22 December Sunday
സൂപ്പർലീഗ്‌ കേരള ഫുട്ബോൾ

കുതിച്ചു കൊച്ചി ; തിരുവനന്തപുരം കൊമ്പൻമാരെ വീഴ്‌ത്തി ഫോഴ്‌സ കൊച്ചി

വി എസ് വിഷ്ണുപ്രസാദ്Updated: Friday Oct 25, 2024

കൊമ്പൻസിനെതിരായ ജയം ആഘോഷിക്കുന്ന ഫോഴ്സ കൊച്ചി ടീം / ഫോട്ടോ: എ ആർ അരുൺരാജ്


തിരുവനന്തപുരം
ആദ്യാവസാനം മഴയുടെ താളത്തിൽ മുന്നേറിയ ചൂടൻ പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻമാരെ വീഴ്‌ത്തി ഫോഴ്‌സ കൊച്ചി സെമി സാധ്യത നിലനിർത്തി. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ്‌ കൊച്ചിയുടെ വിജയം. ഇരട്ടഗോൾ നേടിയ ബ്രസീലിയൻ താരം ദോറിയൽട്ടൺ ഗോമസാണ്‌ വിജയശിൽപ്പി.

എട്ടാംമിനിറ്റിൽ ദോറിയൽട്ടൺ ആദ്യഗോൾ നേടി. അമീൻ നൽകിയ ലോങ്‌പാസ്‌ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യഗോളിന്‌ മറുപടി നൽകാൻ കൊമ്പൻമാർക്ക്‌ 66–-ാംമിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മുഹമ്മദ്‌ അഷറിന്റെ സഹായത്തോടെ ബ്രസീലിയൻ താരം ഓട്ടമെർ ബിസ്--പോയാണ് ഗോൾ മടക്കിയത്‌. എതിരാളികളുടെ അരഡസനോളം ഷോട്ടുകൾ കോട്ടകെട്ടിത്തടുത്ത കൊച്ചി ഗോളി എസ് ഹജ്‌മലിന്‌ ആകെപ്പിഴച്ചത്‌ ഒറ്റത്തവണയായിരുന്നു. പലപ്പോഴും ഹജ്‌മലിനെ മറികടക്കാനാകാതെ കൊമ്പൻമാർ വിയർത്തു. 87–-ാംമിനിറ്റിൽ റോഡ്രിഗസിലൂടെ കൊച്ചി ലീഡ്‌ നേടി. പരിക്കുസമയത്ത് ദോറിയൽട്ടൺ വീണ്ടും തീപ്പന്തമായതോടെ കൊമ്പൻമാർക്ക്‌ മറുപടിയില്ലാതെയായി. മത്സരം അവസാനിക്കുന്നതിന്‌ നിമിഷങ്ങൾ ബാക്കിനിൽക്കെ പ്രതിരോധനിരയിലെ അബ്‌ദുൾ ബാദിഷിന്‌ ചുവപ്പുകാർഡ്‌ ലഭിച്ചതും കൊമ്പൻമാർക്ക്‌ തിരിച്ചടിയായി.

ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ  കൊമ്പൻസിന്റെ അവസാന മത്സരമായിരുന്നു. വിജയത്തോടെ പോയിന്റ്‌ പട്ടികയിൽ കൊമ്പൻസിനെ മറികടന്ന്‌ മൂന്നാംസ്ഥാനത്തെത്താനും കൊച്ചിക്ക്‌ കഴിഞ്ഞു. കൊച്ചിക്ക്‌ 30ന്‌ തൃശൂരുമായാണ്‌ അവസാനമത്സരം.   കൊമ്പൻമാർക്ക്‌ ഒന്നിന്‌ മലപ്പുറമാണ്‌ എതിരാളി. തോറ്റാൽ സെമി സാധ്യതകൾക്ക് മങ്ങലാകും.  ഇന്ന് കലിക്കറ്റ്‌ എഫ്‌സിയും തൃശൂർ മാജിക്‌ എഫ്‌സിയെ നേരിടും. മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top