22 December Sunday

ദേശം, വിദേശം, ആശാന്മാർ ; ആറ്‌ ടീമുകളും എത്തുന്നത്‌ വിദേശകോച്ചുമാർക്ക്‌ കീഴിൽ

അജിൻ ജി രാജ്Updated: Wednesday Sep 4, 2024

സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിലെ പ്രധാന ആകർഷണം വിദേശപരിശീലകരാണ്‌. ആറ്‌ ടീമുകളും എത്തുന്നത്‌ പരിചയസമ്പന്നരായ വിദേശകോച്ചുമാർക്ക്‌ കീഴിൽ

കൊച്ചി
ജോൺ ഗ്രിഗറിയെ ഓർമയില്ലേ? ഐഎസ്‌എൽ ഫുട്‌ബോളിൽ ചെന്നൈയിൻ എഫ്‌സിയെ ചാമ്പ്യൻമാരാക്കിയ പരിശീലകൻ. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ്‌ എഴുപതുകാരന്‌. കാൽപ്പന്തിന്റെ ജന്മനാടായ ഇംഗ്ലണ്ടിൽനിന്ന്‌ 35 വർഷത്തെ പരിശീലന പരിചയവുമായി ഗ്രിഗറി മലപ്പുറത്തുണ്ട്‌. സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മലപ്പുറം എഫ്‌സിയുടെ ചുമതലക്കാരനാണ്‌ ഗ്രിഗറി. ഫുട്ബോളിന്റെ കളിത്തൊട്ടിലായ ഇംഗ്ലണ്ട്, സ്‌പെയ്‌ൻ, ബ്രസീൽ, ഇറ്റലി,  പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള സൂപ്പർ പരിശീലകരാണ് പ്രഥമ ലീഗിന്റെ സവിശേഷത.

പ്രഫഷണൽ ഫുട്‌ബോളിൽ പുതിയ തലത്തിലേക്കുയരാൻ കൊതിക്കുന്ന കേരള ഫുട്‌ബോളിന്‌ ഈ വിദേശ അനുഭവസമ്പത്ത്‌ മുതൽക്കൂട്ടാകും. വളർന്നുവരുന്ന താരങ്ങൾക്ക് വിദേശസാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. സൂപ്പർ ലീഗ് ഫുട്ബോളിലെ ആറ്‌ ക്ലബ്ബുകളുടെയും വിദേശ പരിശീലകരെ പരിചയപ്പെടാം.

ജോൺ ഗ്രിഗറി 
(ഇംഗ്ലണ്ട്‌)
മലപ്പുറം എഫ്‌സി
എസ്‌എൽകെയിലെ ഏറ്റവും പരിചയസമ്പന്നനായ പരിശീലകൻ. ഇന്ത്യയിലും ടീമിനെ ഒരുക്കിയ അനുഭവമുണ്ട്‌. മുൻ മധ്യനിരക്കാരനായ ഗ്രിഗറി 1989ലാണ്‌ പരിശീലകരംഗത്തെത്തിയത്‌. പോർട്‌സ്‌മൗത്ത്‌, ആസ്റ്റൺവില്ല, ഡെർബി കൗണ്ടി തുടങ്ങി ഇംഗ്ലണ്ടിലെ പ്രധാന ക്ലബ്ബുകളുടെ ചുമതല വഹിച്ചു. ഇസ്രയേൽ, കസാഖ്സ്ഥാൻ ലീഗുകളിലും ഭാഗമായി. 2017 മുതൽ രണ്ട്‌ സീസണുകളിലാണ് ചെന്നൈയിൽ കോച്ചായത്‌. 2018ൽ ഐഎസ്‌എൽ ചാമ്പ്യൻമാരായി. അതേവർഷം മികച്ച ഐഎസ്‌എൽ പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു.

മാനുവൽ സാഞ്ചസ് (സ്‌പെയ്‌ൻ)
കണ്ണൂർ വാരിയേഴ്‌സ്‌
വിങ്ങറായിരുന്നു മാനുവൽ സാഞ്ചസ്‌ മുറിയാസ്‌. സ്‌പാനിഷ്‌ ലീഗിൽ സെൽറ്റ വീഗോയ്‌ക്കായി ഉൾപ്പെടെ കുപ്പായമണിഞ്ഞ താരം. എന്നാൽ  കളിജീവിതത്തിന്‌ ആയുസ്‌ കുറവായിരുന്നു. 31–-ാംവയസ്സിൽ കളിമതിയാക്കി പരിശീലക കുപ്പായമിട്ടു. സ്‌പാനിഷ്‌ മൂന്നാം ഡിവിഷൻ ക്ലബ്ബായ റേസിങ്‌ ഫെരോളിലൂടെയാണ്‌ തുടക്കം. സ്‌പോർടിങ്‌ ഗിജോൺ, അവിലെസ്‌ തുടങ്ങിയ ടീമുകളെയും നിയന്ത്രിച്ചു. സ്‌പാനിഷ്‌ ഫുട്‌ബോൾ ശൈലിയാണ്‌ നാൽപത്തേഴുകാരന്റെ മുഖമുദ്ര. ചെറുപാസുകളിലൂടെ മുന്നേറുന്ന രീതി ലീഗിൽ ചലനമുണ്ടാക്കും.

ഇയാൻ ഗില്ലൻ 
(സ്‌കോട്‌ലൻഡ്‌)
കലിക്കറ്റ്‌ എഫ്‌സി
യൂറോപ്യൻ ഫുട്‌ബോൾ സമിതിയായ യുവേഫയുടെ പ്രോ ലൈസൻസ്‌ പരിശീലകനാണ്‌ സ്‌കോടിഷ്‌–ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഇയാൻ ആൻഡ്രു ഗില്ലൻ. ഇരുപത്‌ വർഷമായി പരിശീലകരംഗത്തുണ്ട്‌. 12 ടീമുകൾക്ക്‌ തന്ത്രമോതി.  വലിയ പരിചയസമ്പത്തുണ്ട‍്. സ്‌കോട്‌ലൻഡ്‌, ഇംഗ്ലണ്ട്‌, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ തുടങ്ങി വിവിധ ലീഗുകളിൽ കളി പഠിപ്പിച്ച അനുഭവമുണ്ട്‌. യുവതാരങ്ങൾക്ക്‌ അവസരം നൽകുന്നതിൽ ശ്രദ്ധാലുവാണ്‌. ആക്രമണ ഫുട്‌ബോളിന്‌ മുൻതൂക്കം നൽകിയാണ്‌ അമ്പത്തൊമ്പതുകാരൻ ടീമുകളെ ഒരുക്കാറ്‌.

ജിയോവാനി സ്‌കാനു 
(ഇറ്റലി)
തൃശൂർ മാജിക്‌ എഫ്‌സി
സഹപരിശീലകനായിട്ടായിരുന്നു ജിയോവാനി സ്‌കാനുവിന്റെ തുടക്കം. 2006 മുതൽ അഞ്ച്‌ വർഷം വിവിധ ഇറ്റാലിയൻ ക്ലബ്ബുകളിൽ സഹപരിശീലകനായി. നാലാംഡിവിഷൻ ടീമായ നുവോറെസെയുടെ മുഖ്യചുമതല വഹിച്ചാണ്‌ തുടക്കം. പിന്നീട്‌ പത്തോളം ക്ലബ്ബിന്റെ പരിശീലകനായി. യൂറോപ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെല്ലാം കളി മെനഞ്ഞു.  ഇറ്റലി, ലിത്വാനിയ, നൈജീരിയ, ബ്രസീൽ, ബംഗ്ലാദേശ്‌, മൾഡോവ എന്നിവിടങ്ങളിലെല്ലാം നാൽപ്പത്തൊമ്പതുകാരന്‌ അനുഭവസമ്പത്തുണ്ട്‌. സംഘടിത പ്രതിരോധവും ആക്രമണവുമാണ്‌ ശൈലി.

മരിയോ ലെമോസ്‌ (പോർച്ചുഗൽ)
ഫോഴ്‌സ കൊച്ചി
ലീഗിലെ പ്രായം കുറഞ്ഞ പരിശീലകനാണ്‌ മരിയോ ലെമോസ്‌. എന്നാൽ, വലിയ പരിചയസമ്പത്തുമായാണ്‌ മുപ്പത്തെട്ടുകാരൻ കേരളത്തിലെത്തുന്നത്‌. 21-–ാംവയസ്സുമുതൽ പരിശീലക കുപ്പായമിടുന്നുണ്ട്‌. ബംഗ്ലാദേശ്‌ ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായി ഉൾപ്പെടെ പ്രവർത്തിച്ചു. പോർച്ചുഗൽ, തായ്‌ലൻഡ്‌, മലേഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം സാന്നിധ്യമുണ്ടായി. പ്രമുഖ ബംഗ്ലാ ക്ലബ്‌ അബാനി ലിമിറ്റഡ്‌ ധാക്കയുടെ ചുമതല അഞ്ച്‌ വർഷം വഹിച്ചു. മൂന്ന്‌ കിരീടങ്ങൾ ഉൾപ്പെടെ ഒട്ടേറേ നേട്ടങ്ങൾ സ്വന്തമാക്കി.

സെർജിയോ 
അലെക്‌സാൻദ്രെ (ബ്രസീൽ)
തിരുവനന്തപുരം കൊമ്പൻസ്‌
ഏഷ്യയിൽ കളി പഠിപ്പിച്ച മെയ്‌വഴക്കവുമായാണ്‌ ബ്രസീലുകാരനായ സെർജിയോ അലെക്‌സാൻദ്രെ എത്തുന്നത്‌.  യുഎഇയിലെ അൽ റാംസ്‌, അൽ ഷാബ്‌ തുടങ്ങിയ പ്രധാന ടീമുകളുടെ കോച്ചായിരുന്നു. ഇന്തോനേഷ്യ, തായ്‌ലൻഡ്‌  ലീഗുകളുടെയും ഭാഗമായിരുന്നു. ബ്രസീലിൽനിന്നായതിനാൽ ആവനാഴിയിൽ ആയുധങ്ങൾ ഏറെയുണ്ട്‌. യുവേഫ പ്രൊ ലൈസൻസുള്ള അമ്പത്തേഴുകാരൻ 4–3–3  ശൈലി പിന്തുടരുന്നു.

സൂപ്പർ ലീഗ്‌ മിഡിൽ ഈസ്റ്റിലും കാണാം
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ മിഡിൽ ഈസ്റ്റ്‌ പ്രേക്ഷകരിലേക്കും. മനോരമ മാക്‌സിലൂടെയാണ്‌ ഗൾഫ്‌ മലയാളികളിൽ കളിയെത്തുന്നത്‌. ഇതോടെ പ്രഥമ സീസണിലെ എല്ലാ മത്സരങ്ങളും മിഡിൽ ഈസ്റ്റ്‌ പ്രേക്ഷകരിലെത്തും. ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സും ഹോട്‌സ്റ്റാറിലും കളി കാണാം. ഏഴിന്‌ കലൂർ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചിയും മലപ്പുറം എഫ്‌സിയും തമ്മിൽ രാത്രി എട്ടിനാണ്‌ ഉദ്‌ഘാടനമത്സരം. വൈകിട്ട്‌ ആറുമുതൽ കലാപരിപാടികൾ ആരംഭിക്കും. ഉദ്‌ഘാടനച്ചടങ്ങിൽ ബോളിവുഡ്‌ നായിക ജാക്‌ല്വിൻ ഫെർണാണ്ടസ്‌, ഡി ജെ സാവിയോ, ശിവമണി, ഡബ്‌സീ തുടങ്ങിയ പ്രമുഖർ പങ്കാളികളാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top