21 November Thursday
തൃശൂരിന്‌ തോൽവിയോടെ മടക്കം

കൊച്ചിക്ക് വീണ്ടും ദോറിയൽടൺ ; തൃശൂരിനെ ഒരു ഗോളിന് തോൽപ്പിച്ചു

അജിൻ ജി രാജ്‌Updated: Tuesday Oct 29, 2024



കൊച്ചി
ബ്രസീലുകാരൻ ദോറിയൽടൺ ഗോമസിന്റെ ബൂട്ടുകൾ ഒരിക്കൽക്കൂടി ഫോഴ്‌സ കൊച്ചിക്ക്‌ ആഘോഷിക്കാനുള്ള വകയൊരുക്കി. ഈ ബ്രസീലുകാരന്റെ ഒറ്റഗോളിൽ കൊച്ചി തൃശൂർ മാജിക്‌ എഫ്‌സിയെ വീഴ്‌ത്തി (1–-0). അഞ്ചുഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമതുമാണ്‌ ദോറിയൽടൺ. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഇരുടീമുകളും 10 റൗണ്ട്‌ പൂർത്തിയാക്കി. സെമി നേരത്തേ ഉറപ്പിച്ച കൊച്ചി 16 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌. 10 കളിയിൽ ഏഴും തോറ്റാണ്‌ തൃശൂരിന്റെ മടക്കം. ഒറ്റജയംമാത്രമാണവർക്ക്‌.

സ്വന്തംതട്ടകത്തിൽ കൊച്ചിയുടെ അവസാന അങ്കമായിരുന്നു ഇത്‌. കളിയിലുടനീളം അനവധി അവസരങ്ങൾ കിട്ടിയിട്ടും ഒന്നുമാത്രമാണവർക്ക്‌ ലക്ഷ്യത്തിലെത്തിക്കാനായത്‌. തുടക്കത്തിലേ സാധ്യതകൾ പ്രയോജനപ്പെടുത്താനായില്ല. വലതുഭാഗത്തിൽനിന്ന്‌ ദോറിയൽടൺ തൊടുത്ത ക്രോസ്‌ ഗോൾമുഖത്ത്‌ നിലയുറപ്പിച്ച ബസന്ത സിങ്ങിന്‌ ലക്ഷ്യത്തിലേക്ക്‌ അയക്കാനായില്ല. പാഞ്ഞെത്തിയ ജസ്റ്റിൻ ജോർജ്‌ ഈ നീക്കം നിർവീര്യമാക്കി. തൊട്ടുപിന്നാലെ പകരക്കാരനായെത്തിയ കെ പി രാഹുലിന്റെ ശ്രമവും തടഞ്ഞ്‌ ജസ്റ്റിൻ രക്ഷകനായി. എൻഗുബോ സിയാന്ത പരിക്കേറ്റ്‌ മടങ്ങിയതോടെയാണ്‌ രാഹുൽ കളത്തിലെത്തിയത്‌. ഇടവേളയ്‌ക്കുമുമ്പ്‌ തൃശൂരിന്‌ അവസരമുണ്ടായി. ബംഗാളുകാരൻ അഭിജിത്‌ സർക്കാറിന്റെ ഹെഡർ പുറത്തേക്കായിരുന്നു. ഗോളിമാത്രമായിരുന്നു മുന്നിൽ.

ഇടവേളയ്‌ക്കുശേഷവും കൊച്ചി മുന്നേറ്റനിര ഉണർന്നില്ല. ദോറിയൽടൺ തുടരെ നാല്‌  അവസരം പാഴാക്കി. ആദ്യം ഗോളിമാത്രം മുന്നിൽനിൽക്കെ ഷോട്ടുതിർക്കാമായിരുന്നിട്ടും രാഹുലിന്‌ പന്ത്‌ കൈമാറി. അടുത്തത്‌ രണ്ടും പുറത്തേക്കടിച്ചു. ആതിഥേയരുടെ നിരന്തര ആക്രമണങ്ങളിൽ തൃശൂർ പ്രതിരോധം വിറച്ചു. ഗോൾകീപ്പർ വി വി പ്രതീഷാണ്‌ അവരുടെ രക്ഷയ്‌ക്കെത്തിയത്‌.

ദോറിയൽടണിന്റെ ഹെഡറും റോഡ്രിഗസ്‌ അയാസോയുടെ കിടിലൻ ഷോട്ടും പ്രതീഷ്‌ അകറ്റി. ഇതിനിടെ, മിന്നൽ പ്രത്യാക്രമണത്തിലൂടെ തൃശൂരുകാർ കളംപിടിച്ചു. അഭിജിതിന്റെയും പി ആദിലിന്റെയും ശ്രമം എസ്‌ ഹജ്‌മൽ കൈയിലാക്കി. കൊച്ചി കാത്തിരുന്ന നിമിഷമെത്തിയത്‌ 81–-ാം മിനിറ്റിലാണ്‌. പകരക്കാരനായെത്തിയ കെ ആസിഫിന്റെ ഒറ്റയാൻ കുതിപ്പാണ്‌ തുടക്കമിട്ടത്‌. ഇടതുഭാഗത്തുനിന്ന്‌ ആസിഫ്‌ പന്ത്‌ രാഹുലിന്‌ നൽകിയെങ്കിലും നിയന്ത്രിക്കാനായില്ല. ഇത്‌ കിട്ടിയത്‌ തൃശൂരുകാരൻ ഹെൻഡ്രി ആന്റണിക്കായിരുന്നു. ഈ പ്രതിരോധക്കാരന്റെ പിഴവ്‌ പാസ്‌ പിടിച്ചെടുത്ത്‌ ദോറിയൽടൺ അടി തൊടുത്തു. പ്രതീഷിന്റെ കാലുകൾക്കിടയിലൂടെ പന്ത്‌ വലയിലെത്തി.

ലീഗിൽ ഇന്ന്‌ കളിയില്ല. നാളെ കണ്ണൂർ വാരിയേഴ്‌സും കലിക്കറ്റ്‌ എഫ്സിയും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ആദ്യസ്ഥാനക്കാരാകും. കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം.

ഫോട്ടോ: പി ദിലീപ്കുമാർ

ഫോട്ടോ: പി ദിലീപ്കുമാർ


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top