കോഴിക്കോട്
ബ്രസീലിയൻ താരം ദോറിയൽട്ടൻ ഗോമസിന്റെ ഇരട്ടഗോളിൽ കണ്ണൂർ വാരിയേഴ്‌സിനെ തകർത്ത് ഫോഴ്‌സ കൊച്ചിസൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ഫൈനലിൽ. ഞായറാഴ്‌ച നടക്കുന്ന കലാശപ്പോരിൽ ആതിഥേയരായ കലിക്കറ്റ് എഫ്‌സിയാണ് എതിരാളി. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയമാണ് വേദി.
ഇതേ വേദിയിൽ നടന്ന രണ്ടാംസെമിയിൽ ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം ഇരുടീമുകളും ഉണർന്നുകളിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ദോറിയൽട്ടൻ ബൈസിക്കിൽ കിക്കിലൂടെ വലയിലാക്കി. കണ്ണൂരിന് ശ്വാസംവിടുംമുമ്പേ ദോറിയൽട്ടണിന്റെ കാലിൽനിന്ന് രണ്ടാംഗോളും പിറന്നു. ക്യാപ്റ്റൻ സയിദ് മുഹമ്മദ് നിദാന്റെ കുറുകിയ പാസിൽനിന്നായിരുന്നു ആ ഗോൾപിറവി. ഇടതുവിങ്ങിലൂടെ മുന്നേറി ദോറിയൽട്ടൻ തൊടുത്ത ഗ്രൗണ്ടർ കണ്ണൂർ ഗോളി അജ്മലിന്റെ കൈകൾക്ക് ഇടയിലൂടെ പോസ്റ്റിൽ കയറി (2–-0). ലീഗിൽ ഏഴ് ഗോളുകളുമായി ടോപ്‌സ്‌കോറാറാണ് ദോറിയൽട്ടൻ.
സ്‌പെയിൻകാരൻ അഡ്രിയാൻ സെർഡിനേറോ കണ്ണൂരിനെയും ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ് നിദാൽ കൊച്ചിയെയും നയിച്ച മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ ഗോൾസാധ്യതയുള്ള ഒരുനീക്കംപോലും ഇരുഭാഗത്തുനിന്നുമുണ്ടായില്ല. തുടക്കത്തിൽ ദോറിയൽട്ടൻ ഒത്താശ ചെയ്ത പന്തിൽ മലയാളി താരം നിജോ ഗിൽബർട്ടിന്റെ ഗോൾശ്രമം കണ്ണൂർ പോസ്റ്റിന്റെ മുകളിലൂടെ പറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..