22 December Sunday

സൂപ്പർ ലീഗ് കേരള ; വീണ്ടും തോൽവി 
, തൃശൂർ പുറത്ത്‌

പി അഭിഷേക്‌Updated: Saturday Oct 19, 2024

തൃശൂർ മാജിക് എഫ്സിക്കെതിരെ ഹെഡറിലൂടെ ഗോൾ നേടുന്ന 
മലപ്പുറത്തിന്റെ പെഡ്രോ മാൻസി /ഫോട്ടോ: കെ ഷെമീർ


മലപ്പുറം
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ ഒറ്റ മത്സരവും ജയിക്കാനാകാതെ തൃശൂർ മാജിക് എഫ്സി പുറത്ത്‌. മലപ്പുറം എഫ്സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റാണ്‌ മടക്കം. ജയത്തോടെ മലപ്പുറം സാധ്യത നിലനിർത്തി.

മലപ്പുറത്തിനായി പെഡ്രോ മാൻസി ഇരട്ടഗോളടിച്ചു. ഒരെണ്ണം  അലെക്സ് സാഞ്ചസിന്റെ വകയായിരുന്നു. സാധ്യത നിലനിർത്താൻ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകൾക്കും മതിയാകുമായിരുന്നില്ല. പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ തൃശൂരും മലപ്പുറവും വീറോടെയാണ് പന്തുതട്ടിയത്. ആദ്യപകുതിയിൽ മലപ്പുറം താരങ്ങൾ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. തൃശൂർ ബോക്സിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. അരമണിക്കൂർ തികയുംമുമ്പ്‌ ബോക്സിന് പുറത്തുനിന്ന് മലപ്പുറത്തിന്റെ ജോസെബ ബൈറ്റിയയുടെ തകർപ്പൻ ഷോട്ട് തൃശൂർ ഗോൾകീപ്പർ വി കെ പ്രതീഷ് ചാടിത്തടുത്തു. പിന്നാലെ മലപ്പുറത്തിന്റെ അജിത് കുമാറിന്റെ പിഴവിൽ കിട്ടിയ പന്തുമായി തൃശൂരിന്റെ കെ പി ഷംനാദ് കുതിച്ചെങ്കിലും മുഹമ്മദ് സിനാൻ പ്രതിരോധം തീർത്തു.

ഇടവേളയ്‌ക്ക്‌ തൊട്ടുമുമ്പായിരുന്നു ആദ്യഗോൾ. സെർജിയോ ബാർബോസ ഉയർത്തിനൽകിയ പന്തിൽ തലവച്ച്‌ പെഡ്രോ മാൻസി മലപ്പുറത്തിനായി ലീഡ്‌ കുറിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ കോർണർ കിക്കിൽനിന്ന് ലഭിച്ച അവസരം തൃശൂരിന്റെ അലക്സ് സാന്റോസ്‌ പാഴാക്കി. ഹെഡർ ബാറിന്‌ മുകളിലൂടെ പുറത്തുപോകുകയായിരുന്നു. പിന്നാലെ മലപ്പുറത്തിന്‌ അനുകൂലമായി പെനൽറ്റി കിട്ടി. തൃശൂരിന്റെ ഡാനിയുടെ ഫൗളിലായിരുന്നു പെനൽറ്റി. അനായാസം പെഡ്രോ മാൻസി  ലക്ഷ്യംകണ്ടു. നേട്ടം രണ്ടാക്കി.  പ്രതിരോധത്തിൽ ശ്രദ്ധിച്ചായിരുന്നു തുടർന്ന്‌ മലപ്പുറത്തിന്റെ കളി.  തൃശൂരിന്റെ പ്രത്യാക്രമണങ്ങൾ എവിടെയുമെത്തിയില്ല. ഇതിനിടെ, മൂന്നാം ഗോളിലൂടെ മലപ്പുറം ജയമുറപ്പാക്കി.  അനസ് എടത്തോടിക നീട്ടിനൽകിയ പന്ത് വലയിലേക്ക്‌ തട്ടിയിട്ട്‌ പകരക്കാരൻ അലക്സാൻഡ്രോ സാഞ്ചസാണ്‌ ജയമുറപ്പിച്ചത്‌.

സെമി തേടി കണ്ണൂർ ഇന്ന് കൊമ്പൻസിനോട്
സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്‌സ്‌ ഇന്ന്‌ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. രാത്രി ഏഴരയ്‌ക്ക്‌ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. തോൽവിയറിയാതെ മുന്നേറുന്ന ടീമാണ്‌ ലീഗിൽ രണ്ടാമതുള്ള കണ്ണൂർ. മൂന്നുജയവും നാലുസമനിലയുമായി 13 പോയിന്റുണ്ട്‌. ഇന്ന്‌ ജയിച്ചാൽ സെമി ഉറപ്പിക്കാം.ഏഴുകളിയിൽ ഒമ്പതുപോയിന്റുള്ള തിരുവനന്തപുരം നാലാമതാണ്‌. രണ്ടുവീതം ജയവും തോൽവിയും മൂന്ന്‌ സമനിലയും. ഗോളടിക്കുന്നതിൽ മിടുക്കുകാട്ടുന്നുണ്ടെങ്കിലും ബ്രസീലിയൻ കരുത്തുള്ള ടീമിന്‌ നന്നായി ഗോൾ വഴങ്ങുന്നുമുണ്ട്‌. ഗോളടിക്കാർക്ക്‌ പന്തെത്തിക്കുന്ന ക്യാപ്‌റ്റൻ പാട്രിക്‌ മോട്ടയിലാണ്‌ കൊമ്പൻസിന്റെ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top