മുംബൈ
ശ്രീലങ്കയുമായുള്ള മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ സൂര്യകുമാർ യാദവ് ഇന്ത്യൻ ക്യാപ്‌റ്റനാകും. ഹാർദിക് പാണ്ഡ്യയെ പിന്തള്ളിയാണ് സൂര്യയുടെ നിയമനം.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വൈസ്‌ക്യാപ്‌റ്റനായിരുന്ന ഹാർദിക് 16 ട്വന്റി20യിലും മൂന്ന് ഏകദിനത്തിലും ടീമിനെ നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെയും ഗുജറാത്ത് ടൈറ്റൻസിന്റെയും ചുമതല വഹിച്ചു. ബാറ്റിങ് നിരയിലെ നെടുംതൂണായ സൂര്യയാകട്ടെ ഏഴ് ട്വന്റി20യിൽ ക്യാപ്‌റ്റനായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ നേതൃത്വവും വഹിച്ചു. ശാരീരികക്ഷമതാ പ്രശ്‌നങ്ങളും അമിത ഉത്തരവാദിത്വങ്ങളും ഒഴിവാക്കാനാണ് ഹാർദിക്കിനെ മാറ്റിനിർത്തിയതെന്നാണ് സൂചന. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ പുതിയ ക്യാപ്‌റ്റനെ തേടുകയായിരുന്നു ഇന്ത്യ. സൂര്യയുടെ നിയമനം താൽക്കാലികമാണോ സ്ഥിരമാണോ എന്ന് വ്യക്തമല്ല.
ഇരുപത്തേഴിനാണ് ആദ്യ ട്വന്റി20. പുതിയ പരിശീലകൻ ഗൗതം ഗംഭീറിനുകീഴിൽ അരങ്ങേറ്റമാണ് ഇന്ത്യക്ക്. ലങ്കൻ പര്യടനത്തിൽ ട്വന്റി20യെ കൂടാതെ മൂന്ന് മത്സര ഏകദിനവുമുണ്ട്. രോഹിത്, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ച ഒഴിവിൽ പുതിയ താരങ്ങളെ തേടുകയാണ് ഇന്ത്യ. സിംബാബ്‌വെക്കെതിരെ നടന്ന അഞ്ച് മത്സര പരമ്പരയിൽ യുവനിരയെയായിരുന്നു പരീക്ഷിച്ചത്. മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ ടീമിലുണ്ടാകും. ശ്രേയസ് അയ്യർ മടങ്ങിവന്നേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..