23 November Saturday
സൂപ്പർ ലീഗ്‌ കാണാൻ 
സ്‌റ്റേഡിയത്തിൽ 
എത്തിയത്‌ മൂന്നുലക്ഷം 
കാണികൾ

സൂപ്പർ ലീഗ് സൂപ്പർ ഹിറ്റ്‌ ; കളം നിറഞ്ഞ് കാണികൾ

അജിൻ ജി രാജ്‌Updated: Wednesday Nov 13, 2024

സൂപ്പർ ലീഗ് കേരള ഫെെനലിനുശേഷം കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിലെ ആഘോഷം /ഫോട്ടോ: ബിനുരാജ്


കൊച്ചി
കേരള ഫുട്‌ബോൾ വീണ്ടെടുപ്പിന്റെ പാതയിലാണ്‌. സൂപ്പർ ലീഗ്‌ കേരള കന്നി സീസണിൽ വിപ്ലവകരമായ മാറ്റത്തിന്‌ തുടക്കമിട്ടിരിക്കുന്നു. മൂന്നുലക്ഷത്തോളം കാണികൾ സ്‌റ്റേഡിയത്തിൽ നേരിട്ടെത്തി. തത്സമയ സംപ്രേഷണംവഴി ടിവിയിലൂടെയും ഓൺലൈനിലൂടെയും കണ്ടവരുടെ എണ്ണം ഇതിലധികംവരും. 33 മത്സരങ്ങൾ കാണാൻ 2,97,632 പേർ സ്‌റ്റേഡിയത്തിൽ എത്തിയതായാണ്‌ കണക്ക്‌. കോഴിക്കോട്ട്‌ സെമിക്കും ഫൈനലിനും മാത്രം 64,739 പേരുണ്ടായിരുന്നു. കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ഫൈനൽ കണ്ട 35,672 കാണികൾ സമീപകാല റെക്കോഡാണ്‌.  

മൂന്നുലക്ഷം 
കാണികൾ
നീണ്ട ഇടവേളയ്‌ക്കുശേഷമാണ്‌ കേരളത്തിൽ സ്‌റ്റേഡിയം നിറയുന്നത്‌. നാല്‌ വേദികളിലായിട്ടായിരുന്നു മത്സരങ്ങൾ. ഏറ്റവും കൂടുതൽ ആളെത്തിയത്‌ കോഴിക്കോട്ടെ സ്‌റ്റേഡിയത്തിലാണ്‌. ഇവിടെ 13 മത്സരങ്ങൾ നടന്നപ്പോൾ 1,46,529 പേർ ടിക്കറ്റെടുത്തു. മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയമാണ്‌ രണ്ടാമത്‌. 66,319 കാണികളെത്തി. ഒമ്പതു കളി അരങ്ങേറി. ഒന്ന്‌ മഴ കാരണം ഉപേക്ഷിച്ചിരുന്നു.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ 42,206 പേരെത്തി. അഞ്ച്‌ പോരാട്ടങ്ങൾക്കാണ്‌ ഇവിടെ വേദിയായത്‌. നീണ്ട ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയ ഫുട്‌ബോൾ ആവേശം തലസ്ഥാനനഗരവും ഏറ്റെടുത്തു. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിൽ നടന്ന അഞ്ചു മത്സരം കാണാനായി 42,578 കളിപ്രേമികളെത്തി. 18 വർഷത്തിനുശേഷമാണ്‌ തിരുവനന്തപുരത്ത്‌ പ്രധാന ഫുട്‌ബോൾ ടൂർണമെന്റ്‌ നടക്കുന്നത്‌.

സ്റ്റാർ സ്‌പോർട്‌സിലും ഹോട്‌സ്റ്റാറിലുമായി ലക്ഷക്കണക്കിനാളുകൾ കളി കണ്ടു. പ്രധാനമായും ലീഗ് സംപ്രേക്ഷണം ചെയ്--ത ‘സ്റ്റാർ സ്‌പോർട്‌സ്‌ ഫസ്റ്റ്‌’ ചാനലിൽ ഒരു മത്സരം ശരാശരി 9 മുതൽ പത്ത്‌ ലക്ഷം വരെയാളുകൾ കണ്ടുവെന്നാണ്‌ കണക്ക്‌. ഇംഗ്ലീഷിൽ കൂടാതെ മലയാളത്തിലും കമന്ററി ഉണ്ടായിരുന്നു. ഗൾഫ്‌ മേഖലയിൽ മനോരമ മാക്‌സിലും മത്സരം തത്സമയ സംപ്രേഷണമുണ്ടായിരുന്നു. ഉദ്‌ഘാടനമത്സരം മാത്രം രണ്ടുലക്ഷത്തിലധികമാളുകൾ ഹോട്‌സ്റ്റാർവഴി കണ്ടു.

പിന്തുടർന്ന്‌ ബംഗാളും ഉത്തർപ്രദേശും
സൂപ്പർ ലീഗ്‌ മാതൃക പിന്തുടർന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളും രംഗത്തുവരികയാണ്‌. ഇന്ത്യൻ ഫുട്‌ബോളിന്റെ പവർ ഹൗസായ ബംഗാളാണ്‌ ആദ്യപിൻഗാമി. കേരളം കാട്ടിയ വഴിയിൽ പുതിയ ലീഗ്‌ ആരംഭിക്കുകയാണവർ. എട്ടു ടീമുകളെ ഉൾപ്പെടുത്തി ‘ബംഗാൾ ഫുട്‌ബോൾ പ്രീമിയർ ലീഗ്‌’ പ്രഖ്യാപിച്ചുകഴിഞ്ഞു. 45 ദിവസം നീളുന്ന ലീഗിൽ 60 മത്സരമുണ്ടാകും. വിദേശതാരങ്ങൾ ഉൾപ്പെടെ 160 പേർ ബൂട്ടുകെട്ടും.

ഉത്തർപ്രദേശിൽ ‘ഉത്തർപ്രദേശ്‌ സൂപ്പർ ലീഗ്‌’ അടുത്തവർഷം മാർച്ച്‌–-ഏപ്രിൽ മാസങ്ങളിലായി അരങ്ങേറും. എട്ടു ടീമുകളാണുണ്ടാവുക. മേഘാലയയിൽ ‘ഷില്ലോങ്‌ പ്രീമിയർ ലീഗും’ ആരംഭഘട്ടത്തിലാണ്‌. നിലവിലെ ടൂർണമെന്റ്‌ നവീകരിക്കും. പത്തു ടീമുകളാണ്‌ പുതിയ പതിപ്പിൽ. ഗുജറാത്തും നിലവിലെ ലീഗ്‌ പരിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. നാഗാലാൻഡും ചർച്ച തുടങ്ങിക്കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top