മലപ്പുറം
സൂപ്പർ ലീഗ് കേരളയുടെ രണ്ടാംമത്സരത്തിൽ തൃശൂർ മാജിക് എഫ്‌സി കണ്ണൂർ വാരിയേഴ്‌സ് ക്ലബ്ബിനെ നേരിടും. മലപ്പുറം മഞ്ചേരിക്കടുത്ത് പയ്യനാട് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം.
ഒരുമാസമായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയാണ് വാരിയേഴ്‌സ് കളത്തിലിറങ്ങുന്നത്. സ്‌പാനിഷ് പരിശീലകനും താരങ്ങളുമാണ് ടീമിന്റെ കരുത്ത്. മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസ് മുറിയാസിനുപുറമെ മുന്നേറ്റക്കാരൻ അഡ്രിയാൻ സാർഡിനെറോ, ഐസ്യർ ഗോമസ് അൽവാരസ്, ഡേവിഡ് ഗ്രാൻഡേ, പ്രതിരോധക്കാരൻ അൽവാരസ് ഫെർണാണ്ടസ്, വിങ്ങർ എലോയ് ഒർഡോണസ് മ്യൂനിസ് എന്നിവരാണ് ടീമിലെ സ്‌പാനിഷ് സാന്നിധ്യം.
അഞ്ചുവർഷമായി സ്‌പെയിനിൽ കളിക്കുന്ന കാമറൂൺകാരൻ ഏൺസ്റ്റൻ റൂബിസ് ലാവ്‌സാംബയാണ് ടീമിലെ ആറാമത്തെ വിദേശതാരം. ആദിൽ ഖാൻ, പി എ അജ്‌മൽ, ലിയാഖത്ത് അലി, എൻ പി അക്‌ബർ സിദ്ദീഖ്, മുഹമ്മദ് റിഷാദ് ഗഫൂർ, അബിൻ ആന്റണി, ജി എസ് ഗോകുൽ, അശ്വിൻകുമാർ, അമീൻ, പി നജീബ്, സി വി അജയ് എന്നിവരും കണ്ണൂർ സ്‌ക്വാഡിലുണ്ട്. വയനാടുകാരൻ ഷഫീഖ് ഹസ്സൻ സഹപരിശീലകനാണ്.
മുൻ ഇന്ത്യൻ താരം സി കെ വിനീതിന്റെ നായകത്വത്തിലാണ് തൃശൂർ കളത്തിലിറങ്ങുക. ഇറ്റലിക്കാരൻ ജിയോവാനി സ്‌കാനു മുഖ്യപരിശീലകന്റെ കുപ്പായമണിയുമ്പോൾ കേരളത്തിന് മികച്ച വിജയങ്ങൾ സമ്മാനിച്ച സതീവൻ ബാലനാണ് സഹപരിശീലകൻ. ബ്രസീലുകാരായ മുന്നേറ്റക്കാരൻ മാഴ്‌സെലോ ടോസ്‌കാനോ, പ്രതിരോധക്കാരൻ മാലിസൺ ആൽവെസ്, കാമറൂൺ മധ്യനിരക്കാരൻ ബെലെക് ഹെർമൻ എന്നിവരിൽ പ്രതീക്ഷ പുലർത്തുന്നു.
മലയാളിതാരങ്ങളായ മുഹമ്മദ് സഫ്‌നാദ്, ജസ്റ്റിൻ ജോർജ്, ഗിഫ്‌റ്റി ഗ്രേഷ്യസ്, പി പി സഫ്‌നീദ്, ജസീൽ, പി എ ആഷിഫ്, കെ പി ഷംനാദ്, വി ആർ സുജിത്, പി സി അനുരാഗ്, യൂനസ് റഫീഖ് തുടങ്ങിയവർ ഉൾപ്പെട്ടതാണ് തൃശൂർനിര.
ജേതാക്കൾക്ക് ‘ആനക്കപ്പ്’
സൂപ്പർ ലീഗ് കേരള ജേതാക്കൾക്ക് ഒരുകോടി രൂപമാത്രമല്ല സമ്മാനം. എട്ടു കിലോ വെള്ളിയിൽ തീർത്ത ആനക്കപ്പും നൽകും. ‘സഹോ’ എന്നാണ് ട്രോഫിക്ക് സംഘാടകർ നൽകിയ പേര്. ആന സഹ്യപർവതത്തിന്റെ പുത്രനെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ‘സഹോ’ എന്ന വിശേഷണം. കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ ഉദ്‌ഘാടനത്തിനുമുന്നോടിയായി ട്രോഫി അവതരിപ്പിച്ചു. കുട്ടിയാന ഫുട്‌ബോൾ കളിക്കുന്ന മാതൃകയിലാണ് രൂപകൽപ്പന. പിടിയുടെ ഭാഗം രണ്ട് ചെവികളാണ്. തുമ്പിക്കൈക്ക് ഇടയിൽ ഫുട്‌ബോളുമുണ്ട്. നെറ്റിപ്പട്ടത്തിൽ ജില്ലകളുടെ സംസ്‌കാരവും പാരമ്പര്യവും രേഖപ്പെടുത്തിയിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..