22 November Friday
തിരുവനന്തപുരത്തിനായി മുഹമ്മദ് അഷറും 
കലിക്കറ്റിനായി റിച്ചാർഡ‍് ഒസേയും ഗോളടിച്ചു

കൊമ്പനെ തളച്ചു ; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസും 
കലിക്കറ്റ്‌ എഫ്‌സിയും സമനില

ആർ അജയഘോഷ്‌Updated: Wednesday Sep 11, 2024

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽനടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ 
ഗോൾ നേടിയ കലിക്കറ്റ് എഫ്സിയുടെ റിച്ചാർഡ് ഒ-സേയ് (വലത്ത്) സഹകളിക്കാർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു ഫോട്ടോ: ബിനുരാജ്


കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ആദ്യവിജയം കൊതിച്ച തിരുവനന്തപുരം കൊമ്പൻസിനും കലിക്കറ്റ്‌ എഫ്‌സിക്കും സമനില. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി ഇരുടീമുകളും ഓരോ ഗോളടിച്ച്‌ പിരിഞ്ഞു.

കൊമ്പൻസിനായി മലയാളി യുവതാരം മുഹമ്മദ് അഷറും കലിക്കറ്റിനായി ഘാന താരം റിച്ചാർഡ് ഒസേയും വല കുലുക്കി. രണ്ട് ഗോളും പിറന്നത് ആദ്യപകുതിയിലാണ്.
മൂന്ന് അണ്ടർ 23 മലയാളിതാരങ്ങളുമായി കളത്തിലിറങ്ങിയ കൊമ്പൻസാണ് ആദ്യം ഗോളടിച്ചത്. 21–-ാംമിനിറ്റിൽ മുന്നേറ്റക്കാരൻ മുഹമ്മദ് അഷറിന്റെ മിന്നും ഷോട്ടിലൂടെ കൊമ്പൻസിന്റെ ആദ്യഗോൾ പിറന്നു. ടി എം വിഷ്ണു നീട്ടി നൽകിയ പന്ത്‌ ഇടതുകാലിൽ വാങ്ങി മുന്നോട്ട് കുതിച്ച അഷറിന്റെ വലംകാൽ ഷോട്ട് പോസ്‌റ്റിനുള്ളിലേക്ക്‌ ഇരച്ചുകയറി.

33–-ാംമിനിറ്റിൽ പ്രതിരോധതാരം റിച്ചാർഡ് ഒസേയയുടെ കലക്കൻ ഹെഡറിലൂടെയാണ്‌ കലിക്കറ്റ് ഒപ്പമെത്തിയത്‌. ബ്രിട്ടോയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ഗാനി നിഗം ഉയർത്തി നൽകിയ പന്ത് ഒസേ അനായാസം കുത്തിയിട്ടു. രണ്ടാംപകുതിയിൽ ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. കൊമ്പൻസിന്റെ ബ്രസീലിയൻ കരുത്തിനെ തടയാൻ സാധിച്ചതാണ്‌ കലിക്കറ്റിന്‌ രക്ഷയായത്‌. ഹരിയാനക്കാരൻ ഗോൾകീപ്പർ വിശാൽ ജൂൺ പലകുറി ടീമിനെ തുണച്ചു.

അടുത്ത കളി 
വെള്ളിയാഴ്‌ച
സൂപ്പർ ലീഗ്‌ കേരളയിൽ ഇന്നും നാളെയും കളിയില്ല. വെള്ളിയാഴ്‌ച കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ്‌ കൊച്ചി ഫോഴ്‌സയെ നേരിടും. കണ്ണൂർ ആദ്യകളി ജയിച്ചപ്പോൾ കൊച്ചി തോറ്റു. 14ന്‌ മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ ‘മലബാർ ഡെർബി’ നടക്കും.  മലപ്പുറം എഫ്‌സിയും കലിക്കറ്റ്‌ എഫ്‌സിയും തമ്മിലുള്ള പോരാട്ടം തീപാറും.  തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലെ ആദ്യകളി 16നാണ്‌. ആതിഥേയരായ തിരുവനന്തപുരം കൊമ്പൻസ്‌ തൃശൂർ മാജിക്‌ എഫ്‌സിയെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top