08 October Tuesday

അലക്‌സ്‌ സജി ; ഹൈദരാബാദിന്റെ ‘പ്രതിരോധ പാഠം’

പ്രദീപ് ഗോപാൽUpdated: Tuesday Oct 8, 2024


ഐഎസ്‌എൽ ഫുട്‌ബോൾ കഴിഞ്ഞ സീസണിൽ അപ്രതീക്ഷിത തിരിച്ചടി കിട്ടിയ ടീമായിരുന്നു ഹൈദരാബാദ്‌ എഫ്‌സി. ഇക്കുറി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്‌. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനമുണ്ടായില്ല. ഇടവേളയ്‌ക്കുമുമ്പുള്ള അവസാനകളിയിൽ ചെന്നൈയിൻ എഫ്‌സിയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. അലക്‌സ്‌ സജിയെന്ന വയനാട്ടുകാരനായിരുന്നു അന്ന്‌ ഹൈദരാബാദിന്റെ പ്രതിരോധത്തിൽ നിറഞ്ഞത്‌. ഹൈദരാബാദിനായി മൂന്നാംസീസണിൽ കളിക്കുന്ന ഇരുപത്തിനാലുകാരൻ ഇക്കുറി ടീമിന്റെ നായകൻകൂടിയാണ്‌. ഒപ്പം ഒരുപിടി മലയാളി താരങ്ങളും ടീമിലുണ്ട്‌. മുഹമ്മദ്‌ റാഫി, സോയൽ ജോഷി, പി എ അഭിജിത്‌, റാഷിദ്‌ മടമ്പില്ലത്ത്‌, അബ്‌ദുൾ റബീഹ്‌, ജോസഫ്‌ സണ്ണി, കെ സൗരവ്‌ എന്നിവരും ടീമിന്റെ ഭാഗമാണ്‌. ആകെ എട്ടു മലയാളിതാരങ്ങൾ. മലയാളിയായ ഷമീൽ ചെമ്പകത്ത് ആണ് സഹ പരിശീലകൻ.  അലക്‌സിന്റെ സഹോദരൻ അലൻ സജി എഫ്‌സി ഗോവയുടെ മുന്നേറ്റതാരമാണ്‌. ഹൈദരാബാദ്‌ ടീമിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും അലക്‌സ്‌ പങ്കുവയ്ക്കുന്നു.

പുതിയ സീസൺ
ഞങ്ങൾ വളരെ വൈകിയാണ്‌ തുടങ്ങിയത്‌. ഒരുക്കങ്ങൾ പൂർണമായില്ല. മൂന്ന്‌ വിദേശ താരങ്ങളാണ്‌ ടീമിലുള്ളത്‌. സ്ഥിരതയോടെ കളിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ഈ ഇടവേളയിലും ഓഫ്‌ സീസണിലും ഞങ്ങൾ പരിശീലനത്തിലാണ്‌.

പ്രതീക്ഷ, പ്രകടനം
മികച്ച കളി പുറത്തെടുക്കാൻ കഴിയും. ഒരുക്കത്തിന്റെ പ്രശ്‌നം ആദ്യകളികളിൽ ബാധിച്ചിരുന്നു. യുവതാരങ്ങളാണ്‌ ടീമിൽ. ഞാൻ ഉൾപ്പെടെ എട്ടു മലയാളിതാരങ്ങളുണ്ട്‌. കഴിഞ്ഞ സീസണിൽ എല്ലാവർക്കും കളിക്കാൻ കഴിഞ്ഞില്ല. ഈ സീസണിൽ എല്ലാവർക്കും അവസരം കിട്ടി.

മനസ്സറിഞ്ഞ കോച്ച്‌
താങ്‌ബോയ്‌ സിങ്‌തോയാണ്‌ പരിശീലകൻ. 17 വയസ്സുമുതൽ എന്നെ അറിയാവുന്ന കോച്ച്. യുവതാരങ്ങളുമായി നല്ല ബന്ധമാണ്‌. ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും പരിചയസമ്പന്നനായ പരിശീലകരിൽ ഒരാളാണ്‌. 

കളിയുടെ തുടക്കം
വയനാട്‌ മീനങ്ങാടി അക്കാദമിയിൽനിന്നായിരുന്നു തുടക്കം. തുടർന്ന്‌ റെഡ്‌സ്‌റ്റാർ ഫുട്ബോൾ അക്കാദമി, പിന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ റിസർവ്‌ ടീമിലെത്തി. അതിനിടെ രണ്ടുതവണ കേരളത്തിന്റെ സന്തോഷ്‌ ട്രോഫി ടീമിന്റെ ഭാഗമായി. ഗോകുലം കേരള എഫ്‌സിയിൽ മൂന്ന്‌ സീസൺ. ഒരുതവണ ഡ്യൂറൻഡ്‌ കപ്പ്‌ ജേതാക്കളായി. രണ്ടുതവണ തുടർച്ചായി ഐ ലീഗ്‌ കിരീടം നേടി. ഇതിനിടെ 2021ൽ ഇന്ത്യയുടെ അണ്ടർ 23 ടീമിലുണ്ടായിരുന്നു. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷം.

ഇന്ത്യൻ ടീം
ഏതൊരു കളിക്കാരനെയുംപോലെ ഇന്ത്യൻ ടീമിൽ കളിക്കുകയാണ്‌ സ്വപ്‌നം. ഇന്ത്യക്ക്‌ കളിച്ചവരിൽ അനസ്‌ എടത്തൊടികയോടാണ്‌ അടുപ്പം. ചെറിയ കുട്ടിയായിരുന്ന കാലംമുതൽ അറിയാം. കളിക്കാരനെന്ന നിലയിൽ ഏറെ സഹായിച്ചിട്ടുണ്ട്‌.

സൂപ്പർലീഗ്‌ കേരള
സൂപ്പർലീഗ്‌ കേരളയിലെ മത്സരങ്ങൾ കാണാറുണ്ട്‌. മികച്ച നിലവാരമുണ്ട്‌. കേരള ഫുട്‌ബോളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ലീഗിന്‌ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top