ന് ക്യാപ്റ്റൻ പാട്രിക് മോട്ട എടുത്ത ഫ്രീകിക്ക് ഗോൾപോസ്റ്റിനു സമീപത്തുവച്ച് മാർക്കോസ് വലതുവിങ്ങിലേക്ക് ഹെഡ് ചെയ്തു. അത് മുന്നേറ്റതാരം ലാൽമംഗെയി സാംഗെയുടെ മുന്നിലേക്കായിരുന്നു. ഉശിരൻ ഷോട്ട് തൃശൂരിന്റെ വലയിൽ കയറി. അവസാനനിമിഷം ആശ്വാസഗോളിനായുള്ള തൃശൂരിന്റെ ശ്രമം കൊമ്പൻസ് ഗോളി തടഞ്ഞു.
തൃശൂരിന്റെ രണ്ടാംതോൽവിയാണ്. ആദ്യകളി സമനിലയിലായ കൊമ്പൻസിന് ജയത്തോടെ നാല് പോയിന്റായി. കലിക്കറ്റ് എഫ്സിക്കും കണ്ണൂർ വാരിയേഴ്സിനും നാല് പോയിന്റുണ്ട്. നാളെ കലിക്കറ്റ് ഫോഴ്സ കൊച്ചിയെ നേരിടും. കോഴിക്കോട്ടാണ് കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..